ഷാര്‍ജയിലെ തടവുകാരുടെ മോചനം പ്രധാന പ്രചാരണായുധം

#

മലപ്പുറം (30-09-17): ഷാര്‍ജയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ പിണറായി വിജയന്റെ ഇടപെടലിനെത്തുടര്‍ന്ന് മോചിപ്പിച്ചത് വേങ്ങരയില്‍ മുഖ്യപ്രചാരണായുധമാക്കി ഇടതു മുന്നണി. ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടത് സജീവ ചര്‍ച്ചയാക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. പ്രവാസികള്‍ ഏറെയുള്ള വേങ്ങരയില്‍ ഈ വിഷയം പ്രചാരണായുധമാക്കുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

ഷാര്‍ജ ഭരണാധികാരി കഴിഞ്ഞദിവസം കേരള ത്തിലെത്തിയപ്പോഴായിരുന്നു പിണറായി വിജയന്‍ ഷാര്‍ജയില്‍ മൂന്നുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ വിട്ടയക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കുകയും ചെയ്തു.ഈ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് ഇടതു മുന്നണിയുടെ ശ്രമം.

എന്നാല്‍ ഇടതുപക്ഷം വേങ്ങരയില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. സത്യവിരുദ്ധമായ കാര്യങ്ങളാണ് ഇടതു മുന്നണി പ്രചരിപ്പിക്കുന്നതെന്നും ഇത് ജനങ്ങള്‍ മനസിലാക്കുമെന്നുമാണ് യുഡിഎഫ് വാദം.