അറബിക്കല്യാണവും മനുഷ്യാവകാശവും

#

(30-09-17) : ഇന്ത്യന്‍ സമൂഹത്തില്‍ സാമൂഹ്യവിപത്തായി ഏറെക്കാലം നിലനിന്നിരുന്ന  അറബിക്കല്യാണം വീണ്ടും വളരെ ശക്തിയായി നടത്തപ്പെടുന്നു എന്നുളള വാര്‍ത്ത അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഖാസിമാരും ഇടനിലക്കാരായ സാമൂഹ്യവിരുദ്ധരും തമ്മിലുളള കൂട്ടുകെട്ടിന്റെ ഉത്തമോദാഹരണമാണ് ഇക്കഴിഞ്ഞ നാളുകളില്‍ ഹൈദരാബാദില്‍ നടന്ന അറബിക്കല്ല്യാണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പ്രത്യേകിച്ചും കോഴിക്കോട് തീര പ്രദേശങ്ങളില്‍ വ്യാപാരാവശ്യങ്ങള്‍ക്ക് ഉരുക്കളില്‍ വരുന്ന അറബികള്‍ പ്രായപൂര്‍ത്തിയാകാത്ത പാവപ്പെട്ട പെണ്‍കുട്ടികളെ  ഇടനിലക്കാര്‍ വഴി വിവാഹം നടത്തുകയും അറബികള്‍ തിരിച്ചുപോകുന്ന  നിശ്ചിതകാലമായ രണ്ടോ മൂന്നോ മാസം കൊണ്ട് ആ ദാമ്പത്യജീവിതം അവസാനിക്കുകയും ചെയ്യും. ഇങ്ങനെ തെരുവിലെറിയപ്പെടുന്ന പെണ്‍കുട്ടികളും അറബികള്‍ സമ്മാനിക്കുന്ന അനാഥക്കുഞ്ഞുങ്ങളും തെരുവിലലയാൻ വിധിക്കപ്പെട്ടവരായി .നിരന്തരമായ സാമൂഹ്യ ഇടപെടലുകളും പോരാട്ടങ്ങളും വഴി കേരളത്തില്‍ ഒരു സാമൂഹ്യ തിന്മയായ അറബിക്കല്യാണത്തെ ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ പരിപാലനത്തിനെന്ന പേരില്‍ കേരളത്തിലെത്തുന്ന  അറബികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന ദല്ലാളന്മാര്‍ രഹസ്യമായി വിവാഹം നടത്തിച്ചു കൊടുക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹബന്ധത്തിലേര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്ന് വാദിക്കുന്നവരുമുണ്ട്. വിദേശികള്‍ ഇന്ത്യയില്‍ വന്നു വിവാഹം നടുത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഒട്ടും പാലിക്കപ്പെടാതെ പെണ്‍കുട്ടികളെ കൈമാറുന്ന പ്രക്രിയയാണ് നടക്കുന്നതെന്ന തെളിവുകളാണ് ഇക്കഴിഞ്ഞ നാളുകളില്‍ ഹൈദരാബാദില്‍ നടന്ന അറബിക്കല്ല്യാണം നമുക്ക് കാട്ടിത്തരുന്നത്. നാലഞ്ചു വര്‍ഷത്തിനു മുമ്പ് കോഴിക്കോട് മുഖദാറിലെ ഒരു പെണ്‍കുട്ടിയെ വിവാഹം നടത്തി അനാഥയാക്കിയശേഷം വീണ്ടും കോഴിക്കോട് വന്നു വിവാഹം നടത്താന്‍ ശ്രമിച്ച പ്രായമായ ഒരു അറബിയേയും കോഴിക്കോട് തന്നെ പന്നിയങ്കരയിലുളള ഒരു പെണ്‍കുട്ടിയെ വിവാഹം നടത്തി പീഡിപ്പിച്ച ഒരു അറബിയെയും "നിസ" എന്ന സംഘടന ഇടപെട്ടു അറസ്റ്റ് ചെയ്യിച്ചപ്പോള്‍ ചില രാഷ്ട്രീയപാര്‍ട്ടി നേതൃത്വത്തിലിരിക്കുന്നവര്‍ ഇടപെട്ടുകൊണ്ട്  അവരെ മോചിപ്പിക്കുകയുണ്ടായി. നമ്മുടെ നാട്ടുകാരായ നിരവധിപേര്‍ വിദേശത്ത് തൊഴില്‍ ചെയ്യുന്നുണ്ട് എന്നാണ് വാദം. നമ്മുടെ നാട്ടുകാര്‍ തൊഴില്‍ ചെയ്ത് ആ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികളെ ബലി കൊടുക്കേണ്ടതുണ്ടോ? ഹൈദരാബാദിലെ പ്രശ്നത്തില്‍ സ്വന്തം ഭര്‍ത്താവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയെ വലിയ തുകയ്ക്ക് വിറ്റു എന്നും വാര്‍ത്ത. അടിമക്കച്ചവടം നിരോധിച്ച ഇന്ത്യയില്‍ തന്നെയാണോ ഇത് നടക്കുന്നതെന്ന് ഭീതിയോടുകൂടിയെ കാണാനാവൂ. ഇത് തികച്ചും മനുഷ്യാവകാശലംഘനമാണ്. ബഹുഭാര്യാത്ത്വം നിലനില്‍ക്കുന്നിടത്തോളം ഇത്തരം അനധികൃത വിവാഹങ്ങള്‍ നടക്കുകതന്നെ ചെയ്യും.

ഇസ്ലാമിക മതാചാരപ്രകാരം വിവാഹകാര്‍മ്മികത്വം വഹിക്കുന്ന ഖാസിമാരും ഇടനിലക്കാരായ സാമൂഹ്യ വിരുദ്ധരും തമ്മിലുളള കൂട്ടുകെട്ടിന്റെ നഗ്‌നമായ യാഥാര്‍ത്ഥ്യമാണ് വെളിച്ചത്തു വന്നത്. എത്രകാലമായി ഇത് നടക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. മുത്തലാഖ് വിവാദവുമായി ബന്ധപ്പെട്ടു കൊണ്ട് പേഴ്സണല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്, വിവാഹസമയത്ത് സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുളള അധികാരം നല്‍കാന്‍ ഖാസിമാരെ ചുമതലപ്പെടുത്താം എന്നാണ്. ഖാസിമാരുടെ തനിനിറം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികളുടെ ഗതി അധോഗതിയാകും എന്നതിന് യാതൊരു സംശയവുമില്ല.

വിസിറ്റിംഗ് വിസയ്ക്ക് തൊഴില്‍ തേടിപ്പോകുന്നവരെ പെണ്‍വാണിഭ സംഘത്തിന് കൈമാറുന്ന  വാര്‍ത്തയും കാണാനിടയായി. വിശാലമായ ഒരു ഭരണഘടനയുള്ള ഇന്ത്യ പോലെ ഒരു സ്വതന്ത്ര രാജ്യത്ത് ഇത്തരം നീചമായ സംഭവങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല .എന്തിനും പ്രതികരിക്കുന്ന നമ്മള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടവരായി നിസ്സഹായതയോടെ ഒതുങ്ങുകയാണ്. ഹൈദരാബാദില്‍ അറസ്റ്റ്ചെയ്യപ്പെട്ടവരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടല്‍ കൊണ്ട് എളുപ്പത്തില്‍ മോചിതരാക്കും . എന്നാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നമായി അറബികള്‍ക്കും മറ്റു വിദേശികള്‍ക്കും കൈമാറപ്പെട്ടുകൊണ്ടേയിരിക്കും അതുണ്ടാവരുതെങ്കില്‍ കേന്ദ്ര ഭരണാധികാരികളും, മനുഷ്യാവകാശ കമ്മീഷനും, ദേശീയ വനിതാകമ്മീഷനും ഇത്തരം വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും, നിയമ നിര്‍മ്മാണത്തിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ജനങ്ങളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുകായും വേണം.