ഖത്തറില്‍ ജയിലില്‍ കഴിയുന്നത് 206 ഇന്ത്യക്കാര്‍ ; 81 പേര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍

#

ദോഹ (30-09-17) : 206 ഇന്ത്യക്കാര്‍ ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി. ഇവരെ കൂടാതെ 81 പേര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളതായും  എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം മാത്രം 64 ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും 19 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയതായും എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഖത്തറില്‍ ജോലിക്കായി എത്തിയവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി എംബസി നടത്തിയ 9 ഓപണ്‍ ഹൗസുകളിലായി 47 പരാതികളാണ് ഉള്ളത്. ഇതില്‍ 14 പരാതി ഒഴികെയുള്ളവ ഇതിനകം പരിഹരിച്ചു കഴിഞ്ഞു. പരിഹരിക്കാന്‍ ബാക്കിയുള്ള 14 പരാതിയിലും ഉചിതമായ നടപടി സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന്  എംബസി വൃത്തങ്ങള്‍ അറിയിച്ചു. മാസം തോറും ദോഹയിലാണ് തൊഴില്‍ പ്രശ്‌ന പരിഹാരത്തിനായി എംബസി നേരിട്ട് ഓപണ്‍ ഹൗസുകള്‍ നടത്തുന്നത്.

ഡിപ്പോര്‍ട്ടേഷന്‍ സെന്ററും സെന്റര്‍ ജയിലും ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തടവറയിലുള്ള സ്ഥലങ്ങളില്‍ അവരുടെ ക്ഷേമം അന്വേഷിച്ചിരുന്നതായും എംബസി വ്യക്തമാക്കി. ജയിലില്‍ 206ഉം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ 81ഉം ഇന്ത്യക്കാരാണ് നിലവിലുള്ളത്. സെപ്റ്റംബറില്‍ 64 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും 19 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തു. എംബസിയില്‍ നടന്ന സെപ്റ്റബര്‍ മാസത്തെ ഓപണ്‍ ഹൗസില്‍ അംബാസഡര്‍ പി. കുമരന്‍, ലേബര്‍ ആന്‍ഡ് കമ്യൂണിറ്റി വെല്‍ഫെയര്‍ തേര്ഡ് സെക്രട്ടറി ഡോ.എം. അലീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു.