മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു; 467 പേര്‍ ആശുപത്രിയില്‍

#

മുംബൈ (04-10-17) : മഹാരാഷ്ട്ര യവത്മല്‍ ജില്ലയില്‍ മാരകമായ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. 467 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് കാഴ്ചശക്തി നശിച്ചതായിട്ടും സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പരുത്തിച്ചെടിക്ക് അടിക്കുന്ന മാരക കീടനാശിനിയില്‍ നിന്നുണ്ടായ വിഷവായു ശ്വസിച്ചാണ് കര്‍ഷകര്‍ മരിച്ചത്.

വന്‍തോതിലുള്ള കൃഷി നാശവും ഗണ്യമായ വിലയിടിവും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമായ മാറിയ പ്രദേശങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ യവത്മല്‍. പെട്ടന്നുള്ള കാലവസ്ഥ മാറ്റവും കൃഷിക്ക് പ്രതീകൂലമായ മറ്റു ഘടകങ്ങളും കാരണം  യവത്മലിലെ പരുത്തികൃഷി വന്‍ നഷ്ടത്തിലായിരുന്നു ഇക്കുറി. കീടനാശിനി പ്രയോഗിക്കുന്ന സമയത്ത് എടുക്കേണ്ട മുന്‍കരുതലൊന്നും തന്നെ കര്‍ഷകര്‍ സ്വീകരിച്ചിരുന്നില്ല. ദരിദ്ര കര്‍ഷക കൂടുബങ്ങള്‍ താമസിക്കുന്ന യവത്മലില്‍ ഇത്തരം മുന്‍കരുതല്‍ രീതിയേക്കുറിച്ചൊന്നും സര്‍ക്കാര്‍ അനുബന്ധ ഏജന്‍സികള്‍ വിവരങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നില്ല.

മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധന സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ തുക കുറവാണെന്നും 10 ലക്ഷം രൂപയെങ്കിലും നല്‍കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. കര്‍ഷകരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.