ട്രെയിനിലെ അപകടം വിദ്യാർത്ഥികൾക്ക് തുണയായത് പിങ്ക് പോലീസ്

#

തിരുവനന്തപുരം (04-10-17) : കാലുകൾ ട്രെയിനിനും പ്ലാറ്റഫോമിനും ഇടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികൾക്ക് തുണയായത് പിങ്ക് പോലീസിന്റെ ഇടപെടൽ. പരശുറാം എക്സ്പ്രസിലെ യാത്രക്കാരായ വിദ്യാർത്ഥികൾക്കാണ് പിങ്ക് പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.

മംഗലാപുരത്തുനിന്ന്  നാഗർകോവിലിലേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസ്സ് ഇന്നലെ വൈകിട്ട് ഏഴോടെ കണിയാപുരം റയിൽവേസ്റ്റെഷൻ കടന്നപ്പോഴായിരുന്നു അപകടം. തിരുവല്ല സ്വദേശി എം.സ്കറിയ സക്കറിയ, ചെങ്ങനാശ്ശേരി സ്വദേശി ജോബിൻ ജോർജ് എന്നിവരുടെ കാലാണ്  പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് തകർന്നത്. ട്രെയിനിൽ തിരക്കായതിനാൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥികൾ. കണിയാപുരം സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് കാലുകൾ തകർന്ന് ചോരയൊലിപ്പിക്കുന്ന വിദ്യാർത്ഥികളെ മറ്റ് യാത്രക്കാർ കാണുന്നത്. ഉടൻതന്നെ ട്രെയിനിന്റെ അപായ ചങ്ങല വലിച്ചെങ്കിലും കഴക്കൂട്ടം എത്തുന്നതിനുമുമ്പ് ട്രെയിൻ നിന്നു. ഈ ഭാഗത്ത് കാടായതിനാൽ ഇവരെ പുറത്തിറക്കുന്നതിനോ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനോ കഴിയാതെ വന്നതോടെ ട്രെയിൻ വീണ്ടും കഴക്കൂട്ടത്ത് എത്തിച്ച ഇരുവരെയും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ട്രെയിൻ കഴക്കൂട്ടത്ത് എത്തുമ്പോഴേക്കും ആംബുലൻസ് തയ്യാറാക്കി നിർത്തുന്നതിന് റെയിൽവേ പോലീസ് 108 ആംബുലൻസിന്റെ ഉൾപ്പെടെയുള്ള സഹായം തേടിയെങ്കിലും ഒന്നുപോലും ലഭ്യമായില്ല. കഴക്കൂട്ടം സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് ലഭിക്കാതെ വന്നതോടെ മറ്റു വാഹനങ്ങൾക്കായി അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. ഈ സമയം പതിവ് പെട്രോളിങ്ങിനായി  പിങ്ക് പോലീസ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അപകടത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസുകാർ  അവരുടെ വാഹനത്തിൽ വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. കഴക്കൂട്ടം ഭാഗത്തെ ചുമതലയുള്ള പിങ്ക് പെട്രോൾ 3 സംഘത്തിലെ എ.എസ്.ഐ പ്രേമ, പോലീസുകാരായ ശുഭ.പി.ശശി, രജനി, ഷബ്ന എന്നിവരാണ് സമയോചിതമായ ഇടപെടലിലൂടെ വിദ്യാർത്ഥികൾക്ക് രക്ഷകരായത്.