ബിജെപി ജനരക്ഷാ യാത്ര ഇന്ന് പിണറായിയിൽ ; അമിത് ഷാ വരില്ല

#

കണ്ണൂർ (05-10-17) : ലെഫ്റ്റ് ക്ലിക് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നതുപോലെ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ കണ്ണൂരിലെ പര്യടനത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കില്ല. ജാഥയിലെ പങ്കാളിത്തത്തിലുള്ള കുറവിലും സംഘാടനത്തിലെ പോരായ്മകളിലും സംസ്ഥാന നേതൃത്വത്തിൽ നിലനിൽക്കുന്ന ചേരിപ്പോരുകളിലും തീർത്തും അതൃപ്തനാണ് അമിത്ഷാ. അമിത് ഷാ ഇന്ന് യാത്രയിൽ അണിചേരുമെന്നാണ് പദയാത്ര തുടങ്ങുന്നതിനു തൊട്ടുമുൻപ് വരെ ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. അവസാന നിമിഷം അദ്ദേഹം എത്തിച്ചേരില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം തന്നെ വ്യക്തമാക്കുകയായിരുന്നു. ഡൽഹിയിൽ അടിയന്തിരമായി പങ്കെടുക്കേണ്ട യോഗങ്ങൾ ഉള്ളതിനാൽ എത്താനാവില്ലെന്നാണ് വിശദീകരണം. വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന പൊതു യോഗത്തിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കില്ല.

ബിജെപിയുടെ ജനരക്ഷാ യാത്ര നനഞ്ഞ പടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചിരുന്നു. യാത്രയുടെ ഉദ്‌ഘാടന ദിവസം യാത്രയിൽ പങ്കെടുത്ത ദേശീയ അധ്യക്ഷൻ ഡൽഹിക്ക് മടങ്ങിയതിനു പിന്നാലെ ആയിരുന്നു ഇത്. പിണറായി ഉൾപ്പെടെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൂടെ നടക്കുന്ന പദയാത്രയിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കുമെന്നതിന് ബിജെപി വലിയ പ്രചരണമാണ് നൽകിയിരുന്നത്. എന്നാൽ പദയാത്രയിലുടനീളം പ്രതിഫലിച്ച ബിജെപി സംസ്ഥാന ഘടകത്തിന്റെ അനൈക്യം തന്നെയാണ് ദേശീയ അധ്യക്ഷന്റെ മടക്കത്തിന് പിന്നിലെന്നാണ് സൂചന. ദേശീയ അദ്ധ്യക്ഷന്റെ സാന്നിധ്യത്തിൽപോലും പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

യാത്രയില്‍ അതൃപ്തി ; അമിത്ഷാ മടങ്ങി ; ആദിത്യനാഥ് കേരളത്തില്‍