രൂപ്കന്‍വറിനും ഹാദിയയ്ക്കുമിടയില്‍

#

(05-10-17) : അഖിലയെന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുമുളള സംവാദ-വിവാദങ്ങളുടെ പൊരുള്‍ മനസ്സിലാകണമെങ്കില്‍ 1987 സെപ്തംബര്‍ 4 ന് രാജസ്ഥാനിലെ "ദിയോരല"യില്‍ സതി അനുഷ്ഠിച്ച് "സതീദേവി"യാവുകയും പിന്നിട് "സതീസ്ഥലി"ലെ പൂജാവിഗ്രഹമാവുകയും ചെയ്ത 17 വയസ്സുകാരിയായ രൂപ്കന്‍വറിനെ കുറിച്ച്  ഇന്ത്യയിലെ പോസ്റ്റ്-മോഡേണ്‍, പോസ്റ്റ്-കൊളോണിയല്‍ സൈദ്ധാന്തികനായ ആശിഷ് നന്ദി എഴുതിയ "Sati in the Age of Kali" എന്ന ലേഖനം വായിക്കേണ്ടതാണ്. രൂപ്കന്‍വറിനും അഖിലയെന്ന ഹാദിയയ്ക്കും തമ്മിലും ഇവരെ മുന്‍നിര്‍ത്തി നടന്നതും നടക്കുന്നതുമായ വ്യവഹാരങ്ങള്‍ക്കും പോര്‍വിളികള്‍ക്കും തമ്മിലും സമാനതകളേറെയുണ്ട്.

ഈ വ്യക്തികളുടെ "ഏജന്‍സി" അഥവാ "സ്വതന്ത്രകര്‍തൃത്വം" ലംഘിക്കപ്പെടുന്നു എന്നതാണ് രണ്ടുപേരുടെയും കാര്യത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വിമര്‍ശനം. സ്വന്തം ഭാഗധേയം-അത് മതമാകാം, വിവാഹമാകാം, ഐഎസ് ആകാം, പര്‍ദ്ദയാകാം, ഭര്‍ത്താവിന്റെ ചിതയില്‍ സ്വയം വെന്തെരിയുന്നതാകാം- തീരുമാനിക്കാനുളള "സ്വതന്ത്രപരമാധികാരവ്യക്തി"യുടെ അവകാശത്തിനുമേല്‍ ഭരണകൂടവും കോടതിയും സമൂഹവും നടത്തുന്ന കയ്യേറ്റത്തെയാണ് "സതീദേവിയുടെയും ഫ്രീഹാദിയ" പ്രസ്ഥാനത്തിന്റെയും വക്താക്കള്‍ എതിര്‍ക്കുന്നത്. പാരമ്പര്യാര്‍ജിത മതമുപേക്ഷിച്ച് മറ്റൊരു മതം "സ്വമേധയാ" സ്വീകരിച്ച അഖിലയെന്ന ഹാദിയയുടെ തീരുമാനം വ്യക്തിയുടെ "പരമാധികാര"ത്തിന്റെയും "സ്വയം നിര്‍ണായകാവകാശ"ത്തിന്റെയും പ്രകാശനമാണെന്നും അതിനാല്‍, അതിലിടപെടാന്‍ കോടതിക്കോ ഭരണകൂടത്തിനോ അധികാരമില്ലെന്നുമാണ് "ഫ്രീഹാദിയാ" പ്രസ്ഥാനത്തിന്റെ വാദം.

ഈ വാദത്തിന്റെ യുക്തിപരമായ സാംഗത്യത്തിലേക്കു കടക്കുംമുമ്പ്, ആശിഷ് നന്ദിയുടെ സതി ലേഖനമൊന്ന് പരിശോധിക്കാം. നൂറ്റാണ്ടുകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ "പരമപവിത്ര"മാക്കപ്പെട്ട സതിയെന്ന വിശ്വാസത്തെയും അനുഷ്ഠാനത്തെയും "കുറ്റകൃത്യ"മായി നിര്‍വചിച്ച ആധുനിക മതേതര നിയമവ്യവസ്ഥയാണ്, നന്ദിയുടെ അഭിപ്രായത്തില്‍, യഥാര്‍ത്ഥ കുറ്റവാളി. ഇന്ത്യയിലെ ക്ഷത്രിയര്‍ക്കിടയില്‍ നിലനിന്നു വരുന്ന ഒരു വിശുദ്ധാനുഷ്ഠാനമാണ് സതിയെന്നും, അതിനെ വിലയിരുത്തേണ്ടത് ഇന്ത്യയുടെ, പ്രത്യേകിച്ചും, ഹിന്ദു സംസ്‌കാരത്തിന്റെ മൂല്യ-മാനദണ്ഡങ്ങളിലൂടെയായിരിക്കണമെന്നുമാണ് നന്ദിയുടെ വാദം. യുദ്ധം പ്രൊഫഷനായി സ്വീകരിച്ചിട്ടുള്ള ഒരു വര്‍ണ-ജാതിയുടെ പരമപ്രധാനമായ മൂല്യം "അഭിമാന"മാണ്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ക്ഷത്രിയ ഭര്‍ത്താവിന്റെ അഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത ഭാര്യയ്ക്കുണ്ട്. ഭര്‍ത്താവിനെ വധിച്ച ഗോത്രത്തിന്റെയോ രാജ്യത്തിന്റെയോ പിടിയിലായാല്‍, തകരുന്നത് ഭര്‍ത്താവിന്റെ അഭിമാനമാണ്. അതിനാല്‍, അങ്ങനെ സംഭവിക്കുന്നതിനു മുമ്പ് ഭര്‍ത്താവിന്റെ കത്തുന്ന ചിതയില്‍ ചാടി, ഭര്‍ത്തൃശരീരത്തിനൊപ്പം കത്തിയൊടുങ്ങണമെന്ന "ഹിന്ദുധര്‍മം" ക്രമേണ ഒരു വിശുദ്ധാനുഷ്ഠാനമാവുകയും സാമൂഹ്യമായി സാധൂകരിക്കപ്പെടുകയുമാണുണ്ടായത്. സതിയനുഷ്ഠിക്കാന്‍ ഭയക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്ന വിധവകള്‍, സാമൂഹ്യമായ അവമതിപ്പിനും ഒറ്റപ്പെടുത്തലിനും വിധേയമാവുകയും ചെയ്തു. മധ്യകാലമാവുമ്പോഴേക്കും സ്ത്രീകള്‍ ഈ വിശ്വാസം ആന്തരികവല്‍കരിക്കുകയും ബലപ്രയോഗമോ ബാഹ്യപ്രേരണയോ ഇല്ലാതെ തന്നെ, സതീദേവീമാരാകന്‍ മാനസികമായി സന്നദ്ധരാവുകയും ചെയ്തിരുന്നു.

1829 -ല്‍ വില്യം ബെന്റിക് എന്ന കോളോണിയല്‍ ഭരണാധികാരിയാണ്, ഇന്ത്യാചരിത്രത്തിലാദ്യമായി നിയമം മൂലം സതി നിരോധിച്ചത്. തടുര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളില്‍ നിന്നു വ്യക്തമായ ഒരു കാര്യമുണ്ട്. ബ്രിട്ടീഷ് പൂര്‍വ ഇന്ത്യയിലെ സതി, സ്വമേധയായുള്ളതായിരുന്നു. ക്ഷത്രിയ വിധവകളുടെ കര്‍തൃത്വത്തിന്റെ പരമാധികാരത്തില്‍ നിന്നുണ്ടായ സ്വതന്ത്ര തീരുമാനവും തിരഞ്ഞെടുപ്പുമായിരുന്നു, ബ്രിട്ടീഷ് പൂര്‍വ ഇന്ത്യയിലെ സതികള്‍. ഒരു സ്ത്രീയുടെ സ്വതന്ത്രകര്‍തൃത്വം നടത്തുന്ന തീരുമാനം, എന്തുകൊണ്ട് നിരോധിക്കേണ്ട കുറ്റകൃത്യമാകുന്നു എന്നതാണ് ആശിഷ് നന്ദി ഉയര്‍ത്തിയ ചോദ്യം. ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ച യൂറോപ്യന്‍-വൈദേശിക മൂല്യ-മാനദണ്ഡങ്ങളുടെയടിസ്ഥാനത്തില്‍ വിലയിരുത്തിയതുകൊണ്ടാണ് സതി കുറ്റകൃത്യമായത്! ഒരു സംസ്‌കാരത്തയും ജീവിതരീതിയെയും വിലയിരുത്തേണ്ടത് പ്രസ്തുത സംസ്‌കാര-ജീവിത രീതികളുടെ ആഭ്യന്തര മാനദണ്ഡത്തിലൂടെ മാത്രമായിരിക്കണം. ഹിന്ദുസംസ്‌കാരത്തിന്റെ, പ്രത്യേകിച്ചും, ക്ഷത്രിയരുടെ "Warrior ethos"ന്റെ അളവുകോലിനു പകരം, യൂറോപ്യന്‍ പ്രബുദ്ധതയുടെ "വസ്തുനിഷ്ഠവും സാര്‍വലൗകിക"വുമായ അളവുകോലുപയോഗിച്ചു എന്നതാണ് ബ്രിട്ടീഷുകാര്‍ക്കു സംഭവിച്ച ഗുരുതരമായ വീഴ്ച. "Objectivity", "Universality" എന്നീ മാനദണ്ഡങ്ങളിലൂടെ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും വിലയിരുത്തുന്ന പ്രവണതയെ, "ജ്ഞാന ശാസ്ത്ര സാമ്രാജ്യത്വം", "വസ്തുനിഷ്ഠതയുടെ സോച്ഛാധിപത്യം", "യുക്തിയുടെ ഭീകരത" (Terror of Reason), "ശാസ്ത്രത്തിന് വിശേഷപദവി നല്‍കല്‍" (Privileging Science) എന്നൊക്കെയാണ് ഉത്തരാധുനിക-ഉത്തരകൊളോണിയല്‍-കീഴാള ചരിത്രസിദ്ധാന്തവാദികള്‍ ചിത്രീകരിച്ചിട്ടുള്ളത്.

"വസ്തുനിഷ്ഠത" എന്ന സങ്കല്പം തന്നെ കൊളോണിയലിസത്തിന്റെ ലെജിറ്റിമസിക്കു വേണ്ടി നിര്‍മിച്ച ഒരു "ജ്ഞാനശാസ്ത്രട്രോപ്പ്" ആണത്രേ! "ഭൂമി ഉരുണ്ടതാണ്", "ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു" എന്നീ പ്രസ്താവനകള്‍ക്കു "സത്യപ്രതീതി"(truth effect) നല്‍കുന്നത്, ഈ പ്രസ്താവനകളെ സാധ്യമാക്കുന്ന "അധികാരബന്ധങ്ങ"ളാണ്. 15-16 നൂറ്റാണ്ടുകളില്‍ രൂപം കൊണ്ട മുതലാളിത്ത അധികാരബന്ധങ്ങളാണ്, "ഭൂമി ഉരുണ്ടതാണ്" എന്ന പ്രസ്താവനയെ ഒരു "സത്യപ്രസ്താവന"യാക്കുന്നത്. ഈ വാദമനുസരിച്ച്. ഉത്തരാധുനിക അധികാര ബന്ധങ്ങള്‍ക്കു പ്രാമുഖ്യമുള്ള ഒരു സമൂഹസന്ദര്‍ഭത്തില്‍ "ഭൂമി പരന്നതാണ്" എന്ന പ്രസ്താവനയ്ക്കും "സത്യപ്രതീതി" ലഭിക്കും! ഉത്തരാധുനിക-ഉത്തരകോളോണിയല്‍ സിദ്ധാന്തമനുസരിച്ച്. അധികാരമുള്ളവര്‍ക്ക് ഇഷ്ടം പോലെ ഉരുട്ടിയെടുക്കാവുന്നതും അടിച്ചുപരത്താവുന്നതും വലിച്ചുനീട്ടാവുന്നതുമായ ഒന്നാണ് ഭൂമി! നിയതമായ ഒരാകൃതിയുമില്ലാത്ത ഭൂമിയെ, ത്രികോണവാദികള്‍ക്ക് ത്രികോണമായും വൃത്തവാദികള്‍ക്ക് വൃത്തമായും ദീര്‍ഘചതുരവാദികള്‍ക്ക് ദീര്‍ഘചതുരമായും ഷഡ്ഭുജവാദികള്‍ക്ക് ഷഡ്ഭുജമായും മാറ്റാവുന്നതേയുള്ളൂ!

യൂറോപ്യനിതര സംസ്‌കാരങ്ങള്‍ ഭൂമിയെക്കുറിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന ധാരണകളെ അസാധുവാക്കുന്നതിനും അപരിഷ്‌കൃതമായി ചിത്രീകരിക്കുന്നതിനും വേണ്ടി നിര്‍മിതമായ യൂറോ കേന്ദ്രിത-കൊളോണിയല്‍ തന്ത്രമാണ് "ഭൂമി ഉരുണ്ടതാണ്" എന്ന പ്രസ്താവന! ഓരോ സംസ്‌കാരത്തിനും അതിന്റേതായ പ്രപഞ്ചസിദ്ധാന്തവും ശരിതെറ്റുകളും നന്മ-തിന്മകളുമുണ്ട്. യൂറോപ്പിന്റെ പ്രപഞ്ച സിദ്ധാന്തത്തെ അവര്‍ "സയന്‍സ്" എന്ന് വിളിക്കുമെങ്കില്‍, ഇന്ത്യാക്കാര്‍ അതിനെ  "മിത്ത്" അഥവാ "പുരാണം" എന്ന് വിളിക്കും. യൂറോപ്പിൽ സയന്‍സ് സത്യമാകുമ്പോള്‍, ഇന്ത്യയില്‍ പുരാണമാണ് സത്യം. പുരാണത്തിനു മേല്‍ സയന്‍സിനെ പ്രിവിലേജ് ചെയ്യുന്ന പ്രവണത, യൂറോപ്പിന്റെ അധീശത്വത്തെയാണ് പ്രകാശിപ്പിക്കുന്നത്. ഗലീലിയോയെ വിചാരണ ചെയ്ത മതനിന്ദാ കോടതിയിലെ "ന്യായാധിപനാ"യിരുന്ന കര്‍ദ്ദിനാള്‍ ബെല്ലാര്‍ മൈനിനെയാണ് ഇത്തരം വാദങ്ങള്‍ ഓര്‍മയില്‍ കൊണ്ടുവരുന്നത്. കോപ്പര്‍നിക്കന്‍ സിദ്ധാന്തം സത്യമാണോയെന്ന് സംശയമുണ്ടെങ്കില്‍, ഒരു ദൂരദര്‍ശിനി നീട്ടി ഇതിലൂടെ നോക്കൂ എന്ന പറഞ്ഞ ഗലീലിയോവിനോട്, "ബൈബിള്‍ ഉള്ളപ്പോള്‍ മറ്റു തെളിവുകള്‍ എനിക്കാവശ്യമില്ലെ"ന്നായിരുന്നു ബെല്ലാര്‍മൈന്റെ മറുപടി. ബെല്ലാര്‍മൈന്റെ വംശം കുറ്റിയറ്റു പോകുന്നതിനു പകരം പല നാമങ്ങളില്‍, പല വേഷങ്ങളില്‍ പുനര്‍ജനിച്ചു കൊണ്ടേയിരുന്നു. കാല്പനികതാവാദം, ഘടനാവാദം, പോസ്റ്റ്-മോഡണിസം, പോസ്റ്റ്-കൊളോണിയല്‍ സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, സബാള്‍ട്ടേണ്‍ സ്റ്റഡീസ്, റിലേറ്റിവിസം, മള്‍ട്ടികള്‍ച്ചറലിസം, എത്‌നോസയന്‍സ്, നാട്ടറിവ്, ലോക്കല്‍നോളഡ്ജ് തുടങ്ങിയവയെല്ലാം ബെല്ലാര്‍ മൈന്റെ വംശപരമ്പരകളാണ്. ബെല്ലാര്‍ മൈന്‍ കേരളത്തിലുമത്തിയിരിക്കുന്നു, "ഫ്രീ ഹാദിയ" പ്രസ്ഥാനത്തിന്റെ വേഷത്തില്‍ !

യുക്തിക്കും വസ്തുനിഷ്ഠതയ്ക്കും മതേതരത്വത്തിനുമെതിരേ പോസ്റ്റ്-കൊളോണിയല്‍ സൈദ്ധാന്തികര്‍ ആരംഭിച്ച കുരിശുയുദ്ധമാണ്, ഹിന്ദുത്വഫാസിസത്തിന് മുന്‍കൂറായി താത്വിക സാധൂകരണം നല്‍കിയത്. സ്വതന്ത്ര ഇന്ത്യയിലവശേഷിക്കുന്ന കോളോണിയല്‍ അടയാളങ്ങളെ -മതേതരത്വം, ഭരണഘടന-ഡീ-കോളണൈസേഷനിലൂടെ ഉച്ചാടനം ചെയ്ത് ഇന്ത്യയുടെ തനത് ദേശീയ സ്വത്വം വീണ്ടെടുക്കണമെന്നാണ് പോസ്റ്റ്-കൊളോണിയല്‍ ചിന്തകരുടെ വാദം. മുമ്പേ ആരംഭിച്ച ഈ പോസ്റ്റ് കൊളോണിയല്‍ പദ്ധതിയുടെ രാഷ്ട്രീയപ്രകാശനമാണ് ഹിന്ദുത്വഫാസിസം. യുക്തിക്കും മതേതരത്വത്തിനുമെതിരെ പോസ്റ്റ് കൊളോണിയലിസ്റ്റുകള്‍ ആരംഭിച്ച സൈദ്ധാന്തിക ഉന്‍മൂലനത്തെ യുക്തിയുടെയും മതേതരത്വത്തിന്റെയും വക്താക്കളുടെ ശാരീരിക ഉന്മൂലനമാക്കി ഹിന്ദുത്വ ഫാസിസ്റ്റുകള്‍ വികസിപ്പിച്ചിരിക്കുന്നു എന്ന വ്യത്യാസമേയുളളു.

അഖിലയെന്ന ഹാദിയയുടെ അന്യായമായ വീട്ടുതടങ്കലിനെതിരെയാണ് ഫ്രീ-ഹാദിയക്കാര്‍ സമരം ചെയ്യുന്നതെങ്കിലും അടിസ്ഥാന പ്രശ്‌നം മതംമാറ്റം തന്നെയാണ്. ഇഷ്ടമുളള മതം സ്വമേധയാ സ്വീകരിക്കാനുളള  സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്നതും അന്യാധീനപ്പെടുത്താനാവാത്തതുമായ മൗലീകാവകാശമാണെന്നും അത് ധ്വംസിക്കപ്പെടുമ്പോള്‍ വ്യക്തിയുടെ സ്വാതന്ത്ര്യവും ഏജന്‍സിയുമാണ് ഹനിക്കപ്പെടുന്നതെന്നുമാണ് ഫ്രീഹാദിയ പ്രസ്ഥാനത്തിന്റെ പരാതി.

ലോകത്തെ ഒരു മതവും മനുഷ്യവ്യക്തികളുടെ പരമാധികാരത്തെയോ ഏജന്‍സികളെയോ അംഗീകരിക്കുന്നില്ല. സ്വന്തം പരമാധികാരത്തെക്കുറിച്ചും സ്വ-നിർണ്ണയാവകാശത്തെക്കുറിച്ചും ആത്മബോധമുളള വ്യക്തികള്‍ക്ക് അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു മതം സ്വമേധയാ തിരഞ്ഞെടുക്കാന്‍ കഴിയില്ല. നിരുപാധികമായ കീഴടങ്ങല്‍ എന്ന് സ്വയം നിര്‍വചിക്കുന്ന ഒരു മതം സ്വീകരിച്ച അഖിലയെന്ന ഹാദിയ, തനിക്കതീതവും അജ്ഞാതവുമായ ഒരു ശക്തിക്ക് തന്റെ "ഏജന്‍സി"യും "പരമാധികാര"വും അടിയറ വെയ്ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അവശേഷിക്കുന്നത് അഖിലയെന്ന ഹാദിയയുടെ "ജൈവവ്യക്തിത്വം" മാത്രമാണ്. പരമാധികാരവും സ്വ-നിര്‍ണയാവകാശവുമുള്ള രാഷട്രീയ വ്യക്തിത്വവും ഏജന്‍സിയും അവര്‍ പണയപ്പടുത്തിക്കഴിഞ്ഞു. ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും സംസാരിക്കാന്‍ ഒരു "ജൈവവ്യക്തിയ്ക്ക്" എങ്ങനെയാണ് കഴിയുക?

18-നൂറ്റാണ്ടിലെ യൂറോപ്യന്‍ പ്രബുദ്ധതാപ്രസ്ഥാനം ആവിഷ്‌കരിച്ച ഒരാശയമാണ് "Sovereign and Self-determining Individua" എന്നത്. ഇങ്ങനെയുള്ള വ്യക്തിയുടെ അവകാശങ്ങള്‍ അലംഘനീയവും അന്യാധീനപ്പെടുത്താനാവത്തതുമാണെന്നും പ്രബുദ്ധതാപ്രസ്ഥാനം പ്രഖ്യാപിച്ചു. ഈ അവകാശങ്ങളെ "പ്രകൃതിദത്താവകാശങ്ങള്‍" (Natural Rights) എന്നു നിര്‍വചിച്ചത്, പ്രകൃതിയില്‍ അങ്ങനെ അവകാശങ്ങള്‍ ഉള്ളതുകൊണ്ടല്ല, മറിച്ച്, ഈ അവകാശങ്ങള്‍ ഒരധികാരശക്തിക്കും എടുത്തുമാറ്റാവുന്നതല്ല എന്നു സ്ഥാപിച്ചുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 18-ാം നൂറ്റാണ്ടിനു ശേഷം നിലവില്‍വന്ന ഭരണഘടനകളുടെയും നിയമവ്യവസ്ഥകളുടെയും ആധാരശില, "പരമാധികാരവും സ്വ-നിര്‍ണയാവകാശമുള്ള വ്യക്തി"യെന്ന സങ്കല്പമാണ്, ഈ വ്യക്തിയെ ഭരണഘടനകള്‍ "നിയമവ്യക്തി"യെന്നും പൗരന്‍/പൗരിയെന്നും നിര്‍വചിച്ചു. ആധുനിക ഭരണഘടനകള്‍ പൗരജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിര്‍വചിച്ചപ്പോള്‍, "മതസ്വാതന്ത്ര്യവും" ഉള്‍പ്പെടുത്തുകയാണുണ്ടായത്. ഇന്ത്യയുടേതടക്കം ആധുനിക ഭരണഘടനകളുടെ "മഹാവൈരുദ്ധ്യ"മാണിത്. പരമാധികാര-സ്വച്ഛന്ദ വ്യക്തികളുടെ രാഷ്ട്രീയ മാനിഫെസ്റ്റോ ആയ ഭരണഘടനകള്‍, വ്യക്തിയുടെ പരമാധികാര സ്വാച്ഛന്ദ്യത്തെ അംഗീകരിക്കാത്ത "മത"ത്തിന് സ്വാതന്ത്ര്യം നല്‍കുകയെന്നത് വലിയൊരു വൈപരീത്യമാണ്. "മതസ്വാതന്ത്ര്യ"ത്തെ "മൗലികാവകാശ"മായി നിര്‍വചിക്കുന്ന ഭരണഘടനകള്‍, ഫലത്തില്‍, പരമാധികാര-സ്വനിര്‍ണയാവകാശമുള്ള  വ്യക്തികള്‍ക്ക്, അങ്ങനെയല്ലാതായിത്തീരാനുള്ള "നിഷേധസ്വാതന്ത്ര്യ"മാണ് നല്‍കുന്നത്. ഏത് തത്വത്തിന്റെ അടിത്തറയിലാണോ ആധുനിക ഭരണഘടനകള്‍ നിലനില്‍ക്കുന്നത്, അതേ തത്വത്തിന്റെ റദ്ദാക്കലാണ് മത സ്വാതന്ത്ര്യം. പരമാധികാരവും സ്വ-നിര്‍ണയാവകാശവുമുള്ള വ്യക്തികളുടെയും അതേക്കുറിച്ചുള്ള തിരിച്ചറിവിന്റെയും അഭാവത്തില്‍ ആധുനിക-മതേതര ഭരണഘടനയന്ന താത്വിക-രാഷട്രീയ വ്യവസ്ഥയ്ക്ക് നിലനില്‍ക്കാനാവില്ല.

ഒരു പക്ഷേ, യൂറോപ്യന്‍ പ്രബുദ്ധതാ വ്യവഹാരത്തിന്റെ ആത്മബോധത്തിനു സംഭവിച്ച ഒരു വലിയ "മറവി"യായിരിക്കാം, ഭരണഘടനയെ തന്നെ ആന്തരികമായി അട്ടിമറിക്കാവുന്ന ഒരു തത്വത്തെക്കൂടി അതിലുള്‍പ്പെടുത്തിയെന്നത്. വ്യക്തികളുടെ പരാധികാരവും സ്വ-നിര്‍ണയാവകാശവും ഒരു ശക്തിയ്ക്കും പണയപ്പെടുത്താതെ ജീവിക്കുന്നതിനുതകുന്ന രാഷ്ട്രീയക്രമം രൂപപ്പെടുത്തുന്നതിനുവേണ്ടി ആവിഷ്‌ക്കരിക്കപ്പെട്ട ഒരു രേഖ, "പരമാധികാരവും സ്വ-നിര്‍ണയാവകാശ"വും പണയപ്പെടുത്താനുള്ള "സ്വാതന്ത്ര്യ"ത്തെ മൗലികാവകാശമായി അംഗീകരിക്കുന്നു എന്നത് ചരിത്രത്തിന്റെ ക്രൂരമായൊരു ഐറണിയാണ്.

ഇന്ത്യന്‍ ഭരണഘടന അന്തര്‍വഹിക്കുന്ന ഈ മഹാ വൈപരീത്യത്തെയാണ് "ഫ്രീ-ഹാദിയ"ക്കാര്‍ നിര്‍ലജ്ജം ദുരുപയോഗം ചെയ്യുന്നത്. പുതിയ മതവും ഹാദിയ എന്ന പേരും സ്വീകരിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളം "വീട്ടുതടങ്കല്‍" എന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. "തടങ്കല്‍" എന്നത് പരമാധികാര-സ്വ-നിര്‍ണയാവകാശ ബോധമുള്ള ഒരു വ്യക്തിയുടെ മാത്രം അനുഭവമാണ്. സ്വന്തം ഇച്ഛയ്ക്കും സ്വാതന്ത്ര്യത്തിനും വിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തിലൂടെ ഒരു വ്യക്തിയെ തടഞ്ഞുവെയ്ക്കുന്നതാണ് "തടങ്കല്‍". ഇങ്ങനെ തടഞ്ഞുവെയ്ക്കുന്നതിനെ "തടങ്കല്‍"-വീട്ടുതടങ്കല്‍-ആയി അനുഭവിക്കണമെങ്കില്‍, പ്രസ്തുത വ്യക്തിക്ക് തന്റെ പരമാധികാരത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഉത്തമബോധ്യമുണ്ടായിരിക്കണം. തന്റെ പരമാധികാരവും സ്വാതന്ത്ര്യവും തടങ്കലിലാക്കപ്പെടുന്നു എന്ന അനുഭവമാണ്, ഇങ്ങനെയുള്ള വ്യക്തികള്‍ക്കുണ്ടാവുന്നത്. എന്നാല്‍, തന്റെ പരമാധികാരവും സ്വയം നിര്‍ണയാവകാശവും ഏജന്‍സിയും നിരുപാധികം അടിയറവെച്ചു കഴിഞ്ഞ ഹാദിയയ്ക്ക് "വീട്ടുതടങ്കല്‍" എന്ന അനുഭവമുണ്ടാവുക അസാധ്യമാണ്. പുതിയ മതസ്വീകാരത്തിലൂടെ, "ശാശ്വതമായ തടങ്കലി"നെയാണ് ഹാദിയ "സ്വമേധയാ" വരിച്ചത്. അങ്ങനെയുള്ള ഒരു വ്യക്തിക്ക് "വീട്ടുതടങ്കല്‍"എങ്ങനെയാണ് പ്രശ്‌നമാകുന്നത്! അപ്പോള്‍, "അന്യായമായ വീട്ടുതടങ്കല്‍", മൗലികാവകാശലംഘനം എന്നതെല്ലാം പുറത്തുനില്‍ക്കുന്നവര്‍ അഖിലയെന്ന ഹാദിയയ്ക്കുമേല്‍ ആരോപിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിനു പോലും എടുത്തുമാറ്റാനാവാത്ത അവകാശങ്ങള്‍ക്ക് ഈ വ്യക്തിയെ അര്‍ഹയാക്കുന്നത് അവര്‍ സ്വീകരിച്ച മതമല്ല, മറിച്ച്, ഇന്ത്യന്‍ ഭരണഘടനയാണ്: ഈ അവകാശങ്ങള്‍ അനുഭവിക്കാനും അവ ധ്വംസിക്കപ്പെടുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനുമുള്ള അര്‍ഹത, പരമാധികാരവും സ്വയം നിര്‍ണയാവകാശമുള്ള വ്യക്തിയായിരിക്കുക എന്നതാണ്.