യു.ഡി.എഫിന്റെ രാപ്പകൽ സമരവേദിയിൽ പിന്തുണയുമായി പി.ജെ.ജോസഫ്

#

തൊടുപുഴ (05-10-17) : യു.ഡി.എഫ് നടത്തുന്ന രാപകൽ സമര വേദിയിൽ പിന്തുണയുമായി കേരളാകോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. തൊടുപുഴയിലെ സമരപ്പന്തലിലാണ് തൊടുപുഴ എം.എൽ.എ കൂടിയായ പി.ജെ.ജോസഫ് എത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിട്ട കേരളാകോൺഗ്രസ് നിലവിൽ ഒരു മുന്നണിയുടെയും ഭാഗമാകാതെ നിൽക്കുകയാണ്. ബാർകോഴ കേസുമായി ബന്ധപ്പെട്ട് മാണിക്കെതിരെ വിജിലൻസ് ത്വരിത അന്വേഷണം നടത്തുകയും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിസഭയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ സമാനമായ ആരോപണം നേരിട്ട മന്ത്രി കെ.ബാബു രാജി സമർപ്പിച്ചുവെങ്കിലും വിജിലൻസ് ത്വരിത പരിശോധനയിൽ ബാബു കുറ്റക്കാരനല്ലെന്ന റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് മന്തിസഭയിൽ തിരിച്ച് എടുത്തിരുന്നു. എന്നാൽ മാണിക്ക് തിരികെ മന്ത്രിസ്ഥാനത്ത് എത്താനായില്ല. കേസിൽ മാണിക്കും ബാബുവിനും ഇരട്ട നീതിയാണെന്ന് ആരോപിച്ചായിരുന്നു മാണി യു.ഡി.എഫ് വിട്ടത്.

ഇതിനിടയിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ മാണി ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ മാണിയുടെ മടക്കം ചർച്ച ആയെങ്കിലും യു.ഡി.എഫിലേക്ക് ഇല്ലെന്ന നിലപാടിൽ മാണി ഉറച്ചു നിന്നു. ഇപ്പോൾ നടക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്ന് മാത്രമാണ് മാണി അറിയിച്ചത്. ഇതിനിടെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പിജെ ജോസഫ്, യുഡിഎഫ് യോഗത്തിലെത്തിയത്. തൊടുപുഴയിലെ രാപ്പകല്‍ സമരം കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂരാണ് രാവിലെ ഉദ്ഘാടനം ചെയ്തത്. ഉച്ചയോടെയാണ്  പി.ജെ.ജോസഫ് യോഗപ്പന്തലില്‍ എത്തിയത്. യുഡിഎഫ് വിട്ടതിന് ശേഷം ആദ്യമായാണ് ഒരു കേരള കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് യോഗത്തില്‍ സംബന്ധിക്കുന്നത്.

അതേസമയം, ജോസഫ് തൊടുപുഴയിലെ യോഗത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ കെഎം മാണി തയാറായില്ല. എന്നാല്‍ യുഡിഎഫ് വിടാനുള്ള ചരല്‍ക്കുന്നിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെഎം മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണി പറഞ്ഞു.