ആകാശമിഠായിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

#

കോഴിക്കോട് (07/10/2017) : കുടുംബ നായകനായി ജയറാം തിരിച്ചെത്തുന്ന ആകാശമിഠായിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രമുഖ തമിഴ്‌ നടൻ സമുദ്രക്കനി സംവിധായകനായി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിൽ അപ്പാ എന്ന പേരില്‍  സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രത്തിന്റെ മലയാള ആവിഷ്കാരമാണ് ആകാശ മിഠായി. ജനിക്കാന്‍ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളും, വിദ്യാഭ്യാസ കച്ചവടത്തിനിരയാകുന്ന കുട്ടികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

കലാഭവന്‍ ഷാജോണ്‍, ഇനിയ, മുത്തുമണി, സായ്കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അനില്‍ മുരളി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിൽ "അപ്പാ"യിൽ അഭിനയിച്ച പലരും ആകാശ മിഠായിയിലും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.വര്‍ണചിത്രാ ബിഗ്‌സ്‌ക്രീന്‍ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസുബൈര്‍ മൂവീസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‍.