യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി... ബി.ജെ.പിയില്‍ കലാപത്തിന്റെ തുടക്കമോ?

#

ന്യൂഡല്‍ഹി (07-10-17) : മോദി-അമിത്ഷാ നേതൃത്വത്തിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരേ പ്രമുഖ ബി.ജെ.പി നേതാക്കളില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നും ഉയരുന്ന എതിര്‍ശബ്ദങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ കലാപമായി മാറുമോ? 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നേ തന്നെ ബി.ജെ.പിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ച നരേന്ദ്രമോദി, പാര്‍ട്ടിയിലെ എറ്റവും മുതിര്‍ന്ന നേതാക്കളെയും തന്റെ ചൊല്പടിക്ക് നില്‍ക്കാൻ സാധ്യതയില്ല എന്ന് സംശയമുള്ളവരെയും സമര്‍ത്ഥമായി ഒതുക്കി മാറ്റിയാണ് പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയത്. എല്‍.കെ.അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് രോഷം കടിച്ചമര്‍ത്തി നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. 2014 ലെ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കി മോദി എതിരില്ലാതെ നേതാവായതിനു ശേഷം  ഒരു എതിര്‍ ശബ്ദം പോലും പാര്‍ട്ടിക്കുള്ളില്‍ ഉയരാന്‍ അനുവദിച്ചില്ല. പാര്‍ട്ടി പാരമ്പര്യവും അറിവുമുള്ള നിരവധി നേതാക്കന്മാരുടെ തലയ്ക്കു മുകളിലൂടെ അമിത്ഷായെ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തു പ്രതിഷ്ഠിച്ച മോദി, എതിര്‍ശബ്ദം ഉയര്‍ത്തുന്നവരുടെ വഴി പുറത്തേക്കാണെന്ന സന്ദേശം നല്‍കുന്നതില്‍ ഒരു അവ്യക്തതയും കാണിച്ചില്ല. ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ വലംകയ്യായി പ്രവര്‍ത്തിച്ച സംസ്ഥാന തലത്തില്‍പോലും വലിയ പ്രാധാന്യമില്ലാത്ത നേതാവായിരുന്ന അമിത്ഷായെ  ബി.ജെ.പി പ്രസിഡന്റാക്കിയതിനെ എതിര്‍ക്കാന്‍ ഒരാളും പാര്‍ട്ടിയില്‍ ധൈര്യപ്പെട്ടില്ല.

മോദിയുടെ നേതൃത്വത്തിനെതിരേ പാര്‍ട്ടി നേതാക്കളില്‍ തിങ്ങിനിന്ന പ്രതിഷേധം സാവകാശമാണെങ്കിലും പുറത്തുവരാന്‍ തുടങ്ങിയിരിക്കുകയാണ്. നോട്ടുപിന്‍വലിക്കല്‍ സാമ്പത്തികരംഗത്ത് സൃഷ്ടിച്ച കനത്ത പ്രത്യാഘാതം എല്ലാ മേഖലകളെയും ബാധിച്ചു തുടങ്ങിയതോടെ, മോദിയുടെ പോക്ക് അപകടത്തിലേക്കാണെന്ന വികാരം പലരും പങ്കുവെയ്ക്കാന്‍ തുടങ്ങി. യശ്വന്ത് സിന്‍ഹയുടെ ശക്തമായ പ്രതികരണം ചെറുതല്ലാത്ത തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കും. സാധാരണ ഒരു നേതാവല്ല സാമ്പത്തിക നയത്തെക്കുറിച്ച് എതിര്‍ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്. ചന്ദ്രശേഖറിന്റെയും എ.ബി.വാജ്‌പേയിയുടെയും മന്ത്രിസഭകളില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ, ധനകാര്യ മാനേജ്‌മെന്റിനെക്കുറിച്ച് ഏറ്റവും ആധികാരികമായ അഭിപ്രായം പറയാന്‍ അര്‍ഹതയുള്ള ബി.ജെ.പി നേതാക്കളില്‍ ഒരാളാണ്. കാര്യകാരണസഹിതം യശ്വന്ത്‌സിന്‍ഹ ഉന്നയിച്ച വിമര്‍ശനങ്ങളെ, മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ നിരാശയില്‍ നിന്നുയര്‍ന്ന വിമര്‍ശനമെന്ന നിലയില്‍ തള്ളിക്കളയാനാണ് ബി.ജെ.പി നേതൃത്വം ശ്രമിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസിലെ തന്റെ പംക്തിയില്‍, മോദി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ മൂലം സാമ്പത്തികരംഗത്തുണ്ടായ തകര്‍ച്ച അക്കമിട്ട് നിരത്തിയ യശ്വന്ത് സിന്‍ഹ, മോദി മന്ത്രിസഭയ്ക്കും ബി.ജെ.പിയ്ക്കുമെതിരായി ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ അരവിന്ദ് കേജ്‌രിവാളിനോടൊപ്പം പങ്കെടുത്ത യശ്വന്ത് സിന്‍ഹ, തന്റെ പ്രവൃത്തികളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  തന്റെ മകന്‍ ജയന്ത് സിന്‍ഹ, മോദി മന്ത്രിസഭയില്‍ അംഗമാണെന്നതുകൊണ്ട് നിലപാട് മയപ്പെടുത്താന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കേണ്ട എന്ന് യശ്വന്ത്‌സിന്‍ഹ വ്യക്തമാക്കുകയും ചെയ്തു.

യശ്വന്ത് സിന്‍ഹയുടെ സംസ്ഥാനമായ ബീഹാറില്‍ നിന്നുള്ള ബി.ജെ.പി നേതാവും പ്രമുഖ ചലച്ചിത്രനടനുമായ ശത്രുഘ്‌നന്‍സിന്‍ഹ യശ്വന്ത് സിന്‍ഹയെ ശക്തമായി പിന്തുണയ്ക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ഖുഷ്വന്ത് സിംഗ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അരുണ്‍ ഷൂറി മോദിക്കും ബി.ജെ.പിക്കുമെതിരേ നടത്തിയ ആക്രമണം, അമര്‍ത്തിവെച്ചിരുന്ന അമര്‍ഷം പൊട്ടിത്തെറിക്കുന്നതിന്റെ സൂചനയാണ്. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ പ്രധാനികളാണ് ഇവരെല്ലാം. യശ്വന്ത് സിന്‍ഹയെയും അരുണ്‍ ഷൂറിയെയും പോലെയുളളവരുടെ എതിര്‍പ്പ്, സാധാരണ ജനങ്ങള്‍ കാര്യമാക്കില്ലെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ അവര്‍ക്കൊന്നും കഴിയില്ലെന്നുമാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് വിശ്വസിക്കുന്നത്. പിന്നോക്ക സമുദായങ്ങളില്‍ ജാതി തിരിച്ച് സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ചില നീക്കങ്ങളിലൂടെ, ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ വോട്ടുബാങ്കായിരിക്കുന്ന സമുദായങ്ങളെ കൂടി തങ്ങളുടെ ചേരിയില്‍ കൊണ്ടു വരാന്‍ കഴിയുമെന്നും മുകള്‍ത്തട്ടിലെ ബുദ്ധിജീവികളുടെ പ്രതികരണങ്ങള്‍br>
സാമ്പത്തികരംഗത്തെ തകര്‍ച്ച മൂലം വലയുന്ന കര്‍ഷകരുടെയും കച്ചവടക്കാരുടെയും മറ്റു സാധാരണക്കാരുടെയും വികാരം പ്രതിഫലിപ്പിക്കുക കൂടിയാണ് യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും മറ്റും ചെയ്യുന്നതെന്ന കാര്യം മോദി- അമിത്ഷാമാര്‍ ഓര്‍ക്കുന്നില്ല. നോട്ടു പിന്‍വലിക്കലിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തരാകാന്‍ കഴിഞ്ഞിട്ടില്ലാത്ത വടക്കേയിന്ത്യയിലെ സാമാന്യ ജനത, ബി.ജെ.പിക്കെതിരേ ആശ്രയിക്കാന്‍ കഴിയുന്ന ഒരു ബദല്‍ രൂപപ്പെടുകയാണെങ്കില്‍ അതിനെ പിന്തുണയ്ക്കാന്‍ തയ്യാറാകും. ബി.ജെ.പിയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന, എതിര്‍ശബ്ദങ്ങള്‍ കൂടുതല്‍ വ്യാപകമാകുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്ത് ഒരു ഉള്‍പ്പാര്‍ട്ടി കലാപത്തിന്റെ സ്വഭാവമാര്‍ജ്ജിക്കുമോ എന്ന് വരുന്ന നിയമസഭാ തെരഞ്ഞടുപ്പുകളോടെ മാത്രമേ അറിയാന്‍ കഴിയൂ. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള കാലത്ത് ജഗജ്ജീവന്‍ റാമും ബഹുഗുണയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരികയും പ്രതിപക്ഷത്തിന് ശക്തി പകരുകയും ചെയ്തതു പോലെയും രാജീവ്ഗാന്ധി സര്‍ക്കാരിന്റെ അവസാനകാലത്ത് വി.പി.സിംഗും കൂട്ടരും കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രതിപക്ഷനിരയെ ശക്തമാക്കിയതുപോലെയും ഒരു നീക്കം ബി.ജെ.പിയില്‍ നിന്ന് ഉണ്ടാവുകയാണെങ്കില്‍ 2019 ലെ തെരഞ്ഞെടുപ്പ് നരേന്ദ്രമോദിയുടെ വാട്ടര്‍ലൂ ആയി മാറിയേക്കാം.