കാണികളെ പട്ടിണിയിലാക്കിയ കൊച്ചി സ്റ്റേഡിയം; പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതര്‍

#

കൊച്ചി(081017): ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരം കാണാനെത്തുന്നവര്‍ക്കായി ഭക്ഷണ സൗകര്യം ഒരുക്കാതെ കൊച്ചി സ്റ്റേഡിയം. മത്സരം തുടങ്ങുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പ് തന്നെ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കുന്ന കാണികള്‍ക്കായി കാന്റീന്‍, ഹോട്ടല്‍ സൗകര്യങ്ങളൊന്നും ഒരുക്കാത്ത സ്റ്റേഡിയം അധികൃതരുടെ നടപടിയാണ് വിവാദമായിരിക്കുന്നത്.

പുറത്ത് നിന്നും കൊണ്ടുവരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുവരാന്‍ കഴിയില്ല. നിലവില്‍ അങ്ങനെ കൊണ്ടുവരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഗേറ്റില്‍ ഉപേക്ഷിക്കണം. തിരക്കു കാരണം മണിക്കുറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കും, രണ്ട് മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ സമയം സ്റ്റേഡിയത്തില്‍ കഴിയേണ്ടതായി വരും. പുറത്ത് നിന്ന് ഭക്ഷണം അനുവദിക്കാതിരിക്കുകയും അകത്ത ഭക്ഷണ സൗകര്യം ഒരുക്കാതിരിക്കുകയും ചെയ്യുന്ന സ്റ്റേഡിയം അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിട്ടുണ്ട്. അതേസമയം ഇനിയുള്ള ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ കുടിവെള്ള വിതരണവും ഭക്ഷണ വിതരണവും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കും. വീഴ്ചകള്‍ പരിഹരിക്കുമെന്ന് ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ്  ഉറപ്പു നല്‍കി. കാണികളുടെ ശക്തമായ എതിര്‍പ്പിനെ തുടന്നാണ് കാര്യങ്ങള്‍ പുനപരിശോദിക്കുന്നത്.

വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ലോകകപ്പ് മത്സരം കാണാനായി കൊച്ചിയിലെത്തിയിട്ടുള്ളത്. കാണികളായിട്ടുള്ള ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കാന്റീന്‍, കടകള്‍ തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാത്ത കൊച്ചി സ്റ്റേഡിയം അധികൃതര്‍ എങ്ങനെയാണ് വരും കാലങ്ങളില്‍ ഇത്തരം വലിയ ടൂര്‍ണമെന്റുകള്‍ക്ക് വേദിയാവുകയെന്നതാണ് ആരാധകരുടെ ആശങ്ക.