ക്ലൈമാക്‌സ് മാറ്റി സോളോയെ കൊല്ലരുതെന്ന് അപേക്ഷയുമായി ദുല്‍ഖര്‍

#

(09-10-17) : തന്റെ പുതിയ സിനിമ സോളോയെ കളിയാക്കിയും കൂവിയും ക്ലൈമാക്‌സ് മാറ്റിയും കൊല്ലരുതെന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍. സിനിമയുടെ ക്ലൈമാക്‌സ് സംവിധായകന്റെ അനുവാദമില്ലാതെ മാറ്റുന്നതിനോട് വിയോജിപ്പാണെന്നും ദുല്‍ഖര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂറിച്ചു. ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പമാണ്. അയാള്‍ പുറത്തിറക്കിയ സിനിമയ്‌ക്കൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ സീനുകള്‍ വെട്ടുന്നതും മാറ്റിമറിക്കുന്നതും ഈ സിനിമയെ കൊല്ലാനേ സഹായിക്കൂവെന്ന് ദുല്‍ഖര്‍ പറയുന്നു.

സോളോ കണ്ട ശേഷം ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാല്‍ തിരക്ക് കാരണം ഇന്നാണ് സമയം കിട്ടിയത്. ഞാന്‍ കരുതിയതിനേക്കാള്‍ നന്നായിട്ടുണ്ട്. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ബഹുഭാഷാ ചിത്രമായതിനാല്‍ അവിടെയും ഇവിടെയുമെല്ലാം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ബിജോയ് നമ്പ്യാരെടുത്ത സിനിമയുടെ യഥാര്‍ഥ പതിപ്പ് എനിക്ക് ഇഷ്ട്‌പ്പെട്ടു ദുല്‍ഖര്‍ പറയുന്നു.