തിരുത്തിൽ തനിക്ക് പങ്കില്ല ; സോളോയുടെ ക്ലൈമാക്സ് വിവാദത്തിൽ സംവിധായകൻ

#

കോഴിക്കോട്( 09-10-17): ആരാധകരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് എന്ന പേരിൽ ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്തിയ ചിത്രം സോളോയുടെ ക്ലൈമാക്സ് തിരുത്തിയതിനെതിരെ ആരോപണവുമായി സിനിമയുടെ സംവിധായകൻ ബിജോയ് നമ്പ്യാർ. ക്ലൈമാക്‌സിലെ തിരുത്തൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ബിജോയ് നമ്പ്യാര്‍ വ്യക്തമാക്കി. താന്‍ ചെയ്ത സിനിമയോടൊപ്പമാണ് ഉറച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

"സോളോയുടെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് ചോദിക്കുന്നവരോട്, അത് എന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് ചെയ്തിരിക്കുന്നത്. നല്ലതായാലും മോശമായാലും ഞാന്‍ ചെയ്ത സിനിമയ്ക്ക് ഒപ്പമാണ് ഞാന്‍ നില്‍ക്കുന്നത്", ബിജോയ് ട്വിറ്ററിൽ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.

ദുൽഖർ സൽമാൻ നായകനായ സോളോയുടെ ക്ലൈമാക്സ് രംഗത്തിൽ പ്രേക്ഷകരിൽ നിന്നുള്ള അഭിപ്രായങ്ങളെ തുടർന്ന് തിരുത്തല്‍ വരുത്തിയിരുന്നു. ബിജോയ് അടക്കമുളളവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അബ്രഹാം മാത്യു, അനില്‍ ജയിന്‍ എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കൾ. ക്ലൈമാക്സ് തിരുത്തി സോളോയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാനും രംഗത്ത് വന്നിട്ടുണ്ട്.

ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായ സോളോ ഒക്ടോബര്‍ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമയെ കുറിച്ച് ഭിന്നാഭിപ്രായങ്ങൾക്കൊപ്പം ക്ലൈമാക്സ് വേണ്ടത്ര രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല എന്ന ആരോപണവും ഉയർന്നിരുന്നു. ആന്തോളജി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതാണ് പ്രധാന ആകർഷണം.