അന്‍വറിന് അനുകൂലമായി മലിനീകരണ നിയന്ത്രണ ബോഡ്

#

കോഴിക്കോട് (09/10/2017) : പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ ചിറ്റ്. പാര്‍ക്കിലെ മലിനീകരണ സംവിധാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്‍വലിച്ച അനുമതി പുനഃസ്ഥാപിക്കാമെന്നും ബോര്‍ഡ് ഹൈകോടതിയെ അറിയിച്ചു.

പി.വി അന്‍വറിന്റെ കോഴിക്കോട് കൂടരഞ്ഞിയിലെ പി.വി.ആര്‍ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോഴിക്കോട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സെപ്തംബര്‍ അഞ്ചിന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുടെ സംഘം പാര്‍ക്കില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് പാര്‍ക്കിനു ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ട് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയ ന്യുനതകള്‍ പാര്‍ക്ക് പരിഹരിച്ചെന്നും മലിനജലം ശുദ്ധികരിച്ചു ഉപയോഗിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ മാലിന്യ സംസ്‌കരണ പ്ലാന്റും കാര്യക്ഷമമാണെന്ന് പരിശോധനയില്‍ വ്യക്തമായെന്നാണ് റിപ്പോര്‍ട്ട്.  ഇക്കാര്യങ്ങളില്‍ വ്യക്തത വന്നതിനാല്‍ പാര്‍ക്കിന്റെ നടത്തിപ്പിന് പിന്‍വലിച്ച അനുമതി മടക്കി നല്‍കാന്‍ തടസമില്ലെന്ന റിപ്പോര്‍ട്ടാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി നാളെ വീണ്ടും പരിഗണിച്ചേക്കും.