തിരുനല്ലൂർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത കവി :കടകംപള്ളി

#

തിരുവനന്തപുരം (09.10.2017) താന്‍ ഒരു കമ്യൂണിസ്റ്റ് ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ജീവിതാവസാനം വരെ കമ്യൂണിസ്റ്റ് ആയിരിക്കുകയും ചെയ്ത കവിയാണ്‌ തിരുനല്ലൂര്‍ കരുണാകരന്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുനല്ലൂര്‍ കരുണാകരന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ചും നിസ്വ വര്‍ഗ്ഗത്തിന് വേണ്ടിയും ഇത്രയും എഴുതിയ കവികള്‍ വേറെ ഇല്ല. മലയാളത്തിലെ അരുണ ദശകങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നാളുകളില്‍ വിപ്ലവത്തിന്റെ ചൂടും ചൂരും കവിതയില്‍ പ്രസരിപ്പിച്ച കവികളില്‍ മുമ്പനായിരുന്നു തിരുനല്ലൂര്‍ എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും നമ്മുടെ പ്രാചീന കാവ്യ പാരമ്പര്യത്തെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. തികഞ്ഞ പണ്ഡിത നായിരുന്നെങ്കിലും പാണ്ഡിത്യത്തിന്റെ ഭാരം കവിതായേ ബാധിക്കാതെ സൂക്ഷിച്ച കവിയായിരുന്നു തിരുനല്ലൂരെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തിൽ തിരുനല്ലൂർ സാഹിത്യവേദി പ്രസിഡന്റ് പ്രൊഫ.സുന്ദരം ധനുവച്ചപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ അംഗം കെ.മോഹൻകുമാർ  ,ഡോ.പി.സോമന്‍ ,ഡോ.സൌമ്യ ദാസ് എന്നിവർ സംസാരിച്ചു.  വി.ദത്തൻ സ്വാഗതവും പ്രൊഫ.എച്ച്.വി.വിജയകുമാരി നന്ദിയും പറഞ്ഞു.