ദലിത് ആത്മാഭിമാനത്തിന്റെ ആരാച്ചാരാകുന്ന ദലിത് പൂജാരി

#

(10-10-17) : വിദ്യാസമ്പന്നവും രാഷ്ട്രീയോന്മുഖവുമായ ദലിത് യുവത്വത്തിന്റെ സംഘടിത ശക്തി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ രാഷ്ട്രീയ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുമ്പോള്‍, യദുകൃഷ്ണൻ എന്ന "ദലിത് പൂജാരി"യിലൂടെ കേരളത്തിന്റെ ദലിത് ജനതയ്ക്കുമേല്‍ സംഘപരിവാര്‍ ഹിന്ദുയിസമെന്ന വംശീയ വ്യവസ്ഥയുടെ നുകം സ്ഥാപിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ദലിത് ജനത ഒരു "ദലിത് പൂജാരി"യുടെ നിര്‍മിതിയെ എങ്ങനെയാണ് സമീപിക്കുന്നത്.

ഹിന്ദുയിസത്തിന്റെ എല്ലാക്കാലത്തെയും വലിയ അതിജീവന രഹസ്യം വൈരുധ്യങ്ങളയും പ്രതിഷേധങ്ങളെയും "സ്വാംശീകരിച്ചു"കൊണ്ട് നീര്‍വിര്യമാക്കുകയെന്ന തന്ത്രമാണ്. ബ്രഹ്മണ്യത്തിന്റെ "ജന്മസിദ്ധവാദം" ചോദ്യം ചെയ്യപ്പെടുമ്പോള്‍, "കര്‍മ്മം കൊണ്ട് നേടുന്നതാണ് ബ്രാഹ്മണ്യം" എന്ന പ്രചാരണത്തിലൂടെ അത്തരം ചോദ്യങ്ങളുടെ മുനയൊടിച്ചു. കര്‍മ്മം കൊണ്ട് നേടാനാവുന്നതാണ് എന്നുപറയുമ്പോഴും, "ബ്രാഹ്മണ്യം" തന്നെയാണ് പ്രശ്നം. ജന്മംകൊണ്ടായാലും, കര്‍മ്മം കൊണ്ടായാലും, പരമപ്രധാനമൂല്യം "ബ്രാഹ്മണ്യ"മാണെന്ന് സ്ഥാപിക്കപ്പെടുന്നു. "കര്‍മ്മം കൊണ്ട് നേടാവുന്നതാണ് പുലയത്വം അഥവാ പറയത്വം" എന്ന് ആരും പറയുന്നില്ല. പുലയനും പറയനുമുള്‍പ്പെടെ സകലമാന താഴ്ന്നജാതി മനുഷ്യരും ആഗ്രഹിക്കേണ്ടതും സാക്ഷാത്ക്കരിക്കേണ്ടതുമായ "മൂല്യ"മാണ് "ബ്രാഹ്മണ"ത്വമെങ്കില്‍, ഈ ജനവിഭാഗങ്ങള്‍ എന്തിന് ബ്രാഹ്മണ-ഹിന്ദുയിസത്തെ എതിര്‍ക്കണം? "ജാതിവ്യവസ്ഥയുടെ ഉന്മൂലന"ത്തിനുവേണ്ടി അംബദ്ക്കര്‍ ആവിഷ്‌ക്കരിച്ച ചിന്തയ്ക്കും പ്രയോഗത്തിനും എന്ത് പ്രസക്തിയാണുളളത്?

1936-ലെ "ക്ഷേത്രപ്രവേശന വിളംബര"ത്തിലൂടെ കേരളത്തിലെ "താഴ്ന്ന" ജാതികള്‍ക്കിടയില്‍ ശക്തമായിക്കൊണ്ടിരുന്ന ഹൈന്ദവവിരുദ്ധമായ വികാരത്തെയും സംഘടിതമായ മതപരിവര്‍ത്തന ശ്രമങ്ങളെയും ഇല്ലാതാക്കാന്‍ ഹിന്ദുയിസത്തിന് കഴിഞ്ഞു. ഈ കാലഘട്ടത്തിലെ ക്ഷേത്രപ്രവേശനം ദലിത് ജനതയുടെ ജീവിതത്തിലുണ്ടാക്കിയ പ്രഭാവമെന്താണ്? ദലിത് ജനത കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും നേടിയിട്ടുണ്ടെങ്കില്‍, അത് ഭരണഘടനാപരമായ സംവരണത്തിന്റെ ഫലമാണ്. അന്നുമിന്നും സംവരണത്തെ എതിര്‍ക്കുന്ന സമീപനമാണ് ആര്‍.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. ദളിതര്‍ കൂടുതല്‍ അവകാശബോധവും ആത്മാഭിമാനവുമുള്ളവരായിട്ടുണ്ടെങ്കില്‍, അത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ ത്യാഗപൂര്‍ണമായ പ്രക്ഷോഭങ്ങളുടെ സംഭാവനയാണ്. ക്ഷേത്രപ്രവേശനത്തിലൂടെ ദളിത് ജനവിഭാഗങ്ങളിലേക്ക് ഒരു "ഹിന്ദുസ്വത്വബോധം" സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. "ഹിന്ദുസ്വത്വബോധ"ത്തിന്റെ തൂക്കുകയര്‍ സ്വന്തം കഴുത്തില്‍ സ്വയം  ഇടുന്ന ദളിതരാണ്, ഇന്ന് ആര്‍.എസ്.എസ് ശാഖകളില്‍ പോകുന്നത്.

ദളിതരെയും "താഴ്ന്ന" ജാതികളെയും ഹൈന്ദവവല്‍ക്കരിക്കുന്നതിന്, ആര്‍.എസ്.എസ് ആവിഷ്‌കരിച്ച മറ്റൊരു മാര്‍ഗമാണ് താന്ത്രികവിദ്യാഭ്യാസം. താന്ത്രികപാഠശാലകളില്‍ പരിശീലിപ്പിക്കപ്പെടുന്ന ഈഴവ-ദളിത് യുവാക്കളെ പൂജാരിമാരാക്കുന്നതിലൂടെ, ബ്രാഹ്മണരുടെ കുത്തകയായിരുന്ന ഒരു തൊഴിലിന്റെ "ജനാധിപത്യവല്‍കരണ"ത്തിന്റെ നേതൃത്വം അവകാശപ്പെടാന്‍ ആര്‍.എസ്.എസിനു കഴിഞ്ഞു. മാത്രവുമല്ല. ദളിതരെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന "പൂജാരിപ്പണി", അവര്‍ക്കു സ്വായത്തമാക്കിയ ആര്‍.എസ്.എസ്സിന് അവര്‍ക്കിടയില്‍ വലിയ "വിപ്ലവ"പരിവേഷവും ലഭിക്കുന്നു. അവകാശവാദങ്ങള്‍ക്കും സംവരണത്തിനും വേണ്ടി ത്യാഗം സഹിച്ചവര്‍ നിസ്സാഹായരാകുകയും പൂജാരിപ്പണി സാധിച്ചു കൊടുത്തവര്‍ "മാതൃക"യാവുകയും ചെയ്യുന്ന ദുരന്തമാണ് ഇവിടെ സംഭവിക്കുന്നത്.

യദുകൃഷ്ണൻ എന്ന ദളിത് യുവാവ് ആധുനിക വിദ്യാഭ്യാസത്തിനു പകരം താന്ത്രികവിദ്യയും തുടര്‍ന്ന് പൂജാരിത്തൊഴിലും തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? ഈഴവ-ദളിത് വിഭാഗങ്ങളില്‍ ചെറിയൊരു വിഭാഗത്തെയെങ്കിലും ഗ്രസിച്ചുകൊണ്ടിരിക്കുന്ന "ഹിന്ദുത്വവല്‍ക്കരണ"മാണിതിനു കാരണം. കാലഹരണപ്പെട്ടതും ജീര്‍ണവുമായ ഒരു തൊഴിലിനെ അഭിമാനപൂര്‍വം കാംഷിച്ച "യദുകൃഷ്ണൻ" എന്ന ദളിത് യുവാവ്, ഒരു വിഭാഗം ദളിത് യുവത്വത്തെ ബാധിച്ചിരിക്കുന്ന "ആത്മനശീകരണ"ത്തിന്റെ പ്രതീകം മാത്രമാണ്. യദുകൃഷ്ണന്റെ പൂജാരിപ്പട്ടം ഘോഷിക്കപ്പെടുമ്പോള്‍ ഇതര ദളിത് യുവാക്കളില്‍ വലിയൊരു പ്രലോഭനമായി അത് മാറാനുമിടയുണ്ട്. ഇതു തന്നെയാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം. അംബേദ്ക്കര്‍ ചിന്തയുടെ വിപ്ലവകരമായ "പ്രലോഭന"ത്തില്‍ നിന്ന്, ബ്രാഹ്മണ്യത്തിന്റെയും പൂജാരിയുടെയും ജീര്‍ണവും പ്രതിലോമകരവുമായ "പ്രലോഭന"ത്തിലേക്ക് ദളിത് യുവാക്കളെ വശീകരിക്കുന്നതിന് ആര്‍.എസ്.എസ് നടത്തുന്ന ഹൈന്ദവാഭിചാരത്തിന്റെ വിജയമാണ് യദുകൃഷ്ണൻ എന്ന പൂജാരി. തിരുവല്ലയിലെ മഹാദേവര്‍ ക്ഷേത്രമുറ്റത്ത് യദുകൃഷ്ണനു ലഭിച്ച സവര്‍ണ സ്വീകരണം, സ്വന്തം ജനതയയെ വഞ്ചിച്ചതിനു ലഭിച്ച സ്വീകരണമാണ്! യദുകൃഷ്ണന്റെ കഴുത്തിലണിയിച്ച  പൂമാല, സ്വന്തം ജനതയുടെ കഴുത്തില്‍ വീഴുന്ന തൂക്കുകയറാണ്. കേരളത്തിലെ ദളിത് ജനതയുടെ "ആരാച്ചാര്‍"പദവിയാണ് ഈ പൂജാരിത്വത്തിലൂടെ താന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ഈ ചെറുപ്പക്കാരന്‍ അറിയുന്നില്ല!