സോനിപത് ബോംബ് സ്ഫോടനം അബ്ദുൽ കരീം തുണ്ടക്ക് ജീവപര്യന്തം

#

ന്യൂഡൽഹി (10-10-17) : ലക്ഷ്കർ ഇ തോയ്‌ബ ബോംബ് വിദഗ്ദ്ധനെന്ന് അറിയപ്പെടുന്ന അബ്ദുൽകരീം തുണ്ടക്ക് സോനിപത് ബോംബ് സ്ഫോടന കേസിൽ ജീവപര്യന്തം. സോനിപത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടക്കണം. 1996 സോനിപതിൽ സിനിമ തീയേറ്ററിലും മിഠായി കടയിലും നടന്ന ഇരട്ട സ്‌ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റിരുന്നു.

75 കാരനായ തുണ്ടയെ ഇന്ത്യ നേപ്പാൾ അതിർത്തിയിൽ വച്ച് 2013 ഓഗസ്റ്റ് 16 നാണ് പോലീസ് പിടികൂടിയത്. മുംബൈ സ്‌ഫോടനത്തിനു ശേഷം പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്ന 20 തീവ്രവാദികളിൽ ഒരാളാണ് തുണ്ട. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 കൊലപാതക ശ്രമം, 120 ബി ഗൂഢാലോചന എന്നിവയാണ് തുണ്ടയിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. സോനിപത് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് തുണ്ടയുടെ അഭിഭാഷകൻ പറഞ്ഞു.