സോളാർ അഴിമതി :ഉമ്മൻ‌ചാണ്ടി ഉൾപ്പെടെ മുൻ മന്ത്രിമാർക്കും യു.ഡി.എഫ് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ക്രിമി

#

തിരുവനന്തപുരം (11-10-17) : സോളാർ അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുൻമന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ എം.എൽ.എ മാരും പ്രമുഖ കോൺഗ്രസ് നേതാക്കളുമായ തമ്പാനൂർ രവി, ബെന്നി ബഹനാൻ തുടങ്ങിയവരുൾപ്പെടെ നിരവധി പ്രമുഖ യു.ഡി.എഫ് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം.

ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയതിനാണ് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കേസെടുക്കുന്നത്. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്‍നാനും തമ്പാനൂര്‍ രവിക്കുമെതിരെയും കേസെടുക്കും. സരിതയുടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഐജി പദ്മകുമാര്‍, ഡിവൈഎസ്‌പി ഹരികൃഷ്ണന്‍ പൊലീസ് അസോ. മുന്‍ ഭാരവാഹി ജി.ആര്‍.അജിത്ത് എന്നിവര്‍ക്കെതിരെയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനം. സോളാര്‍ റിപ്പോര്‍ട്ട് ആറു മാസത്തിനകം നിയമസഭയില്‍ വയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാർ കേസ് അന്വേഷിച്ച മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് ചുമതലകളിൽ നിന്ന് മാറ്റണമെന്ന കമ്മീഷൻ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. അതനുസരിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരായ എ.ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി എം.ഡിയായും കെ.പത്മകുമാറിനെ മാർക്കറ്റ്‌ഫെഡ് എം.ഡി ആയും നിയമിക്കും. സോളാർ കേസിൽ ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ നിഗമനങ്ങളും അതിനു മേലുള്ള നിയമോപദേശവും സർക്കാർ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ നടപടികളും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.