മെസ്സിക്ക് ഹാട്രിക്ക്; അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത ; ചിലി പുറത്ത്

#

(11-10-17) : നിര്‍ണ്ണായക പോരാട്ടത്തില്‍ ഇക്വഡോറിനെ തറപറ്റിച്ച് മെസ്സിയും കൂട്ടരും ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചു. മെസ്സി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ 3-1 നാണ് അര്‍ജീന്റീനയുടെ വിജയം. മെസ്സി തന്നെയാണ് മൂന്ന് ഗോളുകളും നേടിയത്. പെറുവുമായി സമനില പാലിച്ച കൊളംബിയ നാലാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയപ്പോള്‍ അഞ്ചാം സ്ഥാനക്കാരായി പെറു പ്ലേ ഓഫിനുള്ള യോഗ്യത നേടി. സൂപ്പര്‍ താരം അലസി സാഞ്ചസിന്റെ ചിലി ഇത്തവണ ലോകകപ്പിനുണ്ടാകില്ല.

ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുമ്പോള്‍ ആശങ്കയിലായിരുന്ന അര്‍ജന്റീനക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ആവശ്യമില്ലായിരുന്നു. മൈതാനത്ത് വിശ്വരൂപം പുറത്തെടുത്ത ഇതിഹാസ താരം മെസ്സി ഇക്വഡോറിന്റെ പ്രതിരോധത്തെ അനായാസം മറികടന്നു. ആദ്യ മിനുറ്റില്‍ അര്‍ജന്റീനയെ വിറപ്പിച്ച് ഇക്വഡോര്‍ ഗോള്‍ നേടി ആഘോഷങ്ങള്‍ അതിരുകടക്കും മുന്‍പ് 12ാം മിനുറ്റില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ തന്നെ ഇരുപതാം മിനുറ്റില്‍ മെസി അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒരുപോലെ കളം നിറഞ്ഞാടി ഡി-മരിയ മികച്ച പ്രകടനമാണ് നടത്തിത്. അറുപതാം  മിനുറ്റില്‍ മനോഹരമായ ഗോളിലൂടെ മെസ്സി ഹാട്രിക്കും ടീമിന് ലോകകപ്പ് .യോഗ്യതയും നേടി. ഇതോടെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി മാറി. ജയത്തോടെ ലാറ്റിനമേരിക്കന്‍ പോയിന്റ് ടേബിളില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തെത്തി. 18 മത്സരങ്ങളില്‍ നിന്നും അര്‍ജന്റീനക്ക് 28 പോയിന്റാണ് ലഭിച്ചത്. അത്ര തന്നെ മത്സരങ്ങളില്‍ നിന്നും 41 പോയിന്റ് നേടിയ ബ്രസീലാണ് ഒന്നാമത്. ബ്രസീലിനോട് തോറ്റ ചിലിക്ക് റഷ്യന്‍ ലോകകപ്പ് യോഗ്യത നേടാനായില്ല.