പോളിംങ് ബൂത്തിലേക്കൊഴുകി വേങ്ങര

#

മലപ്പുറം (11-10-17) : ഒരു മാസത്തെ കടുത്ത പ്രചാരണങ്ങള്‍ക്കൊടുവില്‍ വേങ്ങരയിലിന്ന് വിധിയെഴുത്ത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തുന്നത്. തുടക്കത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ തരാറുമൂലം രണ്ട് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു. ആറ് പഞ്ചായത്തുകളിലായി 165 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. കേന്ദ്രസേനയേയും അറുനൂറ് പോലീസുകാരേയും സുരക്ഷക്കായി മണ്ഡലത്തിലില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

1,70,009 വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരത്തോളം വരുന്ന വോട്ടര്‍മാരില്‍ 87,750 പുരുഷന്മാരും, 82,259 സ്ത്രീകളുമാണുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിങ് സമയം.

വോട്ടര്‍മാര്‍ക്ക് ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് കാണാന്‍ സാധിക്കുന്ന വി.വി.പാറ്റ് സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. വി വി പാറ്റ് സംവിധാനം ഉപയോഗിച്ച് നടത്തുന്ന സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. വി വി പാറ്റില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, ക്രമ നമ്പര്‍ എന്നിവ ഏഴ് സെക്കന്റ് നേരം സ്‌ക്രീനില്‍ തെളിഞ്ഞു കാണാന്‍ സാധിക്കും. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.