പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം : കോടതി

#

ന്യൂഡല്‍ഹി (11-10-17) : 15 നും 18 നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി. സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള നിയമങ്ങള്‍ അവയുടെ സത്തയുള്‍ക്കൊണ്ട് രാജ്യത്ത് നടപ്പാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും 15 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുമായി അവരുടെ ഭര്‍ത്താക്കന്മാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാന്‍ പാടില്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ ജസ്റ്റിസ് മദന്‍ ബി ലോകൂറും ജസ്റ്റിസ് ദീപക് ഗുപ്തയും അടങ്ങിയ ബഞ്ച് അസാധുവാക്കി. ഈ ആവശ്യം ഉന്നയിച്ച് ഇന്‍ഡിപ്പെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ വിവേചനപരവും ഏകപക്ഷീയവുമാണെന്ന് കോടതി നിരീക്ഷിച്ചു.