ഓർക്കുക നമ്മെ ഭരിച്ചത് ബലാൽസംഗവ്യഗ്രരായ പ്രമാണിമാർ

#

(11-10-17) : ലൈംഗികാരോപണങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ എന്നുമുണ്ടായിട്ടുണ്ട്. ആര്‍.ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോ, സ്വന്തം ഭാര്യയല്ലാത്ത ഒരു സ്ത്രീയോടൊപ്പം കാറില്‍ യാത്ര ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ചതാണ് സംസ്ഥാനമുണ്ടായതിനുശേഷം ഇക്കൂട്ടത്തില്‍ ആദ്യത്തേത്. ലൈംഗിക പീഡനമോ, അഴിമതിയോ, അധികാര ദുര്‍വിനിയോഗമോ ചാക്കോയുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നില്ല. ഒരു തരത്തിലുള്ള ബലപ്രയോഗവും അദ്ദേഹം നടത്തിയിരുന്നില്ല. ചാക്കോയ്ക്ക് എതിരെ ഒരു സ്ത്രീയും പരാതി നൽകുകയും ചെയ്തിരുന്നില്ല. ഭാര്യ അല്ലാത്ത സ്ത്രീയോടൊപ്പം യാത്ര ചെയ്തു എന്നത് ആരോപണമായി ഉന്നയിക്കപ്പെട്ട വിചിത്രമായ കാലം കഴിഞ്ഞ് അര നൂറ്റാണ്ടിലേറെ പിന്നിട്ടപ്പോൾ കടുത്ത ലൈംഗിക മനോരോഗവും അധികാര ദുർവ്വിനിയോഗ വാസനയും ഉള്ളവരെക്കൊണ്ട് രാഷ്ട്രീയത്തിന്റെ മേൽത്തട്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കേരളം.

മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു എന്ന  പേരില്‍ പി.കെ.കുഞ്ഞാലിക്കുട്ടി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പി.ജെ.കുര്യന്‍, ഐ.എ.എസ് ഉദ്യോഗസ്ഥയെ കടന്നു പിടിച്ചതിന് നീലലോഹിതദാസന്‍ നാടാര്‍, വിമാനത്തില്‍ വെച്ച് സഹയാത്രികയുടെ ശരീരത്തില്‍ ബോധപൂര്‍വ്വം സ്പർശിക്കാൻ  ശ്രമിച്ചതിന് പി.ജെ.ജോസഫ്, ഭാര്യയല്ലാത്ത ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജോസ് തെറ്റയില്‍, ഭാര്യയല്ലാത്ത സ്ത്രീയുമായി ശാരീരിക ബന്ധത്തിനു ശ്രമിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന കെ.ബി.ഗണേഷ്‌കുമാര്‍, ഏറ്റവുമൊടുവില്‍ മാധ്യമപ്രവര്‍ത്തകയുമായി രതിസംഭാഷണത്തില്‍ ഏര്‍പ്പെട്ടതിന് എ.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ ലൈംഗികമായ ആരോപണങ്ങളും കേസുകളും നേരിട്ടു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ച കുറ്റത്തിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയും ഒരു സ്ത്രീയുമായി പാര്‍ട്ടി ഓഫീസില്‍ വെച്ച് ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും പാര്‍ട്ടി നടപടികള്‍ക്ക് വിധേയരായി. പി.ടി.ചാക്കോയ്ക്ക് ശേഷം,  പുറത്തറിഞ്ഞ ലൈംഗികാപവാദങ്ങളിൽ ഉൾപ്പെട്ട പ്രധാന നേതാക്കളാണ് ഇവർ.

മറ്റു ലൈംഗികാപവാദങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭാകാലത്ത് സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ലൈംഗികാരോപണങ്ങൾ. കേരളത്തിലെ ഭരണ മണ്ഡലത്തിലെ നിരവധി പ്രമുഖര്‍, ലൈംഗിക താല്പര്യത്തോടെ ഒരു സ്ത്രീയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും ഒദ്യോഗിക സൗകര്യങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുകയും ചെയ്ത സോളാര്‍ അഴിമതിക്കേസ്, നമ്മുടെ ഭരണസംവിധാനത്തിന്റെ പിടിപ്പില്ലായ്മയും ഭരണനിര്‍വ്വഹണത്തിനു പല തലങ്ങളില്‍ നേതൃത്വം നല്‍കുന്നവരുടെ ലൈംഗിക ചൂഷണവ്യഗ്രതയും എത്ര ഭയാനകമാണെന്ന് വെളിപ്പെടുത്തുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള നിരവധി ഉന്നത നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ഒന്നിച്ച് ബലാത്സംഗക്കേസുകളില്‍ പ്രതികളാകുന്ന കേരളത്തിലെ ആദ്യസംഭവമാണ് ഇത്. തങ്ങളെ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വത്തോട് അല്പം പോലും ആത്മാർത്ഥത കാണിച്ചില്ല എന്നതോടൊപ്പം ലൈംഗികതയോട്  ഈ "നേതാക്കൾ " പുലർത്തുന്ന സമീപനവും അമ്പരപ്പിക്കുന്നതാണ്. സഹായ ആവശ്യവുമായി തങ്ങളെ സമീപിച്ചത് ഒരു സ്ത്രീയാണെന്നതുകൊണ്ട് അവരുടെ ശരീരത്തിൽ ചാടി വീഴാനാണ് "നേതാക്കളും" ശിങ്കിടികളും ഉദ്യോഗസ്ഥ പ്രമാണിമാരും ശ്രമിച്ചത്. സരിതയുമായി ബന്ധപ്പെട്ടവരുടെ പേരുകൾ പുറത്തുവന്നപ്പോൾ, ആരോപണവിധേയർക്ക് ഭാര്യയും കുടുംബവും ഉണ്ടെന്നത് മറന്നുപോകരുതെന്ന പതിവ് നിലവിളിയുമുണ്ടായി.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സരിതാ നായരുടെ ലയ്‌സൺ ഓഫീസ് പോലെയാണ് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ്, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍ ജേക്കബ്ബ്, ടെന്നി ജോപ്പന്‍ തുടങ്ങിയവരെല്ലാം സരിതയെ ലൈംഗികമായി ചൂഷണം ചെയ്യുകയും തങ്ങളുടെ കഴിവിനൊത്ത രീതിയില്‍ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും മാതൃക  പിന്തുടരുന്നതില്‍ മറ്റു മന്ത്രിമാരും അവരുടെ ഓഫീസുകളും മാതൃക കാട്ടുകയും ചെയ്തു. സരിതാനായരെ ലൈംഗികമായിചൂഷണം ചെയ്യാനും സോളാര്‍ തട്ടിപ്പു കമ്പനിയെ സഹായിക്കാനും കാട്ടിയ അതേ വ്യഗ്രത, സരിതയുടെ ആരോപണങ്ങള്‍ പുറത്തുവന്നതിനുശേഷം കേസ് അട്ടിമറിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കള്‍ കാണിച്ചു. പ്രലോഭനം, സമ്മര്‍ദ്ദം, ഭീഷണി തുടങ്ങി എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും അതിജീവിച്ചുകൊണ്ടാണ് കേസ് ഈ ഘട്ടത്തിലെത്തി നില്‍ക്കുന്നത്.

സരിതയ്ക്ക് മറ്റൊന്നും ചെയ്യാൻ സമയമോ അവസരമോ നൽകാത്ത രീതിയിലായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്, അതിന്റെ നടത്തുപടിക്കാർ അവരോട് ഇടപെട്ടത്. രാത്രി ഒരു നിമിഷം ഉറങ്ങാൻ പോലും ആ സ്ത്രീക്ക് അവസരം കിട്ടിയിട്ടില്ല എന്നുവേണം അവരുടെ ഫോൺ കോളുകളുടെ വിശദവിവരങ്ങളിൽ നിന്ന് മനസിലാക്കാൻ. തുടച്ചയായി മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണമായിരുന്നു നമ്മുടെ "പ്രിയപ്പെട്ട" നേതാക്കൾ സരിതയുമായി നടത്തിയത്. ജോപ്പനും ജിക്കുമോനും സലിം രാജും മുതൽ സംസ്ഥാന ,കേന്ദ്ര മന്ത്രിമാർ വരെയുള്ളവർ സരിതയുടെ ഫോൺ ഫ്രീ ആകാൻ അങ്ങേത്തലയ്ക്കൽ ഉറക്കമൊഴിഞ്ഞു ഊഴം കാത്തു നിന്നു എന്നത് നമ്മുടെ അധികാര രാഷ്ട്രീയം എത്രമാത്രം ദൂഷിതമാണെന്നതിന്റെ ലക്ഷണമാണ്. ഏതെങ്കിലും പ്രശ്നവുമായി ജനപ്രതിനിധികളെയോ രാഷ്ട്രീയ നേതാക്കളെയോ കാണാൻ സ്ത്രീകൾക്ക് കഴിയാത്ത തരത്തിൽ സ്ത്രീവിരുദ്ധവും ലൈംഗികാക്രമവാസന നിറഞ്ഞതുമാണ് ഇവിടെ അധികാര രാഷ്ട്രീയം.

സോളാർ കേസുമായി ബന്ധപ്പെട്ട അന്വേഷണവും വിചാരണയും ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെ കുറ്റമറ്റ രീതിയിൽ നടക്കേണ്ടതുണ്ട്. ഉമ്മൻചാണ്ടിയുൾപ്പെടയുള്ളവരുടെ നേർക്ക് ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി സമൂഹം അറിയണം. ഭരണാധികാരികളുടെ താല്പര്യം അനുസരിച്ച് തെളിവുകൾ നശിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർ രക്ഷപെട്ടു പോകാൻ ഇടയാകരുത്. കേസ് അന്വേഷണം ശരിയായ വഴിക്കാണെന്ന് ഉറപ്പു വരുത്താൻ പൊതുജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തണം. നമ്മുടെ രാഷ്ട്രീയത്തെ അല്പമെങ്കിലും മാലിന്യമുക്തമാക്കാനുള്ള ചെറിയ ഒരു ശ്രമം എന്ന നിലയിൽവേണം ഈ കേസിനെ കാണാൻ.