ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 7%ലേക്ക് കൂപ്പുകുത്തുമെന്ന് ലോകബാങ്ക്

#

ന്യുഡല്‍ഹി (12-10-17) : രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ച ഈ വര്‍ഷം ഏഴുശതമാനത്തിലേക്ക് ഇടിയുമെന്ന് ലോകബാങ്ക്. നോട്ട് നിരോധനവും ചരക്ക് സേവന നികുതി നടപ്പാക്കിയതും വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായി ലോകബാങ്ക് വിലയിരുത്തി. ദ്വൈവര്‍ഷ ദക്ഷിണേഷ്യ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലനില്‍ക്കുന്ന വളര്‍ച്ചയിലൂടെ മാത്രമേ ദാരിദ്യം കുറക്കാനാകൂ എന്നും അനൗദ്യോഗിക സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ വളര്‍ച്ചാ മാന്ദ്യം ദക്ഷിണേഷ്യയെ ആകെ ബാധിച്ചിട്ടുണ്ട്. നിക്ഷേപം കുറഞ്ഞതിനെ തുടര്‍ന്ന് വിപണിയില്‍ ആവശ്യം കുറഞ്ഞു. ജിഎസ്ടി ഉണ്ടാക്കിയ പ്രത്യാഘാതം തുടരും. തടസങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ സ്വാകാര്യ നിക്ഷേപത്തെ ബാധിക്കും. ആഗോളവിപണിയില്‍ നിന്നുളള സമ്മര്‍ദ്ദം കൂടിയാകുമ്പോള്‍ വളര്‍ച്ചാരംഗത്ത് വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യ വളര്‍ച്ചയുടെ വഴിയിലേക്ക് തിരികെ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുചെലവ് വര്‍ധിപ്പിച്ചും സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിച്ചും ശക്തമായ നയങ്ങള്‍ നടപ്പാക്കിയാല്‍ വളര്‍ച്ച 2018 ല്‍ 7.3 ശതമാനത്തിലെത്തിക്കാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.