പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്

#

(12-10-17): രാജ്യാന്തര ഫുട്ബോളില്‍നിന്നും പാകിസ്ഥാനെ ഫിഫ വിലക്കി. വിലക്കിനെതുടര്‍ന്ന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. ഫുട്ബോള്‍ ഫെഡറേഷനില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടെന്നു കണ്ടെത്തിയാണ് നടപടി. ദേശീയ ടീം ഉള്‍പ്പെടെയുള്ള ടീമുകള്‍ വിലക്കിന്റ കീഴില്‍ വരും. കൂടാതെ നിലവില്‍ പാക് ഫുട്ബോള്‍ ഫെഡറേഷന് ലഭ്യമായി കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടികളും ഫണ്ടുകളും നഷ്ടപ്പെടുകയും ചെയ്യും.

ഇപ്പോള്‍ പാക് ഫുട്ബോള്‍ ഫെഡറേഷനില്‍ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മൂന്നാം കക്ഷിയായ കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്ററാണ് പാക് ഫെഡേറഷനെ നിയന്ത്രിക്കുന്നത്. സംഭവത്തെക്കുറിച്ച പാക് മന്ത്രാലയങ്ങള്‍ പ്രതികരിച്ചിട്ടില്ല. കാര്യങ്ങള്‍ വ്യക്തമായി പഠിച്ചതിനു ശേഷമാവും മന്ത്രാലയങ്ങള്‍ പ്രതികരിക്കുക.

നിലവില്‍ 2015 ലോകകപ്പ് യോഗ്യത മത്സരത്തില്‍ യെമനുമായായിരുന്നു പാകിസ്ഥാന്റെ അവസാന രാജ്യാന്തര മത്സരം. പിന്നീട് ഇതുവരെ പാകിസ്ഥാന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. ലോകകപ്പിലും ഇതുവരെ പാകിസ്ഥാന്‍ കളിച്ചിട്ടില്ല. ഫിഫാ റാങ്കിങില്‍ 200ാം സ്ഥാനത്താണ് പാകിസ്ഥാന്‍.