രണ്ടുപേര്‍ ചുംബിക്കുമ്പോള്‍

#

(12-10-17) : ( പ്രണയം ഉൾപ്പെടയുള്ള സ്വാഭാവിക വികാരങ്ങൾ നൈസർഗ്ഗികമായും സത്യസന്ധമായും ആവിഷ്കരിക്കാൻ മനുഷ്യർക്ക് വിലക്കുകകളും നിയന്ത്രണങ്ങളും ഉള്ള സമൂഹമാണ് നമ്മുടേത്. അത്തരം വിലക്കുകൾക്ക് എതിരായ പ്രതിരോധങ്ങൾ എക്കാലത്തും ഉണ്ടായിട്ടുമുണ്ട്. സദാചാരത്തിന്റെ പേരിലുള്ള അടിച്ചമർത്തലുകൾക്ക് എതിരായ സംഘടിത പ്രതിരോധമായിരുന്നു കേരളത്തിൽ നടന്ന ചുംബനസമരം. ചുംബനസമരത്തിന്റെ പശ്ചാത്തലത്തിൽ, പ്രണയത്തെയും സദാചാരപോലീസിങ്ങിനെയും സിനിമയിലൂടെ നോക്കിക്കാണാനുള്ള ശ്രമമാണ് പ്രതാപ് ജോസഫ് സംവിധാനം ചെയ്ത "രണ്ടുപേർ ചുംബിക്കുമ്പോൾ" എന്ന സിനിമ. നിർമ്മാണത്തിലും വിതരണത്തിലും നടപ്പുരീതികളിൽ നിന്ന് വേറിട്ട മാർഗ്ഗം പിന്തുടരുന്ന ഈ സിനിമ കഴിഞ്ഞ 4 ദിവസമായി കോഴിക്കോട് മാനാഞ്ചിറ ടവറിലെ ഓപ്പൺ സ്‌ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ വലിയ പ്രേക്ഷക പങ്കാളിത്തമാണുണ്ടായത്. എം.ഡി.രാധിക എഴുതിയ "ഒരു ദൃഷ്ടാന്തകഥ " എന്ന ചെറുകഥയാണ് സിനിമയുടെ പ്രചോദനം. സിനിമയെക്കുറിച്ച് എം.ഡി.രാധിക എഴുതുന്നു.)

കേരളത്തില്‍ നടന്ന ചുംബനസമരത്തിന്റെ മർദ്ദം കൂടിയ സാമൂഹികാന്തരിക്ഷമില്ലായിരുന്നെങ്കില്‍ എന്റെ "ഒരു ദൃഷ്ടാന്തകഥ"" എഴുതപ്പെടുമായിരുന്നില്ല. ആ സമരത്തില്‍, ഒരു ആക്ടിവിസ്റ്റ് അല്ലാത്ത ഞാന്‍ എവിടെ നില്‍ക്കുന്നു എന്നെനിക്ക് ലോകത്തോട് പറയണമായിരുന്നു. എന്റെ പ്രധാന മാധ്യമം ചെറുകഥയാണ്. അതിനാല്‍ അതിലൂടെത്തന്നെ സ്‌നേഹം വെറുപ്പിനേക്കാളും യുദ്ധത്തേക്കാളും ഒക്കെ എത്ര നല്ലതാണെന്ന, അതിന് നിയമങ്ങള്‍ വെയ്ക്കാന്‍ കഴിയില്ലെന്ന സത്യം വായനക്കാരോട് പറയാമെന്ന് വിചാരിച്ചു. ഒരുപാട് നല്ല പ്രതികരണങ്ങള്‍ വായനക്കാരില്‍ നിന്നും മറ്റെഴുത്തുകാരില്‍ നിന്നുമുണ്ടായി, മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ആ നന്നേ ചെറിയ കഥക്ക്.

കവിതയെഴുതുന്ന ഒരു സിനിമാറ്റോഗ്രാഫറും ഫിലിം മേയ്ക്കറുമാണ് പ്രതാപ് ജോസഫ്. അതുകൊണ്ടാവണം ഈ കഥ അദ്ദേഹത്തിന്റെ ഉളളിലേക്ക് പ്രവേശിച്ചത്. ഇത്തവണ നോബല്‍സമ്മാനം ലഭിച്ച കാസ്യൂവോ ഇഷിഗൂറോ എന്ന എഴുത്തുകാരന്‍ പറഞ്ഞപോലെ, സാഹിത്യം സിനിമയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയല്ല ചെയ്യുന്നത്. അത് സിനിമയ്ക്ക് അസംസ്‌കൃത വസ്തു (raw material) ആവുകയാണ്. അങ്ങനെ പ്രതാപിന്റെ "രണ്ടുപേര്‍ ചുംബിക്കുമ്പോള്‍" എന്ന സിനിമ "ഒരു ദൃഷ്ടാന്ത കഥ"യില്‍ നിന്നും ഉത്ഭവിച്ചു.

കഥയ്ക്കപ്പുറവും ഇപ്പുറവും സംവിധായകന്റെ ഭാവനയുടെ ചിറകുകളില്‍, ഏറെ സഞ്ചരിക്കുന്നുണ്ട് ഈ എഴുപത് മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രം. സദാചാര പൊലീസിങ്ങിന്റെ എന്നുപറഞ്ഞാല്‍ പോരാ, സദാചാര ഭീകരതയുടെ തന്നെ നമ്മെ ചകിതരാക്കുന്ന ഒരുമുഖം ഏറെ സൂക്ഷ്മമായി തുറന്നുകാട്ടുന്നു ഈ സിനിമ ; അതിനെതിരെ സ്വത്വബോധമുളള മനുഷ്യര്‍ നടത്തുന്ന ചെറുതും വലുതുമായ ചെറുത്തു നില്‍പ്പുകളെയും.

കച്ചവട സിനിമയുടെ ത്വരിതഗതിയിലല്ല, ജീവിതത്തിന്റെ മന്ദമായ തനതു താളത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. ഉദ്‌ഘോഷിക്കലിന്റെ സ്വരത്തിലല്ല, മനുഷ്യന്റെ കരച്ചിലിന്റേയും ചിരിയുടേയും താഴ്ന്ന ഒച്ചയിലാണ് അത് സംസാരിക്കുന്നത്. ആ ശൈലി ഫലവത്താക്കുന്നതില്‍ അഭിനേതാക്കളും പ്രകൃതിദൃശ്യങ്ങളും സംവിധായകന് കൂട്ടു വന്നു.

കോടികള്‍ മറിയുന്ന സിനിമാരംഗത്ത്, രണ്ടു ലക്ഷത്തില്‍ താഴെ മാത്രം ചെലവ് ചെയ്ത് crowd funding നെ ആശ്രയിച്ച് നിര്‍മ്മിച്ച ഈ സുന്ദരമായ ചിത്രം സിനിമയെ ആത്മാന്വേഷണമായി കാണുന്നവര്‍ അങ്ങനെയുളളവര്‍ക്ക് വേണ്ടി എടുത്തിട്ടുളളതാണെന്നാണ് അത് കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. കൃത്യമായി ഇംഗ്ലിഷ് subtitles കൊടുത്തിട്ടുളളതിനാല്‍ കേരളത്തിന്റെ അതിരുകളില്‍ ഒതുങ്ങേണ്ട ആവശ്യവുമില്ല ഈ ചിത്രത്തിന്.