തോമസ് ചാണ്ടിക്ക് തിരിച്ചടി :മാർത്താണ്ഡം കായൽ നികത്തരുതെന്ന് ഹൈക്കോടതി

#

കൊച്ചി (12-10-17) : ലേക്ക് പാലസ് റിസോർട്ടിനായി മാർത്താണ്ഡം കായൽ നികത്തിയ കേസിൽ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി. കായൽ മണ്ണിട്ട് നികത്തുന്നത് അടിയന്തിരമായി തടയണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി തഹസിൽദാരുടെ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കണമെന്നും നിർദ്ദേശിച്ചു. കയ്യേറ്റത്തിനെതിരെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. 10 ദിവസത്തിന് ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും. കയ്യേറ്റ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്ത് അംഗം ബി.കെ.വിനോദ് നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം.

മാർത്താണ്ഡം കായൽ കയ്യേറി നികത്തിയ സ്ഥലത്തുനിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് നിർദ്ദേശം നൽകിയതായി സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ എല്ലാ വകുപ്പുകളും നിയമം കർശനമായി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.