ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃക : മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

#

കോഴിക്കോട് (12-10-17) : കേരളത്തിലെ ആരോഗ്യമേഖലയെ പ്രശംസിച്ച് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ആരോഗ്യ രംഗത്തിനെതിരെ  ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഡോക്ടര്‍ ദീപക് സാവന്ത് പറഞ്ഞത്. കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നതിനെ കുറിച്ച് പഠനത്തിനെത്തിയതായിരുന്നു മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും സംഘവും.

ശിശുമരണ നിരക്ക് കുറച്ച് കേരളം ആരോഗ്യരംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ കുറിച്ച് പഠിക്കാനാണ് ശിവസേനാ നേതാവ് കൂടിയായ മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്ത് എത്തിയത്. കേരളത്തിലെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രികള്‍ സന്ദര്‍ശിച്ചാണ് പഠനം.

കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി സന്ദര്‍ശിച്ച ദീപക് സാവന്ത് കേരളത്തിലെ ആരോഗ്യരംഗത്തെ പുരോഗതിയെ അഭിനന്ദിച്ച് സംസാരിച്ചു. യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളം എല്ലാവർക്കും മാതൃകയാണെന്നായിരുന്നു ദീപക് സാവന്തിന്റെ പ്രതികരണം. രോഗീപരിചരണം, ശുചിത്വം എന്നീ കാര്യങ്ങളിലും കേരളത്തിലെ സര്‍ക്കാർ ആശുപത്രികള്‍ മികവ് പുലര്‍ത്തുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങള്‍ മഹാരാഷ്ട്രയിലെ ആരോഗ്യ രംഗത്തും നടപ്പിലാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.