അമിത്ഷായുടെ മകനെ പിന്തുണച്ച് ആര്‍.എസ്.എസ്

#

ന്യൂഡല്‍ഹി (12-10-17) : ബി.ജെ.പി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 50000 രൂപയില്‍ നിന്ന് 80 കോടിയിലേറെയായി വര്‍ദ്ധിച്ചു എന്ന ആരോപണത്തില്‍ ജയ്ഷായെ പിന്തുണച്ച് ആര്‍.എസ്.എസ്. ബാങ്ക് വായ്പ നേടിയത് സുതാര്യമായ മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും വായ്പാതുക, പലിശയടക്കം പൂര്‍ണ്ണമായും തിരിച്ചടച്ചിട്ടുണ്ടെന്നും ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നാണ് ആര്‍.എസ്.എസ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ 50000 രൂപ വാര്‍ഷികവരുമാനം മാത്രമുണ്ടായിരുന്ന കമ്പനിയുടെ അതിനുമുമ്പുള്ള വര്‍ഷങ്ങളിലെ വരുമാനം 5000 ല്‍ താഴെയുള്ള തുകയാണ്. അത്തരമൊരു കമ്പനിക്ക് ഭീമമായ തുക വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായതെങ്ങനെയാണെന്നും അമിത്ഷായുടെ സ്വാധീനം കൊണ്ടുമാത്രമല്ല ജയ്ഷായ്ക്ക് ഇത്രയും വലിയ തുക വായ്പയായി ലഭിച്ചത് എന്നുമുള്ള ചോദ്യങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് നേതാവ് ഒഴിഞ്ഞുമാറി.