ഐ.എഫ്.എഫ്.കെ : പാസ് നിയന്ത്രിച്ചും ഫീസ് കൂട്ടിയും പുതിയ ക്രമീകരണം

#

തിരുവനന്തപുരം (12-10-17) : ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.  ഡെലിഗേറ്റ് പാസ് കുറയ്ക്കുകയും ചെയ്യും. ചലച്ചിത്ര അക്കാദമിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് ഒഴിവാക്കാന്‍ പാസ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 150 രൂപ വര്‍ദ്ധിപ്പിച്ച് ഡെലിഗേറ്റ് പാസ് 650 ആയും വിദ്യാർത്ഥികളുടെ പാസ് 320 ആയുമാണ് തുക ക്രമീകരിച്ചിരിക്കുന്നത്. തീയറ്റര്‍ സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് ഡെലിഗേറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ചലച്ചിത്ര അക്കാഡമിക്ക് സാംസ്‌കാരികവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ ഇത്തവണ 10,000 പാസുകള്‍ അനുവദിച്ചാല്‍ മതിയെന്ന തീരുമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 14 തീയറ്ററുകളില്‍ ഇത്തവണ പ്രദര്‍ശനം ഉണ്ടാവും. ഡിസംബര്‍ എട്ടുമുതല്‍ 16 വരെയാണ് ചലച്ചിത്ര മേള.

14 തിയേറ്ററുകളിലായി ഇരുനൂറോളം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായി എത്തും. ഇത്തവണ റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സോക്കുറോവിനാണ്‌സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം . കാന്‍, ബെര്‍ലിന്‍ ചലച്ചിത്ര മേളകളിലുള്‍പ്പെടെ ഒട്ടേറേ അന്തര്‍ദേശീയ പുരസ്‌ക്കരങ്ങള്‍ നേടിയിട്ടുണ്ട്. ഇരുപതോളം ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.