സോളാർ കേസ് :സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കലിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് ചെന്നിത്തല

#

ന്യൂഡൽഹി (12-10-17) : സോളാർ കമീഷൻ റിപ്പോർട്ടിനെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്ന സർക്കാർ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് പൂർണ്ണമായും നിയമസഭയിൽ വെക്കുന്നതിനു പകരം സർക്കാരിന് താൽപ്പര്യമുള്ള ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത പ്രസിദ്ധപ്പെടുത്തിയത് ചട്ട ലംഘനമാണ്. അല്ലെങ്കിൽ പ്രതിപക്ഷത്തിന് പകർപ്പ് നൽകിയ ശേഷം പുറത്തുവിടണമായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിലെന്നും ജനങ്ങൾക്ക് ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

32 ക്രിമിനൽ കേസുകളിൽ പ്രതി ആയിരുന്ന സരിതയുടെ വാക്കും കേട്ട് കേസ് എടുത്താൽ കോൺഗ്രസ്സ് നേതാക്കൾ ഭയപ്പെടുമെന്ന സർക്കാർ കരുതരുത്.കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപി ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ അവരെ സഹായിക്കാനായി സർക്കാർ ഇതുപോലെയുള്ള നീക്കങ്ങൾ നടത്തുന്നത് പതിവാണ്. അമിത് ഷായുടെ മകനെതിരെ അഴിമതി ആരോപണം ഉയർന്നപ്പോൾ സർക്കാർ സോളാർ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം അടർത്തി പുറത്തുവിട്ടത് ബിജെപിയെ സഹായിക്കാനാണ്. മുൻപ് ബിജെപി നേരിട്ട മെഡിക്കൽ കോഴ കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി സി.പി.എം ബിജെപി ഓഫീസ് ആക്രമിച്ചു. കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കി ബിജെപിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.