ആരുഷി കൊലക്കേസ് : മാതാപിതാക്കളെ കുറ്റവിമുക്തരാക്കി

#

അലഹബാദ് (12-10-17) :  ആരുഷി തൽവാർ വധക്കേസിൽ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ഇരുവരെയും വെറുതെവിട്ടത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിച്ച സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാ​ജേ​ഷ് ത​ല്‍​വാ​റും നു​പു​ര്‍ ത​ല്‍​വാ​റും നൽകിയ ഹർജിയിലാണ് കോടതി വിധി.

2008 മേ​യ് 16 നാ​ണു  14 വ​യ​സു​കാ​രി​യാ​യ ആ​രു​ഷി​യെ വീടിനുള്ളിൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ മു​റി​വേ​റ്റാ​യി​രു​ന്നു മ​ര​ണം. പ്ര​തി​യെ​ന്നു സം​ശ​യി​ച്ച വീട്ടുജോലിക്കാരൻ ഹേം​രാ​ജി​നെ പി​ന്നീ​ടു വീ​ടി​ന്‍റെ ടെ​റ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.  ആദ്യം കേസ് അന്വേഷിച്ച യുപി പൊലീസ് രാജേഷ് തൽവാറിനെ കസ്‌റ്റഡിയിലെടുത്തു. എന്നാൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്‌തമായതോടെ അന്വേഷണം സിബിഐയ്‌ക്കു കൈമാറി.കേസ് അന്വേഷിച്ച ആദ്യ സിബിഐ സംഘം രാജേഷിന്റെയും നൂപുറിന്റെയും ഡന്റൽ ക്ലിനിക്കിലെ കംപൗണ്ടർ കൃഷ്‌ണയെയും രണ്ടു സുഹൃത്തുക്കളെയും പ്രതിചേർത്തു കുറ്റപത്രം സമർപ്പിച്ചു. കേസ് അന്വേഷിച്ച രണ്ടാം സിബിഐ സംഘമാണു കേസിൽ രാജേഷിനും നൂപുറിനും പങ്കുണ്ടെന്നു കണ്ടെത്തിയത്. എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതു തള്ളിയ മജിസ്‌ട്രേട്ട് കോടതി മാതാപിതാക്കളെ പ്രതിചേർത്തു വിചാരണ തുടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.

ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ കേസിൽ രാജേഷ് തൽവാറിനും ഭാര്യ നൂപുർ തൽവാറിനും ജീവപര്യന്തം തടവാണ് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നത്. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ വ്യക്‌തമാക്കി.