കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ കളിക്കളമൊഴിയണം ; വിരമിക്കല്‍ പ്രഖ്യാപനം നടത്തി ആശിഷ് നെഹ്‌റ

#

ഹൈദരാബാദ് (12/10/17) : കളി മതിയാക്കാനൊരുങ്ങി ഇടംകൈയ്യന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ന്യൂസിലാന്റിനെതിരെ അടുത്തമാസം നടക്കുന്ന ട്വന്റി-20 ആണ് അവസാനമത്സരമെന്ന് താരം പ്രഖ്യാപിച്ചുകഴിഞ്ഞു. ക്രിക്കറ്റ് ജീവിത്തിന് തുടക്കം കുറിച്ച ഡല്‍ഹിയിലെ ഫിറോഷാ കോട്‌ല മൈതാനത്തില്‍ തന്നെയാണ് നെഹ്‌റയുടെ അവസാനമത്സരവും.

ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാവുമ്പോള്‍ത്തന്നെ വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നെഹ്‌റ വ്യക്തമാക്കി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണ്. ഇനി ഐപിഎല്ലില്‍ പങ്കെടുക്കാനും താന്‍ ഉണ്ടാകില്ലെന്നും നെഹ്‌റ അറിയിച്ചു. ഒരു വര്‍ഷം കൂടി കളിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും എന്നാല്‍ ഇത് വിരമിക്കാന്‍ ഉള്ള സമയമാണെന്നും ആ ഇടംകൈയ്യന്‍ പേസര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പേസ്ബൗളിങ് കളിക്കാര്‍ മികച്ച ടീമാണെന്നും 2019-ലെ ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. ഹൈദരാബാദില്‍ മാധ്യമങ്ങളോട് വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

199ലാണ് നെഹ്‌റ ഇന്ത്യന്‍ ജേഴ്‌സി എടുത്തണിഞ്ഞത്. 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നെഹ്‌റെ പിന്നീടങ്ങോട്ടുള്ള മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ രിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനായി നെഹ്‌റ 23 റണ്‍സിന് ആറ് വിക്കറ്റുകള്‍ നേടി. 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ള നെഹ്‌റ 17 ടെസ്റ്റുകളിലടക്കം 120 ഏകദിനത്തിലും 26 ട്വന്റി-20 കളിലും പന്തെറിഞ്ഞിട്ടുണ്ട്.