ഇത്രയ്ക്ക് ചീപ്പല്ല ശ്രീനാരായണഗുരു ; ജെ രഘുവിന് ഒരു വിയോജനക്കുറിപ്പ്

#

(12-10-17) : അഖിലയെന്ന ഹാദിയയോട് നാരായണഗുരു പറയുമായിരുന്നത് എന്ന പേരിൽ ജെ രഘു എഴുതിയ ലേഖനം വായിച്ചു. ശ്രീനാരായണഗുരുവിനെ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ള മറ്റൊരാൾ എന്ന നിലയ്ക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങളോടുള്ള എന്റെ പ്രതികരണമാണ് ഇത്.

തുടക്കം തന്നെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റ്

ഒന്നാമതായി പറയാനുള്ളത്, അദ്ദേഹം ആ ലേഖനം തുടങ്ങിവയ്ക്കുന്ന ഉദ്ധരണി തന്നെ ഹാദിയയുടെ കാര്യത്തിൽ തീർത്തും out of context ആണെന്നാണ്. അബോധപൂർവ്വവും അനിച്ഛാ പൂർവ്വവുമായ ഒരു "വരണ"മാണ് മതം. ആരും മതം തിരഞ്ഞെടുക്കുന്നില്ല. ഏതെങ്കിലുമൊരു മതത്തിലേക്ക് ജനിച്ചുവീഴുകയാണ് ചെയ്യുന്നത്" എന്നൊക്കെയാണ് ആ വരികളിൽ പറയുന്നത്. നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളുടെ കാര്യത്തിലും അതു ശരിയുമാണ്. എന്നാൽ "ജന്മനാ ചാർത്തിക്കിട്ടിയ" ഒരു മതത്തിന്റെ വിഷയമല്ല ഇവിടെ നമ്മൾ സംസാരിക്കുന്നത് എന്നറിയാവുന്ന ശ്രീനാരായണഗുരു ഈ വിഷയത്തിൽ അതുതന്നെ പറയുമായിരുന്നോ എന്നെനിക്കു സംശയമാണ്. ഒരിടത്ത് പറഞ്ഞ കാര്യം സന്ദർഭമൊന്നും നോക്കാതെ എല്ലായിടത്തും കൊണ്ട് കോപ്പി പേസ്റ്റ് ചെയ്യുന്ന എഫ് ബി ആക്റ്റിവിസ്റ്റുകളുടെ കൂട്ടത്തിൽ പെടുന്ന ആളാവാൻ സാധ്യതയില്ലല്ലോ അദ്ദേഹം.

അപ്പോൾ, "ആരും മതം തിരഞ്ഞെടുക്കുന്നില്ല" എന്നതിൽ നിന്നുമാറി, ഒരാൾ മതം സ്വയം തിരഞ്ഞെടുക്കുന്ന സന്ദർഭത്തെപ്പറ്റി അദ്ദേഹം എന്താണ് പറഞ്ഞതെന്നുകൂടി നോക്കണമല്ലോ.

മതം മാറ്റത്തെപ്പറ്റി ഗുരു

മതം മാറ്റത്തെപ്പറ്റി വളരെ ഉദാരമായ ഒരു മനോഭാവമായിരുന്നു ശ്രീനാരായണഗുരു വച്ചുപുലർത്തിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. "ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളിൽ അറിയപ്പെടുന്ന മതങ്ങളിൽ ചേർന്നിരിക്കുന്നവരിൽ ഒരാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെന്നു വന്നാൽ ആ മതം മാറുക തന്നെയാണു വേണ്ടത്. വിശ്വാസമില്ലാത്ത മതത്തിൽ ഇരിക്കുന്നതു ഭീരുതയും കപടതയുമാണ്. അവൻ മതം മാറുന്നത് അവനും നന്നാണ്, വിശ്വാസമില്ലാതായ മതത്തിനും നല്ലതാണ്" എന്നാണ് സി. വി. കുഞ്ഞുരാമനുമായി നടത്തിയ തന്റെ സംഭാഷണത്തിൽ ഗുരു പറയുന്നത്. 1925 ഒക്ടോബർ 8-ന് ഈ സംഭാഷണം കേരളകൗമുദിയിൽ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചുവന്നു. (കെ. ദാമോദരൻ, ശ്രീനാരായണഗുരുസ്വാമി ജീവചരിത്രം.)

1923 മെയ് 30-ന്, കേരളത്തിലെ ഈഴവർക്കിടയിൽ മതപരിവർത്തനത്തെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും ചൂടുപിടിച്ചുനിന്ന കാലത്ത്, സഹോദരൻ അയ്യപ്പനുമായി ഗുരു നടത്തിയ സംഭാഷണവും പ്രശസ്തമാണ്. അതിൽ അദ്ദേഹം പറയുന്നു, "മതം മാറണമെന്നു തോന്നിയാൽ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം.. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകന് ഇഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്, അതാണു നമ്മുടെ അഭിപ്രായം." (കോട്ടുക്കോയിക്കൽ വേലായുധൻ, ശ്രീനാരായണഗുരു, കറന്റ് ബുക്സ് കോട്ടയം, 2007).

സെമിറ്റിക് മതങ്ങളിലേക്കുള്ള മതം മാറ്റത്തെ വലിയൊരു കുറ്റമായും രാജ്യദ്രോഹമായും കാണാൻ ശ്രമിക്കുകയും ബലം പ്രയോഗിച്ചും അല്ലാതെയുമുള്ള "ഘർ വാപ്പസി" ആഘോഷമാവുകയും ചെയ്യുന്ന ഇക്കാലത്ത് മതം മാറ്റത്തെപ്പറ്റിയുള്ള ഈ "ലിബറൽ" ചിന്തകൾ നമ്മെ ചിന്തിപ്പിക്കേണ്ടതാണ് എന്നെനിക്കു തോന്നുന്നു.

യൂറോപ്യൻ പ്രബുദ്ധതാ പ്രസ്ഥാനത്തിലൊതുങ്ങുമോ ഗുരുചിന്തകൾ?

അതിനുശേഷം ജെ രഘു തന്റെ ലേഖനത്തിൽ മുഖ്യമായും പറയുന്നത് യൂറോപ്യൻ പ്രബുദ്ധതാ പ്രസ്ഥാനത്തെക്കുറിച്ചാണ്. "യൂറോപ്യൻ പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെ താത്വികമായ അന്തർധാരയെന്നത്, മതത്തിന്റെ അടിമത്തത്തിൽ നിന്ന് യുക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വികാസമാണ്" എന്നൊക്കെ അദ്ദേഹം പറയുന്നു. അത് ശരിയാണ്. എന്നാൽ ശ്രീനാരായണഗുരു പിൻപറ്റിയത് ആ പ്രസ്ഥാനത്തെയോ അതിന്റെ  താത്വികമായ അന്തർധാരയെയോ ആയിരുന്നോ? അല്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്.

ദൈവമുള്ള, മതമുള്ള, മതദ്വേഷമില്ലാത്ത ലോകം

ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ കേരളം കേട്ട ആദ്യത്തെ "secular sermons" ആണെന്നാണ് "ചരിത്രത്തെ അഗാധമാക്കിയ ഗുരു" എന്ന പുസ്തകത്തിൽ കെ പി അപ്പൻ നിരീക്ഷിക്കുന്നത്. എന്നാൽ ആ വചനങ്ങൾ "സെക്കുലർ" ആവുന്നത് നാം ആ വാക്കിനെ ഇന്നറിയുന്ന അർത്ഥത്തിലല്ല. യൂറോപ്പിൽ രൂപപ്പെട്ട "മതത്തിൽ നിന്നു മുക്തമായ രാഷ്ട്രം" എന്ന അർത്ഥത്തിലുള്ള സെക്കുലറിസത്തിത്തിൽ നിന്നും അതിനെ തങ്ങളുടെ സമൂഹത്തിലെ ജാതി / മത അധികാര സ്ഥാപനങ്ങളെ നോവിക്കാത്ത രീതിയിൽ "എല്ലാ മതങ്ങളുടെയും പുരോഹിത വർഗ്ഗത്തെ മാനിക്കുന്ന" ഒന്നായി രൂപാന്തരപ്പെടുത്തിയ നെഹ്രുവിയൻ "ഇന്ത്യൻ സെക്കുലറിസ"ത്തിൽ നിന്നും ഒരേ സമയം വേറിട്ടു നിൽക്കുന്നു ഗുരുവിന്റെ ഈ "സെക്കുലർ" സുവിശേഷങ്ങൾ. ജാത്യാധികാരത്തിൽ അധിഷ്ടിതമായ പുരോഹിതവർഗ്ഗങ്ങളുടെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നതും അതേസമയം ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുമായ ഒന്നാണത്. അരുവിപ്പുറത്തെ പ്രശസ്തമായ ആലേഖനം തന്നെ നോക്കുക -- മതം പാടില്ല എന്നോ മതഭേദം പാടില്ല എന്നോ അല്ല അതിൽ പറയുന്നത്, "മതദ്വേഷം" കൂടാതെ "സോദരത്വേന വാഴുന്ന" സ്ഥലമാണിത് എന്നാണ്. അതോടൊപ്പം തന്നെ ജാതിഭേദമില്ല എന്നുറപ്പിക്കുകയും ചെയ്യുന്നു അത്.

ഒരു ദശകത്തിനുള്ളിൽ നൂറിലേറെ ആരാധനാ കേന്ദ്രങ്ങൾ ശ്രീ നാരായണഗുരു സ്ഥാപിച്ചതായി The Word of the Guru എന്ന പുസ്തകത്തിൽ നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു പറയുന്നുണ്ട്. ("Within a period of less than a decade he established more than a hundred places of worship on the west coast of India alone" -- Nataraja Guru, The Word of The Guru, D.K. Printworld, New Delhi, 2003). ജനജീവിതത്തിൽ ആരാധനാലയങ്ങൾക്കുള്ള പ്രസക്തി മനസ്സിലാക്കിയ ഒരാളാണ് ഗുരു എന്നാണ് ഇതിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നത്. അതും "സെക്കുലർ" എന്ന വാക്കിന്റെ "യൂറോപ്യൻ" അർത്ഥങ്ങൾക്കു പുറത്താണ്.

"മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കുമനുസരിച്ചു ഭിന്നമതങ്ങള്‍ കൂടിയേ തീരൂ. എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒറ്റമതം ഉണ്ടാവാന്‍ പ്രയാസമാണ്. എന്റെ മതം സത്യം, മറ്റുള്ളവരുടെ മതം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മതവുമായിട്ട് നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യുവാന്‍ നമുക്കെപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അര്‍ത്ഥമുള്ളൂ.."

അച്യുതന്‍ മേസ്തിരി എന്നൊരാൾ  കൊല്ലം പട്ടത്താനത്ത് പണികഴിപ്പിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനത്തിനെത്തിയ അവസരത്തില്‍ ഗുരു നടത്തിയ പ്രസംഗമാണിത്. കുമാരനാശാന്‍, സി വി കുഞ്ഞുരാമന്‍, ടി കെ മാധവന്‍ തുടങ്ങിയവർ അവിടെ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഒന്നുരണ്ടു കൊല്ലമായി കേരളത്തിലെ ഇടതുപക്ഷ സംഘടനകൾ വലിയ തോതിൽ ആഘോഷിച്ചുകൊണ്ടിരിക്കുന്ന "ജാതിയില്ലാ വിളംബര"ത്തിനു ശേഷം ഒന്നുരണ്ടു മാസത്തിനുള്ളിൽ നടന്ന ഈ പ്രസംഗത്തിലെ ചില വരികൾ ആ വിളംബരത്തിലെ വരികളെ ഒന്നുകൂടി വിശദീകരിക്കുന്നതായി കാണാം. 1916 ജൂലായ് 16-ലെ "സ്വദേശാഭിമാനി" പത്രത്തിൽ ഇതു പ്രസിദ്ധീകരിച്ചുവന്നു (സി ആർ കേശവൻ വൈദ്യർ, ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, ഡി സി ബുക്സ് കോട്ടയം, 1990).

ദൈവവിശ്വാസത്തെക്കുറിച്ച് ഗുരു നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും പ്രസക്തമാണ്. സി വി കുഞ്ഞുരാമനുമായുള്ള (മുകളിൽ സൂചിപ്പിച്ച, കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച) സംഭാഷണത്തിൽ അദ്ദേഹം പറയുന്നത്, "നാസ്തികവാദം ചില വ്യക്തികൾ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം മാത്രമാണ്. അതൊരിക്കലും ഒരു സമുദായത്തിന്റെ മതമായിരുന്നിട്ടില്ല" എന്നും "ബുദ്ധമതം നാസ്തികമതമായിരിക്കാൻ ഇടയില്ല. ശുദ്ധനാസ്തികമതത്തിൽ ഒരു ജനസമുദായത്തിന് ഇത്ര ദീർഘകാലം നിലനിൽക്കുക എന്നുള്ളതു സംഭവ്യമല്ല" എന്നും "എല്ലാ മതങ്ങളുടെയും ഉദ്ദേശം ഒന്നുതന്നെ. നദികൾ സമുദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കടൽ എന്നുമുണ്ടോ? ജീവാത്മാക്കൾക്ക് ഊർദ്ധ്വമുഖത്വം ഉണ്ടാക്കാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ, അതുകഴിഞ്ഞാൽ സൂക്ഷ്മം അവർ താനേ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും" എന്നുമാണ്.

മതങ്ങളുടെ പരസ്പര വിദ്വേഷമില്ലാത്ത സഹവർത്തിത്വത്തെക്കുറിച്ച് ധാരാളമായി ചിന്തിക്കുകയും പറയുകയും ചെയ്ത ആളായതുകൊണ്ടുകൂടി ആകണം ശ്രീനാരായണഗുരു കേരളത്തിൽ "ഹിന്ദു"മതത്തിനു പുറത്തും സ്വീകാര്യനായത്. ശ്രീനാരായണഗുരുവിനെ പ്രവാചകരിൽ ഒരാളായി കണ്ടുകൊണ്ട് "ശ്രീനാരായണഗുരു - പ്രവാചകസങ്കല്പത്തിന്റെ കേരളീയ ആവിഷ്കാരം" എന്ന പേരിൽ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഒരു പുസ്തകം തന്നെ എഴുതുകയുണ്ടായി (1993). "ദൈവദശക"ത്തിലെ "നാവികൻ നീ ഭവാബ്ധിക്കൊരാവിവൻതോണി നിൻപദം" എന്ന വരിയിലെ ദൈവസങ്കല്പം സെമിറ്റിക് മതങ്ങളോട് സാദൃശ്യമുള്ള ഒന്നാണ് എന്ന് കവി പി എൻ ഗോപീകൃഷ്ണൻ നിരീക്ഷിക്കുകയുണ്ടായി ("ഗുരുവിന്റെ ലോകം" സെമിനാർ, കൊടുങ്ങല്ലൂർ, ഒക്ടോബർ 2016). ഗുരുവിന്റെ ഏകദൈവസങ്കല്പം ഇസ്‌ലാമിലെ ദൈവസങ്കല്പത്തോട് സാദൃശ്യമുള്ള ഒന്നാണ് എന്ന് കെ സുകുമാരനും അഭിപ്രായപ്പെട്ടിട്ടുണ്ട് ("ഒരു ദൈവം, ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ആദര്‍ശത്തെ മറ്റെല്ലാ മതങ്ങളെക്കാളും പരിപൂര്‍ത്തിയായി പ്രതിഫലിക്കുന്നതുകൊണ്ട് നമുക്ക് ഇസ്ലാം മതം പോലെ ചേര്‍ചയായ മതം മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല.." - കെ. സുകുമാരൻ, അസവർണർക്ക് നല്ലത് ഇസ്‌ലാം, ബഹുജൻ സാഹിത്യ അക്കാദമി കോഴിക്കോട്, 2005)

ഹാദിയ : ലേഖകന്റെ വിധിപ്രസ്താവങ്ങൾ

"കൈമാറിക്കിട്ടിയ അടിമത്തം ഉപേക്ഷിച്ച്, സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കുന്നതിനു പകരം മറ്റൊരു അടിമത്തത്തെ ബോധപൂർവ്വം വരിക്കുകയാണ് ഈ വ്യക്തി ചെയ്തത്" എന്നാണ്  ജെ രഘു ഹാദിയയെപ്പറ്റി (അഖിലയെന്ന ഹാദിയ എന്നേ അദ്ദേഹം പറയൂ) നടത്തുന്ന വിധിപ്രസ്താവം. "പിതാവിന്റെ മതേതര ശിക്ഷണത്തിന്റെ പ്രതിരോധങ്ങൾ തകർത്ത്, പുതിയൊരു "മതമീം" അഖിലയെന്ന ഹാദിയയെ എങ്ങനെയോ വേട്ടയാടുകയാണുണ്ടായത്" എന്നും അദ്ദേഹം പറയുന്നു. "എല്ലാത്തരം മതങ്ങളെയും അടിമത്തവും യുക്തിരാഹിത്യവും ചിന്താശൂന്യതയുമായി കാണുന്ന യൂറോപ്യൻ പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെ മാനദണ്ഡ"മാണ് അദ്ദേഹം ഇവിടെയും ഉപയോഗിക്കുന്നത് എന്നു ലേഖനത്തിൽ സൂചനയുമുണ്ട്. അദ്ദേഹത്തിന് അങ്ങനെ ഒരു വിധി പ്രഖ്യാപിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ടുതന്നെ ഞാൻ പറയട്ടെ, ഇത്രയ്ക്ക് ചീപ്പല്ല ശ്രീനാരായണഗുരു. പിതാവിലോ ഒരു "മതേതര ശിക്ഷണ"ത്തിന്റെ പ്രതിരോധങ്ങളിലോ കുടുങ്ങിക്കിടക്കുന്ന വിശ്വാസചിന്തകളായിരുന്നില്ല അദ്ദേഹം പങ്കുവയ്ക്കാൻ ശ്രമിച്ചത്. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ജീവിതത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ചിന്തകളായിരുന്നു അത്. "യൂറോപ്പിൽ" നിന്നുകൊണ്ടു മാത്രം ചിന്തിച്ചാൽ മനസ്സിലാക്കാൻ പ്രയാസമുള്ളത്.