പി.സി.ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

#

കോഴിക്കോട് (12.10.2017) : ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് പി.സി.ജോർജ് എം.എൽ.എയ്ക്ക് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

സ്വകാര്യ ചാനലിൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറയുകയും അവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്ത പി.സി.ജോർജ്, സ്ത്രീപീഡനക്കേസുകളിൽ ഇരകളാകുന്ന സ്ത്രീകളുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഗിരീഷ്ബാബു എന്നയാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

പീഡിപ്പിക്കപ്പെട്ട നടി , പിറ്റേ ദിവസം സിനിമയിൽ അഭിനയിക്കാൻ പോയതെങ്ങനെ എന്ന് ജോർജ് ചോദിച്ചത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് ഗിരീഷ്ബാബു കോടതിയെ സമീപിച്ചത്.