ദളിത് പൂജാരിക്ക് ബ്രാഹ്മണ യുവതിയെ വിവാഹം കഴിക്കാമോ?

#

(13-10-17) : ഹിന്ദുമതവിശ്വാസികളായിട്ടും, ഈഴവരെ പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാരുദ്യോഗങ്ങളിലും ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് 1896 ലെ "ഈഴവ മെമ്മോറിയലി"ല്‍ ഡോ.പല്‍പ്പു പ്രതിഷേധിച്ചത്. യഥാര്‍ത്ഥമായ സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ബഹിഷ്‌കൃതരും തൊട്ടുകൂടാത്തവരുമായിരുന്നിട്ടും, ഈഴവര്‍ "ഹിന്ദുമത വിശ്വാസി"കളാണെന്ന് ചിന്തിക്കാന്‍ കാരണമെന്താണ്? സാമൂഹ്യബന്ധങ്ങളില്‍ തീണ്ടാപ്പാടകലെ നിര്‍ത്തിയപ്പോഴും ഈഴവരുള്‍പ്പെടെയുള്ള അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക്, വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും തലത്തില്‍ "നിയന്ത്രിതപങ്കാളിത്തം" അനുവദിച്ചുകൊണ്ടാണ് സവര്‍ണര്‍, അവരെ "ഹിന്ദുസ്വത്വബോധ"ത്തിലേക്ക് ആകര്‍ഷിച്ചത്. ഇന്ത്യയില്‍ ഇസ്ലാമിന്റെ ആഗമനത്തെ തുടര്‍ന്ന് രൂപം കൊണ്ട "ഭക്തിപ്രസ്ഥാനം" പ്രകടമായ ജാതീയ ഉച്ചനീചത്വങ്ങളില്ലാതെ എല്ലാവര്‍ക്കും ഒരു പരിധിവരെ പ്രവേശ്യമായിരുന്നു. ഇസ്ലാമികപൂര്‍വ ഇന്ത്യയില്‍ സവര്‍ണരുടേതു മാത്രമായിരുന്ന ദൈവങ്ങളും ആചാരാനുഷ്ഠാനങ്ങളും പുരാണങ്ങളും മിത്തുകളും ഈ ഭക്തകവികളിലൂടെ അധസ്ഥിതരിലേക്കു സംക്രമിക്കുകയാണുണ്ടായത്.

ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്വയം പുനര്‍നിര്‍വചിക്കാന്‍ സവര്‍ണരെ നിര്‍ബന്ധിതമാക്കിയപ്പോള്‍, രണ്ടു പ്രവണതകളാണുണ്ടായത്. ഒന്ന്, ഇസ്ലാമിനെ മറ്റൊരു "മ്ലേച്ച ജനത"യായി നിര്‍വചിച്ച ഒരു വിഭാഗം ബ്രാഹ്മണര്‍, ക്ലാസിക്കല്‍ ധര്‍മശാസ്ത്രങ്ങള്‍ക്ക് ബൃഹത്തായ പുനര്‍ വ്യാഖ്യാനങ്ങളുണ്ടാക്കുകയും ജാതി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തു. രണ്ടാമത്തേത്, ഭക്തിയിലൂടെ ഇസ്ലാമികാധിപത്യത്തെ മറികടക്കാനുള്ള ശ്രമമാണ്. എല്ലാ ജാതികളില്‍ നിന്നും ഭക്തകവികളുണ്ടായിട്ടുണ്ട്. പ്രത്യക്ഷമായ ജാതിവിവേചനത്തെ നിരാകരിച്ച ഇവര്‍, പക്ഷേ, ശിവനെയും മഹാവിഷ്ണുവിനെയും വിഷ്ണുവിന്റെ അവതാരങ്ങളെയും "ജനകീയ"മാക്കുകയും അധസ്ഥിത ദളിത് ജനവിഭാഗങ്ങളെ സവര്‍ണ ദൈവങ്ങളുടെയും സവര്‍ണചിഹ്ന-പ്രതീകങ്ങളുടെയും വാഹകരാക്കുകയും ചെയ്തു. അധസ്ഥിതര്‍ക്ക് അപ്രവേശ്യവും അന്യവുമായിരുന്ന വിശ്വാസങ്ങളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും അവരെ സ്വാംശീകരിച്ചതിലൂടെ, ഹിന്ദുയിസത്തെ "ജനപ്രിയ"മാക്കുന്ന പ്രതിലോമധര്‍മമാണ് ഭക്തിപ്രസ്ഥാനം ഇന്ത്യയില്‍ നിര്‍വഹിച്ചത്. വിശ്വാസങ്ങളുടെ മണ്ഡലത്തില്‍ "തങ്ങള്‍ ഹിന്ദുക്കളാണ്" എന്നു ചിന്തിക്കാന്‍ നിര്‍ബന്ധിതമായ അധസ്ഥിത ഭൂരിപക്ഷം, പക്ഷേ, മൂര്‍ത്തമായ സാമൂഹ്യ ജീവിതത്തിന്റെ മണ്ഡലത്തില്‍ തൊട്ടുകൂടാത്തവരായി തന്നെ തുടര്‍ന്നു. പൊതു നിരത്തുകള്‍, സ്‌കൂളുകള്‍, പൊതു കിണറുകള്‍ തുടങ്ങിയ പൊതു വേദികളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനതയുടെ പ്രതിഷേധത്തെ നിര്‍വീര്യമാക്കിയത് വിശ്വാസത്തിന്റെ മണ്ഡലത്തിലെ പങ്കാളിത്തത്തിലൂടെയായിരുന്നു. ഒരു വശത്ത് "ഉള്‍ക്കൊള്ളുക"യും മറുവശത്ത് "ബഹിഷ്‌കരിക്കുക"യും ചെയ്യുന്ന (Inclusive Exclusion) ഈ തന്ത്രമാണ് ഹിന്ദുയിസം പ്രയോഗിച്ചുകൊണ്ടിരുന്നത്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പല ക്ഷേത്രങ്ങളിലും ഈഴവര്‍ക്ക് ഭാഗികവും പരിമിതവുമായ പങ്കാളിത്തം അനുവദിച്ചിരുന്നു. ഉദാഹരണം : വര്‍ക്കല ജനാര്‍ദന ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നുവെങ്കിലും, ദക്ഷിണ നല്‍കാനും വഴിപാടു നടത്താനും ഈഴവര്‍ക്കു "സ്വാതന്ത്ര്യ"മുണ്ടായിരുന്നു. ഈ "സ്വാതന്ത്ര്യ"ത്തിന്റെ ലഹരിയില്‍, ഈഴവര്‍ "ക്ഷേത്ര പ്രവേശന"ത്തിലെ "വിവേചന"ത്തെക്കുറിച്ച് ചിന്തിക്കാന്‍ അശക്തരാവുകയാണുണ്ടായത്. ഈ ഇരട്ടത്താപ്പിനെ നേരിടുന്നതിന് വേണ്ടിയാണ് "ബദല്‍ ക്ഷേത്രങ്ങള്‍" നിര്‍മിക്കാന്‍ നാരായണഗുരു ആഹ്വാനം ചെയ്തത്. ഈഴവരുടെ സമ്പത്ത് സ്വീകരിക്കുകയും എന്നാല്‍ അവരെ ബഹിഷ്‌കരിക്കുകയും ചെയ്യുന്ന സവര്‍ണക്ഷേത്രങ്ങള്‍ ബഹിഷ്കരിക്കാനും സ്വന്തം ക്ഷേത്രങ്ങൾ നിര്‍മിക്കാനുമാണ് നാരായണ ഗുരു ഈഴവരോട് പറഞ്ഞത്. ക്ഷേത്രങ്ങളിലെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന്, താന്ത്രികപരിശീലനം ആവശ്യമാണെന്നും നാരായണ ഗുരു നിഷ്‌കര്‍ഷിച്ചിട്ടില്ല. സാധാരണ ഈഴവരെ തന്നെയാണ്, നാരായണഗുരുവിന്റെ നേതൃത്വത്തില്‍ നിര്‍മിതമായ ക്ഷേത്രങ്ങളില്‍ "പൂജാരി"മാരായി നിയോഗിച്ചത്. ഇവരാരും തന്നെ ഇപ്പോഴത്തെ, ദളിത്-അബ്രാഹ്മണ പൂജാരിയെപ്പോലെ, പ്രൊഫണഷല്‍ പൂജാരിമാരല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഉപജീവനത്തിനു വേണ്ടിയുള്ള വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തന്നെ, കുറച്ചുസമയം ക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുക, ഇതായിരുന്നു നാരാണഗുരുവിന്റെ ക്ഷേത്ര-പൂജാരി സങ്കല്പം.

ഇത്രയേറെ ക്ഷേത്രങ്ങളുണ്ടാക്കിയ നാരായണഗുരു എന്തുകൊണ്ട് പൂജാരിമാരെ പരിശീലിപ്പിക്കുന്ന "താന്ത്രിക വിദ്യാലയങ്ങള്‍" രൂപീകരിച്ചില്ല? കാരണം, "താന്ത്രികവിദ്യ"യെന്നത് ക്ഷുദ്രവും ശുഷ്‌കവുമായ ഒരു സംസ്‌കൃത ആഭിചാരമാണെന്നു നാരായണഗുരുവിനറിയാമായിരുന്നു. സംസ്‌കൃതമന്ത്രങ്ങളുടെ ആഭിചാരലോകത്തെത്തുന്ന ഏതൊരാളും ആധുനിക ലോകത്ത് ജീവിക്കാന്‍ പറ്റാത്ത ഒരു "മൂഢ"നാകുമെന്ന് വ്യക്തമായി അറിയാമായിരുന്നതു കൊണ്ടാണ്, താന്ത്രിക വിദ്യാഭ്യാസത്തെക്കുറിച്ച് നാരായണഗുരു ഒരിക്കല്‍ പോലും നിഷ്‌കര്‍ഷിക്കാതിരുന്നത്.

ക്ഷേത്രങ്ങള്‍ സവര്‍ണ്ണാധികാരത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഒരു കാലഘട്ടത്തില്‍,ബദല്‍ ക്ഷേത്രങ്ങളിലൂടെ അതിനെ അട്ടിമറിക്കാനാണ് നാരായണഗുരു ശ്രമിച്ചത്. പക്ഷെ എത്ര തന്നെ ബദലായാലും ക്ഷേത്രങ്ങള്‍ അന്ധവിശ്വാസത്തെയും അനൈക്യത്തെയുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നു തിരിച്ചറിഞ്ഞ നാരായണഗുരു ക്ഷേത്ര നിര്‍മാണത്തെ നിരുത്സാഹപ്പെടുത്തുകയും വിദ്യാലയ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. ഹൈന്ദവ വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും ലഭിക്കുന്ന പങ്കാളിത്തത്തിലൂടെ ജാതീയാനീതിയെ പ്രതിരോധിക്കാമെന്ന വ്യാമോഹത്തെയാണ് നാരായണഗുരു തുറന്നുകാട്ടിയത്. മഹാത്മ ഫൂലെയും അംബേദ്കറും സഹോദരന്‍ അയ്യപ്പനും ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ഇതുതന്നെയായിരുന്നു. ഹിന്ദുയിസത്തിലേക്ക് അധസ്ഥിതരെ പിടിച്ചെടുക്കുന്ന ചൂണ്ടയാണ് വിശ്വാസം. അധസ്ഥിതര്‍, ഹിന്ദുയിസത്തിന്റെ അടിമത്തനുകം വലിച്ചെറിഞ്ഞ്, വ്യതിരിക്ത സ്വത്വം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ, വിശ്വാസത്തിന്റെ ചൂണ്ടയെറിഞ്ഞ് അവരെ കുരുക്കിയിടുന്ന തന്ത്രമാണ് സവര്‍ണര്‍ പ്രയോഗിച്ചത്.

ചാതുര്‍വര്‍ണ്യവ്യവസ്ഥയെ താത്വികമായി ന്യായീകരിക്കുമ്പോള്‍ തന്നെ, സമകാലിക ഹിന്ദുത്വഫാസിസത്തിന് സംഖ്യാബലത്തെ അവഗണിക്കാനാവില്ല. അധസ്ഥിത-ദളിത് ജനവിഭാഗങ്ങളുടെ വോട്ടില്ലാതെ ഇന്ത്യയിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ബി.ജെ.പി ക്ക് ജയിക്കാനാവില്ല. അതിനാല്‍ "ജാതിചിന്ത"യില്ലാത്ത ഒരു അഖണ്ഡഹിന്ദുവിനെ സൃഷ്ടിക്കുകയാണ് അതിനുള്ള സുരക്ഷിതമായ മാര്‍ഗം. ജാതിയുടെ പേരില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദളിതര്‍ക്ക് എത്ര അടിച്ചമര്‍ത്തലും പീഡനവും സഹിക്കേണ്ടിവന്നാലും ബി.ജെ.പിയുടെ വ്യവഹാരങ്ങളില്‍ "ജാതി" കടന്നുവരില്ല . കാരണം ജാതി ചര്‍ച്ചാവിഷയമായാല്‍, "അഖണ്ഡഹിന്ദു"വെന്ന "വ്യാജ സ്വത്വം" ശിഥിലമാകും. കേരളത്തിലെ ദളിതര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ രാഷ്ട്രീയമായി സംഘടിതരല്ലെങ്കിലും സൈദ്ധാന്തികമായ ദളിത് വ്യവഹാരങ്ങള്‍ രാഷ്ട്രീയമായി മൂര്‍ത്ത രൂപം ആര്‍ജ്ജിച്ചാല്‍, ഏറ്റവും വലിയ പ്രഹരമേല്‍ക്കുന്നതു ആര്‍.എസ്.എസ് സൃഷ്ടിച്ച അഖണ്ഡഹിന്ദു"വിനായിരിക്കാം. അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗമാണ് ദളിതനെ, ബ്രാഹ്മണരുടെ കുത്തകയായിരുന്ന പൂജാരിയാക്കുകയെന്നത്. ദളിത് രാഷ്ട്രീയ പ്രബുദ്ധതയ്ക്കെതിരായ ആര്‍.എസ്.എസ് ഗൂഢാലോചനയുടെ ഒരു ഇര മാത്രമാണ് ഈ ദളിത് പൂജാരി.

പൂജാരിയുടെ കര്‍മമാണ്, അഥവാ "ഈശ്വരസമര്‍പ്പണ"മാണത്രെ ശരിയായ ബ്രാഹ്മണത്വം! വിദ്യകൊണ്ടും കര്‍മം കൊണ്ടും "ദളിത് പൂജാരി", "ബ്രാഹ്മണനാ"യിരിക്കുന്നു! അങ്ങനെയെങ്കില്‍, ജന്മംകൊണ്ട് "ബ്രാഹ്മണ"യായ ഒരു യുവതിയെ വിവാഹം കഴിക്കാന്‍ ഈ ദളിത് പൂജാരിക്ക് എന്താണ് തടസ്സം? ഏതെങ്കിലും ഒരു പത്രത്തില്‍ വിവാഹപരസ്യം കൊടുക്കുക. "കര്‍മം കൊണ്ട് ബ്രാഹ്മണനായ യുവദളിത് പൂജാരിയ്ക്ക്, അനുയോജ്യകളായ ബ്രാഹ്മണയുവതികളില്‍ നിന്ന് വിവാഹാഭ്യര്‍ത്ഥന" നടത്തുന്നുവെന്ന പത്രപരസ്യത്തോട്, ജന്മനാ ബ്രാഹ്മണരായവരുടെ പ്രതികരണമെന്തായിരിക്കുമെന്ന് അപ്പോളറിയാം. ജന്മസിദ്ധമായ ബ്രഹ്മണ്യവും കര്‍മസിദ്ധ ബ്രാഹ്മണ്യവും തമ്മിലുള്ള യഥാര്‍ത്ഥ അന്തരമറിയാന്‍ അതുമാത്രമാണ് വഴി.

ഇത്തരം വാദങ്ങളെ "കേവലയുക്തി", "വരട്ട് യുക്തി" എന്നൊക്കെയുള്ള പ്രയോഗങ്ങളിലൂടെ തള്ളിക്കളയാനാണ് ചിലര്‍ക്ക് താല്പര്യം. "യുക്തി"യെ "കേവലം", "വരട്ട്" എന്നൊക്കെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? "കേവലശാസ്ത്രം" "വരട്ട് ശാസ്ത്രം"എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ സാധ്യമാണെങ്കില്‍മാത്രമേ കേവലയുക്തി  പോലെയുള്ള നിന്ദാപദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുകയുള്ളു. "യുക്തി" (reason)എന്നത്  മനുഷ്യര്‍ക്ക് പരിണാമപരമായി ലഭ്യമായ ഒരു സിദ്ധിയല്ല. പരിണാമപരമായി സിദ്ധമായിട്ടുള്ളത്, അതിജീവനത്തിനാവശ്യമായ ചില പ്രായോഗിക അറിവുകള്‍ മാത്രമാണ്. ഈ അതിജീവന ജ്ഞാനത്തെ cognitive psychology വിശേഷിപ്പിക്കുന്നത് നാട്ടുമനഃശാസ്ത്രം (folk psychology), നാട്ടു ജീവശാസ്ത്രം (folk biology) ഫോക് ഫിസിക്സ് (folk physics) എന്നിങ്ങനെയാണ്. മനുഷ്യപരിണാമത്തിന്റെ ആദ്യഘട്ടം തൊട്ടുതന്നെ ഇത്തരം "നാട്ടറിവുകള്‍" മനുഷ്യര്‍ക്ക് സിദ്ധമായിരുന്നു. ഇത്തരം "നാട്ടറിവി"ന്റെ പരിഷ്‌കൃത രൂപമാണ് ആയുര്‍വേദം. എന്നാല്‍, യുക്തിയെന്നത് പരിണാമചരിത്രത്തില്‍ സമീപകാലത്ത് മാത്രം, അതായത്, 2500 കൊല്ലങ്ങള്‍ക്കുമുമ്പുമാത്രം ആവിഷ്‌കരിക്കപ്പെട്ട ഒരു "cognitive instrument" ആണ്. എഴുത്ത്, അക്ഷരമാല, സംഖ്യകള്‍, ജ്യാമിതീയരൂപങ്ങള്‍ എന്നിവയെപ്പോലെ അടുത്തകാലത്തുമാത്രം കണ്ടുപിടിക്കപ്പെട്ട യുക്തിയുടെ അര്‍ഥം "ചിന്തയുടെ നിയമം" എന്നാണ്. ചിന്തയുടെ നിയമത്തിന് കേവലമാകാനോ വരട്ടാകാനോ സാധ്യമല്ല.

വിശ്വാസരഹിതമായ സമൂഹം ഒരിക്കലുമുണ്ടായിട്ടില്ലാത്തതിനാല്‍, വിശ്വാസ വിമര്‍ശനം അസംബന്ധമാണെന്ന് ചിലര്‍ക്ക് തോന്നുന്നു. മനുഷ്യന്റെ പരിണാമചരിത്രത്തില്‍ വിശ്വാസവും ദൈവവും കടന്നുവന്നിട്ട് 30000-40000 വര്‍ഷങ്ങളെങ്കിലുമായിട്ടുണ്ട്. സംഘടിത മതങ്ങള്‍ക്ക് 3000-ലെറെ കൊല്ലങ്ങളുടെ ചരിത്രമുണ്ട്. 2500 കൊല്ലങ്ങള്‍ക്കുമുമ്പ് ഗ്രീസില്‍ ആവിഷ്‌ക്കരിക്കപ്പെട്ട യുക്തി കൂടുതല്‍ സംഘടിതവും ക്രമബദ്ധ (Scienticization of reason)വുമായത് വെറും 300 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ശാസ്ത്രീയമായ വിശ്വാസരാഹിത്യം പ്രചരിക്കാന്‍ തുടങ്ങിയിട്ട് മൂന്നു നൂറ്റാണ്ടുകള്‍ മാത്രമേആയിട്ടുളളു. 2500 വര്‍ഷങ്ങള്‍കൊണ്ട് ഹിന്ദൂയിസത്തിന് 110 കോടിയും 2000 വര്‍ഷം കൊണ്ട് ക്രിസ്തു മതത്തിന് 250 കോടിയും 1400 വര്‍ഷങ്ങള്‍കൊണ്ട് ഇസ്ലാമിന് 150 കോടിയും വിശ്വാസികളെയാണ് ലഭിച്ചതെങ്കില്‍ വെറും 300 വര്‍ഷങ്ങള്‍കൊണ്ട് "ശാസ്ത്രീയയുക്തി"ക്ക് നേടാനായത് 110 കോടി യുക്തിവാദികളെയാണ്. യുക്തിവാദികള്‍, നിരിശ്വരവാദികള്‍, മതേതരവാദികള്‍, ആജ്ഞേയവാദികള്‍ എന്നി വിഭാഗങ്ങള്‍ സംഘടിതരായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിഭാഗമാകുമായിരുന്നു. വിശ്വാസത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും വളര്‍ച്ചാ നിരക്കുകള്‍ തമ്മിലുളള അന്തം അമ്പരപ്പിക്കുന്നതാണ്. വിശ്വാസത്തിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, വിശ്വാസരാഹിത്യത്തിന്റെ വളര്‍ച്ചാനിരക്ക് exponential ആണ്. പിന്നോക്ക മുസ്ലിം രാജ്യങ്ങളിലെ ജനസംഖ്യയുടെ വമ്പിച്ച വളര്‍ച്ചാ നിരക്കാണ്, ഇസ്ലാമിന്റെ വളര്‍ച്ചാ നിരക്കിനുകാരണം. ഒരര്‍ത്ഥത്തില്‍, ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും "വളര്‍ച്ച"യാണിത്. ശാസ്ത്രീയ വിദ്യാഭ്യാസവും ഭൗതികജീവിതത്തിന്റെ ഗുണനിലവാരപുരോഗതിയും നിയമവ്യവസ്ഥയും നീതിബോധവും വ്യക്തിവാദവും അസ്തിത്വസുരക്ഷിതത്വവും ശിശുക്ഷേമവും ആരോഗ്യരക്ഷയും സ്ത്രീസ്വാതന്ത്ര്യവും വികസിച്ച സമൂഹങ്ങളിലെല്ലാം വിശ്വാസികള്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്.ആരാധനാലയങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു.

അവിശ്വാസികള്‍ ന്യുനപക്ഷമായ സമൂഹങ്ങളെ "മതസമൂഹങ്ങള്‍" എന്നു നിര്‍വചിക്കുന്ന മാനദണ്ഡമനുസരിച്ച് നോക്കിയാല്‍, വിശ്വാസികള്‍ ന്യൂനപക്ഷമായ യൂറോപ്യന്‍ സമൂഹങ്ങളെ തീര്‍ച്ചയായും "മതേതര / മതരഹിത-സമൂഹങ്ങള്‍" എന്നു നിര്‍വചിക്കാവുന്നതാണ്. PEW Research Centre , World Value Survey, Eurobarometre എന്നീ ആഗോള ഗവേഷണ സ്ഥാപനങ്ങള്‍, മിക്കവാറും എല്ലാരാജ്യങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന സര്‍വേഫലങ്ങള്‍ പരിശോധിച്ചാല്‍, എത്ര വേഗത്തിലാണ് ദൈവങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാകും.

മത-വിശ്വാസരഹിതസമൂഹം എന്നത്, ചിലര്‍ കരുതുന്നതുപോലെ, അസംബന്ധമായ ഒരു ഉട്ടോപ്യ അല്ല. പരിണാമത്തിന്റെ പ്രാക്ഘട്ടങ്ങളിലെ പരാധീനതകളും അരക്ഷിതത്വങ്ങളും അസ്തിത്വാകാംഷകളും നിസ്സഹായതകളും സ്വഭാവികമായി സൃഷ്ടിച്ച ഒരു രക്ഷാകവചമായിരുന്നു മതം. എന്നാല്‍, പരിണാമ പ്രക്രിയയുടെ തന്നെ യജമാനനായ ആധുനിക മനുഷ്യന്റെ ശാസ്ത്രീയ മനസ്സ്, എല്ലാത്തരം പ്രാക്-രക്ഷാകവചങ്ങളുടെയും അയഥാര്‍ത്ഥത നഗ്നമാക്കിക്കൊണ്ടിരിക്കുകയാണ്. ദേവന്മാരും ദേവിമാരും ആചാരങ്ങളും അനുഷ്ടാനങ്ങളും നഗ്നതയെ മറയ്ക്കാന്‍ പാടുപെടുന്നു. ഇന്ന് ഭൂമുഖത്തവശേഷിക്കുന്ന മതങ്ങള്‍, ഈ നഗ്നതയെ പൊതിഞ്ഞു നിര്‍ത്തുന്ന കീറത്തുണികള്‍ മാത്രമാണ്. വിശ്വാസരാഹിത്യമെന്നത്, ലോകത്തെ അതിവേഗം "ഗ്രസിച്ചു"കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണിന്ന്. ദൈവങ്ങളുടെ മരണമെന്ന അനിഷേധ്യ യാഥാര്‍ത്ഥ്യം മൂര്‍ച്ചയേറിയ ചാട്ടുളിപോലെ ആഞ്ഞാഞ്ഞു പതിക്കുകയാണ്, മതാന്ധതയ്ക്കുമേല്‍. ഈ ചാട്ടുളി പ്രയോഗത്തില്‍ പുളയുന്ന മതാന്ധതയുടെ പരമ്പരാഗത വ്യാപാരികള്‍ക്കും മതാന്ധതയുടെ ഇരകളായവര്‍ക്കും, പുതിയ മാറ്റങ്ങളെ ഉള്‍ക്കൊളളാനാവുന്നില്ല. അവരുടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും "ശാസ്ത്രീയയുക്തി"യുടെ triumph-നെതിരെ പ്രയോഗിക്കുകയാണ്. രാമക്ഷേത്രനിര്‍മ്മാണം, മതപ്രഭാഷണം, ഗീതാജ്ഞാനയജ്ഞം, പൊങ്കാല, ഹജ്ജ്, വേളാങ്കണ്ണി, ബൈബിള്‍-ഖുറാന്‍-രാമായണപരായണം, ഹിന്ദുധര്‍മ്മസംവാദം, പൊങ്കാല, ആശ്ലേഷിക്കുന്ന അമ്മദൈവം, കൂട്ടയോഗ നടത്തുന്ന ആള്‍ദൈവം, സുദര്‍ശനക്രിയാദൈവം, ജീവനകല, ആത്മീയത, സെന്‍ബുദ്ധിസം, സദ്‌സംഗം തുടങ്ങിയവയൊക്കെയാണ് ഇവരുടെ ആയുധങ്ങള്‍. മതാന്ധതയുടെ, പ്രത്യേകിച്ചും ഹിന്ദുവംശീയതയുടെ, ആയുധപ്പുരയിലെ അവസാനത്തെ ആയുധമാണ് "ദളിത് പൂജാരി".