ദളിത് എന്ന് ഉപയോഗിക്കാൻ പാടില്ലെന്ന ഉത്തരവ് പിൻവലിക്കണം : സണ്ണി കപിക്കാട്

#

(14-10-17) : സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ദളിത് എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലെന്ന പബ്ലിക് റിലേഷൻസ് ഡയറക്ടറുടെ ഉത്തരവ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രമുഖ സാമൂഹ്യ ചിന്തകനും ദളിത് ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗിക്കുന്ന പദം ഏതാണെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകളൊന്നുമില്ല. രാജ്യത്തിൻറെ ചരിത്ര സാഹചര്യങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും നടത്തിയ ജ്ഞാനാന്വേഷണത്തിന്റെ ഫലമായി വർഷങ്ങൾകൊണ്ട് രാഷ്ട്രീയമായി രൂപപ്പെട്ട പദമാണ് ദളിത് എന്നത്. ഈ വാക്ക് ഉപയോഗിക്കരുതെന്ന് പറയാനുള്ള അവകാശം ഒരു അധികാര കേന്ദ്രത്തിനുമില്ല. ഉത്തരവ് സർക്കാർ അടിയന്തിരമായി പിൻവലിക്കണം.

വർഷങ്ങളുടെ പാകപ്പെടലിലൂടെ രൂപമെടുത്ത ദളിത് സാഹിത്യം എന്ന വിജ്ഞാനശാഖയെ തമസ്ക്കരിക്കുന്നതിനു വേണ്ടി നടക്കുന്ന ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിത്. ദളിത് എന്നത് ഇന്ത്യൻ ചരിത്ര സാഹചര്യങ്ങളാൽ ചിതറിപ്പോയവർ, തകർന്നവർ,തകർക്കപ്പെട്ടവർ, ചിതറിയവർ, മുറിവേറ്റവർ, അടിച്ചമർത്തപ്പെട്ടവർ, ഓരങ്ങളിലായവർ എന്നീ വിഭാഗങ്ങളെ അടയാളപ്പെടുത്താനായി ഉപയോഗിച്ച പദമാണ്. ദളിത് സാഹിത്യം, ദളിത് സൗന്ദര്യ ശാസ്ത്രം എന്നിങ്ങനെ വിവിധ വിജ്ഞാന ധാരകൾ രൂപപ്പെട്ടതും ദളിത് എന്ന പദത്തെ പിൻപറ്റിയാണ്.1999-ൽ കേരള സാഹിത്യ അക്കാദമി ദളിത് സാഹിത്യ പതിപ്പ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദളിത് എന്നത് 1960 കളിൽ തുടങ്ങി വർഷങ്ങൾ കൊണ്ട് രൂപമെടുത്ത ചരിത്ര ത്തിലെ ഒരു ഏടും അടയാളപ്പെടുത്തലുമാണ്. ഇത് ഉപയോഗിക്കരുതെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. ദളിത് എന്ന പദത്തിന് പകരമായി അധഃസ്ഥിതൻ, അധഃകൃതൻ, കീഴാളൻ എന്ന പദങ്ങൾ ഉപയോഗിക്കണമെന്നാണ് അടുത്ത ശുപാർശ. സർക്കാരിന്റെ ഉത്തരവിനാധാരം പട്ടികജാതി ഗോത്രവർഗ്ഗ കമ്മീഷന്റെ ശുപാർശയാണെങ്കിൽ ഇത്തരം ശുപാർശ നൽകിയ ആളെയും അതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് ഇറക്കിയ ആളെയും നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണം. ദളിത് എന്നത് പട്ടിക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും അത് ആ വിഭാഗത്തിൽ പെട്ടവരെ അവഹേളിക്കുന്നതാണെന്നും പറയുന്ന കമ്മീഷൻ ചെയർമാൻ വിജയകുമാറിനെ പോലുള്ളവരാണ് ദളിത് മുന്നേറ്റങ്ങളെ പിന്നാക്കം വലിക്കുന്നത്.

വിജയകുമാറിന്റെ ശുപാർശ അനുസരിച്ച് ഉടൻ തന്നെ ഉത്തരവിറക്കുന്നത് ഇടതു സർക്കാരാണെന്നതാണ് വിചിത്രം. ഇത്തരം ഉത്തരവുകളിലൂടെ സർക്കാർ ഏതുപക്ഷത്താണെന്ന് കൂടുതൽ വെളിവാകുകയാണ് ചെയ്യുന്നത് എന്നും സണ്ണി എം കപിക്കാട് പറഞ്ഞു.