സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണം : ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

#

തിരുവനന്തപുരം (16/10/17) : സോളാര്‍ അഴിമതിക്കേസുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളും നല്‍കണമെന്നാണ് ആവശ്യം. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിച്ച്, താനടക്കമുള്ളവര്‍ക്കെതിരേ കേസ് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടിയുടെ കത്തില്‍ പറയുന്നു.

സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് വിവരാവകാശനിയമപ്രകാരം ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയ്ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. റിപ്പോർട്ട് നൽകില്ലെന്ന് നിയമമന്ത്രിയും അറിയിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചതിനുശേഷം നിയമനടപടി സ്വീകരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാത്തതിനെതിരേ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.