ലൈംഗികാതിക്രമങ്ങൾക്കെതിരായ പ്രതിഷേധം സാമൂഹ്യമാധ്യമങ്ങളിൽ ഇരമ്പുന്നു

#

(17-10-17) : അശ്ലീലം നിറഞ്ഞ നോട്ടംകൊണ്ടോ ദുരുദ്ദേശത്തോടെയുള്ള സ്പര്‍ശംകൊണ്ടോ, അതുപോലെ തങ്ങള്‍ക്കിഷ്ടമില്ലാത്ത പലതരം പെരുമാറ്റങ്ങളിലൂടെ അപമാനിതയായിട്ടില്ലാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല. ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് വിധേയരായ സ്ത്രീകള്‍ തങ്ങള്‍ക്ക് മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് പരസ്യമായി വിളിച്ചു പറയുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. "മി റ്റൂ" എന്ന ഹാഷ്ടാഗ് സാമൂഹ്യ മാധ്യമങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ക്യാമ്പയിന്‍ ഹാഷ്ടാഗായി മാറുകയാണ്.

അമേരിക്കന്‍ നടി അലിസ മിലാനൊ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ ക്യാമ്പയിന് തുടക്കം കുറിച്ചത്. തന്റെ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് അലിസ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ലോകത്തെങ്ങുമുള്ള സ്ത്രീകള്‍ ഏറ്റെടുത്തത്. ലൈംഗികമായ ഉപദ്രവവും അതിക്രമവും നേരിട്ടിട്ടുള്ള സ്ത്രീകള്‍ "മി റ്റൂ" എന്ന സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയാണെങ്കില്‍, പ്രശ്‌നത്തിന്റെ ഗൗരവവും വ്യാപ്തിയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് അലിസ മിലാനൊ ഒക്‌ടോബര്‍ 16 ന് ട്വിറ്ററില്‍ കുറിച്ചത് മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്താകെയുള്ള പതിനായിരക്കണക്കിന് സ്ത്രീകള്‍ പങ്കുവെച്ചു. ഹാർവി വയ്ൻസ്റ്റീൻ എന്ന നടനിൽ നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് നിരവധി സ്ത്രീകൾ തുറന്നു പറയാനിടയായ സാഹചര്യത്തിലാണ് അലിസയുടെ സുഹൃത്ത് ഇങ്ങനെയൊരു ഹാഷ് ടാഗ് ക്യാംപയിൻ നിർദ്ദേശിച്ചത്.

ലൈംഗികാതിക്രമങ്ങൾക്ക് എതിരായ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകുന്ന തരാന എന്ന കറുത്ത വർഗ്ഗക്കാരിയായ ആക്ടിവിസ്റ്റ് ഒരു ദശകത്തിന് മുമ്പ് ആരംഭിച്ച "മി റ്റൂ" എന്ന പ്രസ്ഥാനമാണ് അലിസയ്ക്കും സുഹൃത്തിനും പ്രചോദനമായത്. ലൈംഗികാതിക്രമങ്ങൾക്ക് എതിരെയുള്ള പ്രതികരണങ്ങൾക്ക് വേണ്ടി "മി റ്റൂ" എന്ന പേരിൽ ഒരു ദശകം മുമ്പ് ബുർകെ ആരംഭിച്ച വെബ്‌സൈറ്റ് ലൈംഗികാതിക്രമങ്ങൾക്ക് എതിരായ ചെറുത്തുനില്പുകൾക്ക് വലിയ ശക്തിയാണ് പകർന്നു നൽകിയത്. ഹാർവി വയ്ൻസ്റ്റീന്റെ അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് ലഭിക്കുന്ന വലിയ തോതിലുള്ള പിന്തുണയിലും, താൻ ഒരു ദശകം മുമ്പ് ആരംഭിച്ച ക്യാംപയിൻ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നതിലും തരാന സന്തുഷ്ടി അറിയിച്ചു.

"മി റ്റൂ"എന്ന ഹാഷ്ടാഗോടെ, സ്വന്തം അനുഭവങ്ങള്‍, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സ്ത്രീകള്‍ പങ്കുവെയ്ക്കുന്നത്, സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെ വ്യാപ്തി എത്ര വലുതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.