എം.എൻ.വിജയൻ അനുസ്മരണവും ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനവും ദോഹയിൽ

#

ദോഹ (18.10.2017) :  എം.എൻ.വിജയന്റെ സ്മരണയെ മുൻ നിർത്തി അടയാളം ഖത്തർ, ചിന്തകൾക്ക് തീ പിടിപ്പിക്കുക, ഫാസിസത്തെ പ്രതിരോധിക്കുക എന്ന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ  13നു  ഐജയിലുള്ള സ്കൈമീഡിയാ ഹാളിലായിരുന്നു പരിപാടി. സുധീര്‍, എം .വിജയന്‍ അനുസ്മരണ പ്രമേയവും മുർഷിദ് ഫാസിസ്റ്റ് വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. ഫാഷിസമെന്നത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അപരവിദ്വേഷത്തെ മുന്‍ നിറുത്തി സാമൂഹ്യബോധത്തെ നിർമ്മിച്ചെടുക്കുകയും അതിന്റെ് മറവില്‍ കോർപ്പറേറ്റ് അജണ്ട നടപ്പിലാക്കലുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ജനാധിപത്യനിഷേധങ്ങളെ മതേതരപക്ഷത്ത് നിന്ന് ചെറുക്കാനുള്ള ശ്രമം പുരോഗമനസംഘടനകൾ ഏറ്റെടുക്കണം. ജാതി നിർമ്മാർജ്ജനം ലക്ഷ്യം വെച്ചുള്ള സംഘാടനത്തിലൂടെ ദളിത് പ്രക്ഷോഭങ്ങളുമായി ഐക്യപ്പെടേണ്ടതുണ്ട്. സർക്കാർ മുന്നോട്ട് വെയ്ക്കുന്ന ഡീമോണിറ്റൈസേഷന്‍, ജി എസ് ടി, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയ ജനവിരുദ്ധമായ സാമ്പത്തിക നിലപാടുകൾ ക്കെതിരെയുള്ള സമരങ്ങളുമായി വിവിധ ജനാധിപത്യസമരങ്ങളെയും കണ്ണിചേർക്കുമ്പോഴാണ് ഫാഷിസ്റ്റ് വിരുദ്ധ സമരം ശക്തിയാർജ്ജിക്കുക എന്ന് പ്രമേയം വിശദീകരിച്ചു.

ഫാഷിസത്തിനെതിരെ ചിത്രം വരച്ചുകൊണ്ട് നിരവധി കലാകാരന്മാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കലയെ ചങ്ങലക്കിടുന്ന അധികാര ഗർവിനെതിരെ, അക്ഷരങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾക്കെതിരെ, മതവർഗീയ ഭ്രാന്തിനെതിരെയുള്ള പ്രതിഷേധങ്ങളെ കലാകാരന്മാർ വരകൾകൊണ്ടു ജ്വലിപ്പിച്ചു. ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ പ്രദർശിപ്പിച്ചു. കൃഷ്ണകുമാര്‍ കവിത ആലപിച്ചു. ഫാഷിസത്തെ കുറിച്ച് സുനില്‍ പി ഇളയിടം നടത്തിയ ചില പ്രസംഗങ്ങളുടെ വീഡിയോകൾ പ്രദർശിപ്പിക്കുകയും അതിനെ തുടർന്ന് സദസ് വിഷയങ്ങളോട് പ്രതികരിച്ച് വിമർശനങ്ങളും യോജിപ്പുകളും പങ്കുവെയ്ക്കുകയും ചെയ്തു. ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഷറഫ് തൂണേരി, ഷരീഫ് ചെരണ്ടത്തൂര്‍, റിജു, റിയാസ് അഹമ്മദ്, ശ്രീകല പ്രകാശന്‍, ഷംസുദീൻ പോക്കർ, ശ്രീജു, നൗഫൽ, പ്രദോഷ് എന്നിവര്‍ സംസാരിച്ചു. കൃഷ്ണകുമാർ സ്വാഗതവും പ്രദോഷ് നന്ദിയും  പറഞ്ഞു.