മോദിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്

#

ന്യൂഡൽഹി (19-10-17): ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നരേന്ദ്ര മോദി നടത്തിയ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പണം നൽകിയത് ആരെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ആയിരിക്കെ രാജ്യത്തിനകത്തും പുറത്തുമായി ചാർട്ട് ചെയ്ത 100 വിമാനയാത്രകളാണ് മോദി നടത്തിയത് എന്നാൽ ഇവക്കൊന്നും പണം നൽകിയത് സംസ്ഥാന സർക്കാരോ ബിജെപിയോ അല്ലെന്ന വിവരാവകാശ രേഖ മുൻ നിർത്തിയാണ് കോൺഗ്രസിന്റെ ആക്രമണം.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുടെ വിമാനയാത്രക്ക് പണം നൽകിയത് ആയുധവ്യാപാരിയാണെന്ന ബിജെപി ആരോപണത്തിന്റെ മുനയൊടിക്കുന്നതുകൂടിയാണ് മോദിക്കെതിരായ ആരോപണം.

ഗുജറാത്തിലെ കോൺഗ്രസ് നേതാവായ അർജുൻ മോധ് വാദിയാ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് മോദിയുടെ വിമയാത്രാച്ചെലവ് വഹിച്ചത് ആരെന്ന് വ്യക്തമാകാത്തത്. 2003 മുതൽ 2007 വരേയുള്ള കാലത്ത് മുഖ്യമന്ത്രി മോദി 100 തവണ ചാർട്ടേഡ് വിമാനയാത്രകൾ രാജ്യത്തിനകത്തും പുറത്തുമായി നടത്തിയിട്ടുണ്ട്. ഇവക്കായി 16.56 കോടി രൂപ ചെലവായെന്ന് വിവരവകാശ രേഖ പറയുന്നു. എന്നാൽ ഇവക്ക് പണം നൽകിയത് സംസ്ഥാന സർക്കാരോ ബിജെപിയോ അല്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

2007 ജൂലൈ 1 നു സ്വിറ്റസർലാൻഡ്, 2007 ജൂൺ 16 നു ദക്ഷിണ കൊറിയ, 2007 ഏപ്രില്‍ 15 നു ജപ്പാന്‍, 2006 നവംബറില്‍ ചൈന എന്നീ രാജ്യങ്ങൾ മോദി സന്ദർശിച്ചത് രാജ്യത്തെ പ്രമുഖ കച്ചവടക്കാർക്കൊപ്പമായിരുന്നു എന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിഘ്‌വി ആരോപിക്കുന്നു. മോദിയുടെ യാത്രക്ക് പണം നൽകിയത് ആരെന്നറിയാൻ രാജ്യത്തെ ജനതക്ക് അവകാശമുണ്ട്. ഇതേക്കുറിച്ച് 2007 ൽ നൽകിയ വിവരാവകാശ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും അഭിഷേക് സിംഘ്‌വി പറഞ്ഞു.