മദ്യനയം : സർക്കാർ പറയുന്നതെല്ലാം കള്ളമെന്ന് സുധീരൻ

#

(21-10-17) : പുതിയ മദ്യനയത്തിന് ആധാരമായി സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊക്കെ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് വി.എം.സുധീരൻ. സർക്കാരിന്റെ മദ്യനയത്തിന് എതിരെ ഒക്ടോബർ 23 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സർക്കാർ വാദങ്ങൾക്കെതിരെ സുധീരൻ ആഞ്ഞടിക്കുന്നത്.

മദ്യശാലകള്‍ അടച്ചുപൂട്ടിയത് മൂലം ടൂറിസം മേഖല തകര്‍ന്നു എന്ന വാദമാണ് പ്രധാനമായും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും അത് തീർത്തും വസ്തുതാവിരുദ്ധമാണെന്നും സുധീരൻ പറയുന്നു. ടൂറിസം വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ നോക്കിയാൽ  മദ്യശാലകള്‍ അടച്ചുപൂട്ടിയതിന് ശേഷവും കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ എണ്ണം നല്ലരീതിയില്‍ തന്നെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി മനസ്സിലാക്കാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തിനും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2014 നേക്കാള്‍ 1,15,053 വിദേശ ടൂറിസ്റ്റുകള്‍ 2016ല്‍ കേരളത്തില്‍ വന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആകട്ടെ 14,77,124 പേരുടെ വര്‍ദ്ധനവുണ്ടായി. ടൂറിസം മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ 4,774 കോടി രൂപ 2014 നേക്കാള്‍ അധികമായി ലഭിച്ചു. ഈ വസ്തുതകള്‍ എല്ലാം നിലനില്‍ക്കേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ആണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. വിനോദ സഞ്ചാര മേഖലയെ രക്ഷിക്കാനാണ് മദ്യശാലകള്‍ വ്യാപിപ്പിക്കുന്ന നയമെന്ന വാദഗതി സത്യവിരുദ്ധമാണെന്ന് സുധീരൻ ആരോപിക്കുന്നു.

വിനോദസഞ്ചാരികള്‍ വരുന്നത് മദ്യം കഴിക്കാനല്ല മറിച്ച് കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ്. അവര്‍ക്ക് വേണ്ടത് മദ്യമല്ല, വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനില്‍ക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന ഊഷ്മളമായ അന്തരീക്ഷമാണ്. യഥാര്‍ത്ഥത്തില്‍ ടൂറിസ്റ്റുകള്‍ ഭയപ്പെടുന്നത് പകര്‍ച്ചപ്പനിയെയും മാലിന്യ കൂമ്പാരങ്ങളെയും സൈ്വര്യവിഹാരം നടത്തുന്ന തെരുവുനായ്ക്കളെയും വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെയുമാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ചില "വിദഗ്ദ്ധന്മാര്‍" തട്ടിക്കൂട്ടുന്ന റിപ്പോര്‍ട്ടുകള്‍ പൊക്കിപ്പിടിച്ച് മദ്യലോബിക്ക് വേണ്ടി മന്ത്രിമാരും അവരുടെ വിധേയരായ ഉദ്യോഗസ്ഥ പ്രമുഖരും നടത്തുന്ന അസത്യ പ്രചരണങ്ങള്‍ പരിഹാസ്യമാണെന്ന് സുധീരൻ പറഞ്ഞു..

മദ്യശാലകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് മദ്യ ഉപയോഗം കുറയുകയല്ല മറിച്ച് കൂടുകയാണ് ഉണ്ടായതെന്ന വാദത്തെയും സര്‍ക്കാരിന്റെ കണക്കുകൾ നിരത്തി സുധീരൻ ഖണ്ഡിക്കുന്നു. 2014 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള മൂന്നു വര്‍ഷ കാലയളവില്‍ വിദേശ മദ്യത്തിന്റെ ഉപയോഗത്തില്‍ തന്നെ 8,65,60,876 ലിറ്റര്‍ കുറഞ്ഞത് ഒരു യാഥാര്‍ത്ഥ്യമാണ്. ബിയറിന്റെയും വൈനിന്റെയും ഉപയോഗം ഈ കാലയളവില്‍ കൂടിയിട്ടു പോലും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം കണക്കാക്കിയാല്‍ പൂര്‍ണ്ണ മദ്യാംശം (അബ്‌സല്യൂട്ട് ആള്‍ക്കഹോള്‍) മൊത്തം അളവില്‍ 34.27% കുറവാണ് ഉണ്ടായത്. അതേസമയം മദ്യവില്‍പ്പനയുടെ മൊത്തം കണക്കില്‍ (വോളിയം സെയില്‍) 7.47% കുറവ് വന്നതായി കാണാവുന്നതാണ്. അതായത് 2,25,35,901 ലിറ്റര്‍ മദ്യ ഉപയോഗം കുറഞ്ഞു. എന്നിട്ടും കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മദ്യ ഉപയോഗം കുറയ്ക്കാന്‍ അനിവാര്യമായി വേണ്ടത് മദ്യലഭ്യത കുറയ്ക്കുകയാണ്. ഇത് ലോകവ്യാപകമായി തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമാണ്. മദ്യലഭ്യത കുറച്ചാല്‍ മദ്യ ഉപയോഗം കുറയും എന്നതിന്റെ വ്യക്തമായ തെളിവാണ് പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതിവിധി നടപ്പാക്കിയതിനെ തുടര്‍ന്ന് 2017 ഏപ്രില്‍ മാസത്തില്‍ കണ്ടത്. 2016 ഏപ്രില്‍ മാസത്തെ മദ്യ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാല്‍ അന്നത്തേക്കാളും 94,48,562 ലിറ്റര്‍ മദ്യ ഉപയോഗം 2017 ഏപ്രില്‍ മാസത്തില്‍ തന്നെ കുറഞ്ഞിട്ടുണ്ട്. അതായത് 30.34%.

മദ്യശാലകള്‍ അടഞ്ഞപ്പോള്‍ വ്യാജ മദ്യവും മയക്കുമരുന്നും വ്യാപകമായി എന്ന പ്രചരണം കൊണ്ടുനടക്കുകയാണ് മന്ത്രിമാരും എക്‌സൈസ് കമ്മീഷണറും. എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ക്ക് വിരുദ്ധമാണ് ഈ പ്രചരണമെന്ന് സുധീരൻ പറയുന്നു. 2014 ഏപ്രില്‍ ഒന്നിന് മദ്യശാലകള്‍ അടച്ചതിന് ശേഷം 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും പിടിച്ചെടുത്ത വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അളവില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. റെയ്ഡുകള്‍ 21,460 ആയി വര്‍ധിച്ചപ്പോള്‍ (18%) വ്യാജമദ്യം പിടിച്ചെടുത്തത് 34,843 ലിറ്ററില്‍ നിന്നും 2,873 ലിറ്ററായി കുറയുകയാണ് ഉണ്ടായത്. അതായത് 31,970 ലിറ്ററിന്റെ വന്‍ കുറവ് (92%). കഞ്ചാവിന്റെ കാര്യത്തില്‍ 968 കിലോയില്‍നിന്ന് 921 കിലോ ആയി കുറഞ്ഞു. അതായത് 47 കിലോയുടെ കുറവ് (5%). സര്‍ക്കാരിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പ്രചാരണങ്ങളുടെ പൊള്ളത്തരമാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്ന് മുൻ കെ,പി.സി.സി അധ്യക്ഷൻ ആരോപിക്കുന്നു..