സമഗ്ര ട്രോമ കെയര്‍ സംവിധാനം നവംബര്‍ അവസാനത്തോടെ

#

തിരുവനന്തപുരം (21-10-17) : തിരുവനന്തപുരം ആക്‌സിഡന്റ് റിസ്‌ക്യു പ്രോജക്ടിന്റെ (Thiruvananthapuram Accident Rescue Project) ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, പോലീസ് വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ്, ആംബുലന്‍സ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയുള്ള സമഗ്ര ട്രോമകെയര്‍ സംവിധാനം തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ അവസാനത്തോടെ പ്രാവര്‍ത്തികമാകും. റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് എങ്ങനെ അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാം എന്നതിനെ ആസ്പദമാക്കി മെഡിക്കല്‍ കോളേജില്‍ നടന്ന ശില്‍പശാലയിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

ചികിത്സാ സൗകര്യമില്ലാത്ത ആശുപത്രികളില്‍ രോഗികളെ എത്തിച്ച് വിലപ്പെട്ട സമയം കളയാതെ എങ്ങനെ വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കാം എന്നതിനെപ്പറ്റി തിരുവനന്തപുരം ഐ.എം.എ. അപതരിപ്പിച്ച പൈലറ്റ് പ്രോജക്ട് അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. സര്‍ക്കാരിന്റെ സഹകരണത്തോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചൊരു മോണിറ്ററിംഗ് സെല്‍ ഇതിനായി രൂപീകരിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ വികസിപ്പിക്കും. അപകടം നടന്നയുടന്‍ പോലീസിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമിലെ ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ആംബുലന്‍സുകാരുടെ കൈയ്യിലുള്ള മൊബൈലിലെ ഒരു ആപ്പ് അടിസ്ഥാനമാക്കിയാണ് ഇത് നടപ്പിലാക്കുക. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സുകളുടെ നമ്പരുകള്‍ കണ്‍ട്രോള്‍ റൂമില്‍ തെളിയും. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരമനുസരിച്ച് ആംബുലന്‍സെത്തും. പ്രഥമ ശ്രുശ്രൂക്ഷയ്ക്ക് ശേഷം ആംബുലന്‍സിലുള്ള നഴ്‌സ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന തൊട്ടടുത്തുള്ള ഏത് ആശുപത്രിയാണുള്ളതെന്നുള്ള സന്ദേശം ലഭിക്കും. വെന്റിലേറ്ററുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയായിരിക്കും ആശുപത്രി നിര്‍ദേശിക്കുക. ഇങ്ങനെയൊരു രോഗി എത്തുന്ന കാര്യം ആശുപത്രിയേയും അറിയിക്കും. ഈ ആമ്പുലന്‍സ് എത്തുന്ന സമയത്ത് ആ ആശുപത്രിയിലെ ഡോക്ടര്‍ സംഘം റെഡിയായി നില്‍ക്കുന്നുണ്ടാകും.

പ്രതിഫലം ലഭിക്കാതെ വരുന്ന ആംബുലന്‍സുകാര്‍ക്ക് ആ തുക ഐ.എം.എ. നല്‍കുന്നതാണെന്നും ഐ.എം.എ. പ്രതിനിധികള്‍ വ്യക്തമാക്കി.