അഷ്ടമുടി ഫെസ്റ്റ് ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

#

തിരുവനന്തപുരം (25-10-17) : അഷ്ടമുടിക്കായല്‍ സംരക്ഷണം മുന്‍നിര്‍ത്തി ഒക്‌ടോബര്‍ 27 ന് കൊല്ലത്ത് ആരംഭിക്കുന്ന 10 ദിവസത്തെ അഷ്ടമുടി ഫെസ്റ്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അഷ്ടമുടി എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഡോക്യുഫിക്ഷന്റെ സ്വിച്ച്ഓണ്‍ കര്‍മ്മവും ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കൊല്ലത്തിന്റെ ചുമതലയുള്ള ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, അഷ്ടമുടി ഡോക്യുഫിക്ഷന്റെ സംവിധായകന്‍ ടൈറ്റസ് എസ്.കുമാര്‍, ക്യാമറാമാന്മാരായ മഹാദേവന്‍ തമ്പി, അരുള്‍ (ചെന്നൈ) എന്നിവര്‍ പങ്കെടുത്തു.

അഷ്ടമുടിക്കായലന്റെ ഗതകാലമഹിമ വീണ്ടെടുക്കാനും കായലോരപ്രദേശങ്ങളുടെ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനുമുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് അഷ്ടമുടി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. രാജ്യാന്തര പ്രശസ്തരായ കലാകാരന്മാരും സാംസ്‌കാരിക നായകരും രാഷ്ട്രീയ-സാമൂഹ്യനേതാക്കളും പങ്കെടുക്കുന്ന സംവാദങ്ങളും കലാപരിപാടികളും പ്രദര്‍ശനങ്ങളും ഭക്ഷ്യമേളയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

അഷ്ടമുടിക്കായലിന്റെയും കായലിന്റെ തീരപ്രദേശങ്ങളുടെയും സാംസ്‌കാരിക പാരമ്പര്യം രേഖപ്പെടുത്താനുള്ള ശ്രമമാണ് അഷ്ടമുടി ഡോക്യുഫിക്ഷന്‍. ടൈറ്റസ് എസ്.കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷനില്‍, കമല്‍ഹാസന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ മഹാദേവന്‍ തമ്പിയും അരുള്‍ (ചെന്നൈ)യുമാണ് ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത്.