കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഏറ്റെടുക്കുമ്പോള്‍ വീര്‍പ്പടക്കി ബി.ജെ.പി

#

(26-10-17) : കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി എത്തുന്നത് ഉത്കണ്ഠയോടെയാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ വീക്ഷിക്കുന്നത്. തങ്ങള്‍ പ്രചരിപ്പിച്ചതില്‍ നിന്ന് വിപരീതമായി ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പുതിയ തലമുറയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ രാഹുലിന് കഴിയുന്നു എന്നതാണ് ബി.ജെ.പി നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. സമര്‍ത്ഥമായ പ്രചരണതന്ത്രങ്ങളിലൂടെ രാഹുല്‍ഗാന്ധിയെക്കുറിച്ച് പ്രതികൂലമായ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ഒരു പരിധിവരെ ബി.ജെ.പി വിജയിച്ചിരുന്നു. രാഹുല്‍ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും കോണ്‍ഗ്രസ് സാമൂഹ്യമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ, എതിരാളികള്‍ സൃഷ്ടിച്ച പ്രതിച്ഛായയില്‍ നിന്ന് വളരെ വേഗം പുറത്തുകടക്കാന്‍ രാഹുലിന് കഴിഞ്ഞു. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന രാഹുല്‍, ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്നില്ല എന്നു മാത്രമല്ല, തന്ത്രങ്ങള്‍ മെനയുന്നതിലും മറ്റ് പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കളുമായി ബന്ധപ്പെടുന്നതിനും മറ്റും മുന്‍കൈ എടുക്കുകയും ചെയ്യുന്നു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പുറത്തുള്ള സാമൂഹ്യ സംഘടനകളുമായും നേതാക്കളുമായും സഖ്യം സ്ഥാപിക്കാനുള്ള ശ്രമത്തിനു പിന്നില്‍ രാഹുല്‍ഗാന്ധിയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും നിരീക്ഷകരും എഴുതിതള്ളിയിരുന്ന കോണ്‍ഗ്രസിനെ ശക്തമായ ഒരു മത്സരത്തിന് സജ്ജമാക്കിയത് രാഹുല്‍ഗാന്ധിയുടെ ഈ അപ്രതീക്ഷിത നീക്കമാണ്. അല്‌പേഷ് താക്കൂര്‍, ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്‌നേഷ് മെവാനി എന്നിവരെ സഖ്യത്തിന് ക്ഷണിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് പേരില്‍ നിന്നും അനുകൂലമായ പ്രതികരണമാണുണ്ടായത്. അല്‌പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ തയ്യാറായി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് മുന്നണിയുടെ സാമൂഹ്യാടിത്തറ വിപുലമാക്കാന്‍ ഈ നീക്കം കൊണ്ട് കഴിയും. ശങ്കര്‍സിംഗ് വഗേലയും 14 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ നഷ്ടം നികത്താന്‍ മാത്രമല്ല, പുതിയ മേഖലകളിലേക്ക് കടന്നുകയറാനും കോണ്‍ഗ്രസിന് കഴിയും. പരമ്പരാഗത രീതികളില്‍ നിന്ന് മാറിയുള്ള രാഹുല്‍ഗാന്ധിയുടെ സമീപനം ഇനിയങ്ങോട്ടുള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും പ്രവര്‍ത്തനശൈലിയുടെയും സൂചനയാണെങ്കില്‍ ഉറക്കമില്ലാത്ത രാവുകളാകും ബി.ജെ.പിയെയും മോദിയെയും കാത്തിരിക്കുക.

രാഹുല്‍ഗാന്ധിയുടെ അഴിമതിമുക്ത പ്രതിച്ഛായയും പുതിയ തലമുറയുമായി സംവദിക്കാനുള്ള ശേഷിയും ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായിരിക്കും. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വടക്കേയിന്ത്യയില്‍ പശുവിന്റെ പേരിലും മറ്റും തീവ്രഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളും പ്രതിരോധത്തിലാക്കിയിരിക്കുന്ന ബി.ജെ.പിക്ക് രാഹുലിനെ നേരിടാനുള്ള തന്ത്രങ്ങള്‍ കണ്ടെത്താനാകുന്നില്ല. 3 ദശകം പഴക്കമുള്ള ബൊഫോഴ്‌സ് കേസ് വീണ്ടും അന്വേഷിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടാനുള്ള നീക്കം ബി.ജെ.പിയുടെ ആശയക്കുഴപ്പവും പരിഭ്രമവും വ്യക്തമാക്കുന്നു. രാഹുല്‍ഗാന്ധിയുടെ കുടുംബത്തെ പ്രതിസ്ഥാനത്തു നിറുത്താന്‍ കഴിയുന്ന കേസെന്ന നിലയിലാണ് ബോഫോഴ്‌സ് വീണ്ടും പുറത്തെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. വളരെയേറെ പഴക്കമുള്ള കേസായതുകൊണ്ട് ബോഫോഴ്‌സ് എന്തെങ്കിലും ചലനം സൃഷ്ടിക്കാനുള്ള സാധ്യത കുറവാണ്.

2014 ല്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ച ഹിന്ദുത്വ, വികസനം എന്നീ രണ്ടു മുദ്രാവാക്യങ്ങളും ഇനി അതേ രീതിയില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരേ ഹിന്ദു തീവ്രവാദികളില്‍ നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗത്തില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വികസനം എന്ന മുദ്രാവാക്യം പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ ഒതുങ്ങി എന്ന കാര്യം ബി.ജെ.പി നേതാക്കള്‍ തന്നെ സ്വകാര്യ സംഭാഷണങ്ങളില്‍ സമ്മതിക്കുന്നുണ്ട്. നോട്ടുപിന്‍വലിക്കലും ജി.എസ്.ടിയും സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചതോടെ മധ്യവര്‍ഗ്ഗങ്ങളിലും യുവതലമുറയിലും ബി.ജെ.പിയ്ക്കുണ്ടായിരുന്ന പിന്തുണ വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വാഗ്ദാനങ്ങളുമായി ഈ വിഭാഗങ്ങളെ സ്വാധീനിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ക്കുണ്ട്.

മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന തീവ്ര നിലപാടുകള്‍ക്കും ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ക്കുമെതിരേ രാഹുല്‍ഗാന്ധി നടത്തുന്ന പ്രചരണങ്ങള്‍ ഫലം കാണുന്നു എന്നാണ് രാഹുലിന്റെ പൊതുയോഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. മതനിരപേക്ഷതയില്‍ അടിയുറച്ചുനിന്നുകൊണ്ട്, നിലനില്‍ക്കുന്ന വികസനത്തിനു വേണ്ടി യാഥാര്‍ത്ഥ്യബോധത്തോടെ പ്രചരണം നടത്തുക എന്ന രാഹുലിന്റെ ആശയം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. അഴിമതിക്കാരും വിവാദനായകരുമായ പഴയ നേതാക്കളെ മാറ്റി നിറുത്തി, ക്ലീന്‍ ഇമേജുള്ള മുതിർന്ന നേതാക്കളെയും യുവതാരങ്ങളെയും അണിനിരത്തി, രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന കോൺഗ്രസിനെ ബി.ജെ.പി എങ്ങനെയാണ് നേരിടുക എന്നാണ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.