പിരിച്ചുവിട്ട നഴ്സുമാരെ സംരക്ഷിക്കാൻ യു.എൻ.എ ആശുപത്രി തുടങ്ങും

#

തൃശൂർ (26-10-17) :  നഴ്സുമാർക്ക് നിഷേധിക്കപ്പെട്ടിരുന്ന സാമാന്യ നീതിക്കുവേണ്ടി ആയിരുന്നു യു.എൻ.എ ആദ്യം ശബ്ദം ഉയർത്തിയത്. ഈ ശബ്ദം അധികാരികൾ കേട്ടില്ലെന്നു നടിച്ചപ്പോൾ കേരളം ഒന്നാകെ അലയടിക്കും വിധം ആ ശബ്ദം ഉയർന്നുപൊങ്ങി. ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. അർഹതപ്പെട്ട വേതനം നേടിയെടുത്തപ്പോൾ യു.എൻ.എ പോരാട്ടം അവസാനിപ്പിച്ചില്ല. സമരത്തിൽ ഒപ്പം നിന്നവർക്കെതിരെ മാനേജ്‌മന്റ് നടപടിയെടുത്തപ്പോൾ കയ്യുംകെട്ടി നോക്കി നിന്നില്ല. സഹപ്രവർത്തകർക്കൊപ്പം വീണ്ടും സമരമുഖത്തേക്കിറങ്ങി. പോലീസിന്റെ മർദ്ദനവും ഭീഷണികളുമൊന്നും യു.എൻ.എയെ പിന്തിരിപ്പിച്ചില്ല. സമരം ചെയ്യുന്ന അംഗങ്ങൾക്ക് ഓണത്തിന് ബോണസ് ഉൾപ്പെടെ നൽകി ഒപ്പം നിന്നു. പ്രതികാര നടപടിയുമായി ചില മാനേജ്മെന്റുകൾ കടുംപിടുത്തം തുടർന്നപ്പോൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എന്നാൽ ആശുപത്രി പൂട്ടിയാലും ന്യായമായ ശമ്പളം നൽകില്ലെന്ന് മാനേജ്മെന്റുകൾ പുതിയ വെല്ലുവിളി ഉയർത്തിയപ്പോൾ  ഭീഷണിക്കുമുന്നിൽ മുട്ടുമടക്കാൻ യു.എൻ.എ തയ്യാറായില്ല. ആശുപത്രി പൂട്ടി ജോലി നഷ്ടപ്പെടുന്ന നഴ്സുമാർക്ക് ജോലി നൽകുന്നതിനായി യു.എൻ.എയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങാനാണ് സംഘടനയുടെ തീരുമാനം.

യു.എൻ.എ യുടെ നേതൃത്വത്തിൽ ഒരു ആശുപത്രിയെന്ന ആശയം സംഘടന മുന്നോട്ടു വച്ചിരുന്നു. സംഘടനയുടെ ആസ്ഥാനമായ തൃശ്ശൂരിൽ ആശുപത്രി നിർമ്മിക്കണമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മതിയായ പണം കണ്ടെത്താനാകാത്തതിനാൽ പ്രഖ്യാപനം ഉണ്ടായില്ല. എന്നാൽ ശമ്പളം ചോദിച്ചാൽ ആശുപത്രി പൂട്ടുമെന്ന ഭീഷണിയുമായി ആശുപത്രി മാനേജ്മെന്റുകൾ നിലകൊണ്ടതോടെ സ്വന്തമായി ആശുപത്രിയെന്ന ആശയത്തിലേക്ക് യു.എൻ.എ കൂടുതൽ അടുത്തു.

ആശുപത്രി നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിലേക്ക് യു.എൻ.എ നീങ്ങിയപ്പോൾത്തന്നെ പിന്തുണയുമായി ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തി. ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന ദുഷ്പ്രവണതകൾ ഇല്ലാതാക്കുന്നതിന് കുത്തക മുതലാളിമാരുടേതല്ലാത്ത ഒരു ആശുപത്രി കേരളത്തിൽ ആവശ്യമാണെന്ന് യു.എൻ.എ കരുതുന്നു. പ്രവാസി നഴ്സുമാരുടെ പിന്തുണയാണ് യു.എൻ.എയെ സ്വന്തം ആശുപത്രി എന്ന സ്വപ്‍ന സാക്ഷാത്കാരത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. 36 രാജ്യങ്ങളിലായുള്ള 23000 ത്തിലധികം പ്രവാസി നഴ്സുമാർ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ വാഗ്ദാനം ചെയ്തു.

നിലവിൽ നഴ്സുമാരുടെ സമരം നടക്കുന്ന ചേർത്തല കെ.വി.എം ആശുപത്രി പൂട്ടുമെന്നാണ് മാനേജ്മെന്റ് നിലപാട് . അത്തരം ഒരു നീക്കം ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ ചേർത്തലയിൽ  തന്നെ ആശുപത്രി നിർമ്മിച്ച് ജോലി നഷ്ടപ്പെടുന്ന എല്ലാ നഴ്‌സുമാർക്കും ജോലി നൽകുമെന്ന് യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. നിയമങ്ങൾ പാലിച്ചുകൊണ്ടും  തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും ആശുപത്രികൾ പ്രവർത്തിപ്പിക്കാമെന്ന് സമൂഹത്തിനുമുന്നിൽ ഒരു മാതൃക അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജാസ്മിൻ ഷാ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു . എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ആശുപത്രി കേരളത്തിലെ ആരോഗ്യമേഖലയിലെ നല്ല മാറ്റത്തിന് തുടക്കമാകുമെന്ന സംഘടനയുടെ പ്രതീക്ഷയും ജാസ്മിൻ ഷാ പങ്കുവച്ചു.