ഒരു ചെറുപ്പത്തിന്റെ ഓർമ്മ

#

(27-10-17) : ഒരു എഴുത്തുകാരന്റെ ജീവിതം എഴുത്ത് പോലെ തന്നെ നിറം പിടിപ്പിച്ചതാകുന്നത് നല്ലതോ ചീത്തയോ എന്നത് കുഞ്ഞബ്ദുള്ളയെ സംബന്ധിച്ചിടത്തോളം അത്ഭുതാതിശയങ്ങളോടെ നോക്കി കാണേണ്ട ഒന്നല്ല. തികച്ചും സ്വാഭാവികമായ ആ രൂപഘടനയില്‍ അതങ്ങനെയേ സംഭവിക്കുമായിരുന്നുള്ളൂ. 1968 ലാണ് ഞാന്‍ അബ്ദുള്ളയെ പരിചയപ്പെടുന്നത്. അലിഗാറില്‍ കുഞ്ഞബ്ദുള്ളയോടൊപ്പമുണ്ടായിരുന്ന ഇടവക്കാരനായ കമാലുദീന്‍, തികച്ചും എഴുത്തുകാരനായിട്ടില്ലാത്ത കുഞ്ഞബ്ദുള്ളയെ എന്നെ പരിചയപ്പെടുത്തുമ്പോള്‍, പരിചയപ്പെടേണ്ട ഒരു വ്യക്തിത്വത്തിന്റെ ഉടമസ്ഥന്‍ എന്ന് ഞാന്‍ അറിയാതെ പറഞ്ഞുപോയി. ഭാവി അദ്ദേഹത്തിന് തുറന്നിടാന്‍ പോകുന്ന വാതായനങ്ങള്‍ അത്ഭുതകരമായി എനിക്കു മുന്നില്‍ അന്നേ തുറന്നിട്ടു എന്നാണോ ഞാനിന്ന് മനസ്സിലാക്കേണ്ടത്?

സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതില്‍ പോലും കുഞ്ഞബ്ദുള്ളയ്ക്ക് ഒരു സവിശേഷ രീതിയുണ്ടായിരുന്നു. തന്നെ മടുക്കാത്തതും തനിക്ക് മടുക്കാത്തതുമായ ഒരു വ്യക്തിയായിരിക്കണം  തനിക്ക് സുഹൃത്തായി കിട്ടേണ്ടതെന്ന ഒരു തരം ദുര്‍വ്വാശിക്കാരനായിരുന്നു അബ്ദുള്ള. ആ എഴുത്തിന്റെ ശില്പശിലാരൂപങ്ങള്‍, സ്മരണകളുടെ ഇരമ്പങ്ങള്‍ മലയാളത്തിലെ മറ്റൊരു സാഹിത്യകാരനിലും കാണാത്ത രീതിയില്‍ പ്രൗഢവും വാചാലവുമായി സ്പന്ദിച്ചതാണ് ഇപ്പോള്‍ അബ്ദുള്ളയിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ജീവിതം വളരെയേറെ അനായാസമായി ആ കൈക്കുള്ളില്‍ ഒതുങ്ങിയത് രചനകളുടെ അര്‍ത്ഥാടോപ സാംഗത്യങ്ങളിലൂടെ ഒരു ജീവിതം കൊണ്ട് നമുക്ക് ബോധ്യപ്പെടുത്തിത്തന്നപ്പോള്‍ നമുക്ക് പഠിക്കാന്‍ കഴിഞ്ഞത് നമ്മുടെ തന്നെ ജീവിതത്തിന്റെ ആയാസ മുഷ്‌കുകളെക്കുറിച്ചായിരുന്നു. എത്ര അനായാസമായാണ് എന്റെ കുഞ്ഞ് ജീവിച്ചത്. ഓര്‍ക്കുമ്പോള്‍ എന്തൊക്കെ തോന്നലുകളിലൂടെയാണ് കടന്നുപോകാന്‍ കഴിഞ്ഞത്. തന്നെയും താന്‍ ഒഴിച്ചുള്ള എല്ലാറ്റിനെയും തന്റെ കൈവെള്ളയില്‍ വെച്ച് ഇല്ലാതായ ആ പ്രതിഭാധനത്വം നമുക്ക് നഷ്ടമായോ? ഇല്ലേയില്ലെന്ന് എന്റെ കുഞ്ഞബ്ദുള്ള അടഞ്ഞ ശബ്ദത്തില്‍ ഏതോ മറവില്‍ നിന്ന് പറയുന്നു. നമുക്ക് വിശ്വസിക്കുക.

മധുനായര്‍, സക്കറിയ തുടങ്ങിയ അദ്ദേഹത്തിന്റെ ആപ്തമിത്രങ്ങള്‍ കുഞ്ഞിനെ കരുതി എന്നും താലോലിച്ച് ഓമനിച്ച് കഴിഞ്ഞവരാണ്. അവരോടൊന്നിച്ചിരിക്കുമ്പോഴും അവര്‍ക്ക് അസൂയ തോന്നുന്ന രീതിയില്‍ എന്നെക്കുറിച്ച് സംസാരിക്കാന്‍ ഇടം കണ്ടെത്തിയതെന്തിനാണ്? അവർ പറഞ്ഞ് അതറിയുമ്പോള്‍ എനിക്കുണ്ടായിട്ടുള്ള കുഞ്ഞബ്ദുള്ളയോടുള്ള ആത്മസ്പര്‍ശിയായ ആദരവിന് എന്റെ കുഞ്ഞബ്ദുള്ളേ, ഞാന്‍ എന്താണ് പകരം തരേണ്ടത്? എന്റെ ഈ ദുഃഖം, എന്റെ ഈ വാക്കുകള്‍ ഇതൊക്കെ എനിക്കുവേണ്ടിയെങ്കിലും എന്റെ കുഞ്ഞ് വിശ്വസിക്കുക. എഴുത്തിലൂടെ കുഞ്ഞബ്ദുള്ള പകര്‍ന്നു തന്ന കുഞ്ഞബ്ദുള്ളയെ എനിക്ക് വേണ്ട. എന്റെ മുമ്പില്‍ പച്ച മനുഷ്യനായി, ചെറുപ്പക്കാരനായി എന്നും അവതരിച്ചിട്ടുള്ള എന്റെ കുഞ്ഞബ്ദുള്ളയെ  മതി.