ഹോട്ടലുകൾക്ക് ബിയർ ഉല്പാദിപ്പിക്കാനുള്ള അനുമതി നിന്ദ്യം : സുധീരൻ

#

(29-10-17) :ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ ഉല്പാദിപ്പിക്കാൻ അനുമതി നൽകാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് വി.എം സുധീരൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനും നടപടികൾക്കുമെതിരെ ഉയർന്നുവന്നിട്ടുള്ള ശക്തമായ പ്രതിഷേധത്തെ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള ഈ ശ്രമം അങ്ങേയറ്റം അപലപനീയവും അതീവ നിന്ദ്യവുമാണെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുധീരൻ പറഞ്ഞു. നിയമസഭയിലെ ഭൂരിപക്ഷം ഏത് ജനദ്രോഹ പ്രവർത്തനവും നടത്താനുള്ള ലൈസൻസാണെന്ന് സർക്കാർ കരുതരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അങ്ങനെ ചിന്തിച്ചവർക്കെല്ലാം പിന്നീട് കനത്ത തിരിച്ചടിയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഓർക്കണം. മൈക്രോ ബ്രുവറിയുടെ വക്താവായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് തന്നെ വന്നതിലൂടെ അദ്ദേഹത്തിന്റെ തനിനിറം കൃത്യമായി ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.