ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി

#

ന്യൂഡല്‍ഹി (30-10-17) : ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ഹാദിയയുടെ പിതാവ് അശോകനോട് ആവശ്യപ്പെട്ടു. നവംബര്‍ 27 ന് 3 മണിക്ക് ഹാജരാക്കാനാണ് ഉത്തരവ്. ഹാദിയയെ വിവാഹം കഴിച്ച ഷെഹിന്‍ ജഫാന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഹാദിയയുടെ പിതാവ് അശോകന്റെയും കേസ് അന്വേഷിച്ച എന്‍.ഐ.എയുടെയും ഭാഗം, ഹാദിയയുടെ ഭാഗം കേട്ടതിനുശഷം മാത്രമേ കേള്‍ക്കൂ എന്ന് കോടതി അറിയിച്ചു. കേസ് അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ വാദം കോടതി തള്ളി.

മനശ്ശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലിന് ഇരയാണ് ഹാദിയയെന്നും ഷെഹിന്‍ ജഫാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ പ്രേമിക്കാനും വിവാഹം കഴിക്കാനും പാടില്ലെന്ന് നിയമമില്ലല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഷെഫിന്‍ ജഹാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന എന്‍.ഐ.എയുടെ വാദം തെറ്റാണെന്ന് ഷെഹിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍സിബൽ വാദിച്ചു.

ഹാദിയയ്ക്കു ഇപ്പോൾ നൽകിവരുന്ന സംരക്ഷണം തുടരണമെന്നും നവംബര്‍ 27 ന് ഹാദിയയെ നേരിട്ട് ഹാജരാക്കുമ്പോള്‍ മതിയായ സംരക്ഷണം ഉറപ്പു വരുത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.