ഹിന്ദുഹൃദയസമ്രാട്ടിന്റെ പതനരഹസ്യങ്ങള്‍

#

(30-10-17) : 1990 കള്‍ മുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണം ഇന്ത്യന്‍ സമൂഹത്തിന്റെ ജാതി-വര്‍ഗഘടനയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. താരതമ്യേന കവചിതമായിരുന്ന മിക്ക സാമ്പത്തിക മേഖലകളുടെയും സ്വാച്ഛന്ദ്യം തകരുകയും ദശലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരാകുകയും ചെയ്തു. ഇത് നഗരങ്ങളിലേക്കുള്ള വന്‍ കുടിയേറ്റങ്ങള്‍ക്ക് കാരണമായി. ലോകത്തിലെ മിക്ക വന്‍കിട നഗരങ്ങളും സാമ്പത്തിക വളര്‍ച്ചയുടെ മാത്രമല്ല, കോസ്‌മൊപോളിറ്റൻ സംസ്‌കാരത്തിന്റെ കൂടി കേന്ദ്രങ്ങളാണ്. എന്നാല്‍, ഇന്ത്യന്‍ നഗരങ്ങളാകട്ടെ, ഒരേ സമയം സമൃദ്ധിയുടെയും ഫ്യൂഡല്‍-മത ജീര്‍ണതയുടെയും സംഗമഭൂമിയായി മാറുകയാണുണ്ടായത്. ഗ്രാമങ്ങളെ ഉപേക്ഷിച്ച ജനത, പക്ഷേ, ജീര്‍ണമായ ഗ്രാമീണ-ഫ്യൂഡല്‍മനസ്സിനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അതിന്റെ ഫലമായി, ഇന്ത്യന്‍ നഗരങ്ങള്‍ വികസിതമായ "മുതലാളിത്ത ഇന്ത്യ"യുടെയും അവികസിതമായ "ഭാരത"ത്തിന്റെയും സംഘര്‍ഷാത്മക ഭൂമികയായി മാറുകയാണുണ്ടായത്. ഭൗതികമായി വലിയ ഭാഗ്യങ്ങള്‍ക്കുടമകളായ മുതലാളിമാരും തൊഴിലാളികളും സാംസ്‌കാരികമായി ജാതി-മതമൂല്യങ്ങളുടെ ആരാധകരായി മാറിക്കൊണ്ടിരുന്നു.

ആഗോളവൽക്കരണത്തിന്റെ പാര്‍ശ്വഫലമായി രൂപം കൊണ്ട ഈ "മതമൂല്യമണ്ഡല"ത്തെ ഹിന്ദുവെന്നും മുസ്ലീമെന്നും വിഭജിക്കാന്‍ കഴിഞ്ഞു എന്നതാണ് സംഘപരിവാറിനെ "ജനകീയ"മാക്കിയത്. ഭൂരിപക്ഷമായ ഹിന്ദു നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണം മുസ്ലീമാണെന്ന് പ്രചരിപ്പിക്കാനും ക്രമേണ ഒരു "ഹൈന്ദവവികാര രാഷ്ട്രീയ"ത്തിന് ജന്മം നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. വികാരരാഷ്ട്രീയം ഭൂരിപക്ഷത്തിന് ആകര്‍ഷകമാകുമ്പോള്‍, യുക്തിസഹമായ വിശകലനങ്ങള്‍ക്കോ അവധാനതയോടെയുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കോ പ്രസക്തി നഷ്ടപ്പെടുന്നു. വികാരത്തിന്റെ ഭാഷയ്ക്കു മാത്രമേ, ഈ ഭൂരിപക്ഷവുമായി സംവദിക്കാനാവൂ. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക്, സ്വന്തം മതേതര-ജനാധിപത്യ പ്രതിച്ഛായ കാരണം, ഒരു പരിധിക്കപ്പുറം വികാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ്, തങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും പ്രതിനിധീകരിക്കാനും ആരുമില്ലെന്ന നിരാശ ജനങ്ങളെ ബാധിച്ചത്. ഉത്തരേന്ത്യയെ ബാധിച്ച ഈ ബഹുജനനിരാശയെയാണ് സംഘപരിവാര്‍ രാഷ്ട്രീയമൂലനധമാക്കിയത്. "ഹിന്ദുരാഷ്ട്ര"മാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആര്‍.എസ്.എസ്സിന്, മതേതരത്വത്തിന്റെ അന്തര്‍നിരോധനങ്ങളൊന്നുമുണ്ടായിരുന്നില്ല. അവര്‍ ഭൂരിപക്ഷഹിന്ദു ജനതയുടെ അവികസിതവും ജീര്‍ണവുമായ ജാതി-മതവികാരങ്ങളെ ഊതിവീര്‍പ്പിക്കുകയും മതചിഹ്നങ്ങളെയും പ്രതീകങ്ങളെയും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്തു. രാഷ്ട്രീയം, വികാരരാഷ്ട്രീയത്തിന് വഴിമാറുമ്പോള്‍, ബഹുജനങ്ങള്‍ ആത്മബോധമില്ലാത്ത "ആള്‍ക്കൂട്ട"മായി പരിണമിക്കുന്നു. ശക്തനായ "രക്ഷക"നില്ലാതെ ആള്‍ക്കൂട്ടത്തിന് നിലനില്‍ക്കാനാവില്ല. ഉത്തരേന്ത്യന്‍ ഹിന്ദു ആള്‍ക്കൂട്ടത്തിന്റെ അപരിഷ്‌കൃതഭാവുകത്വങ്ങളുടെയും  അക്രമോത്സുകതയുടെയും ആള്‍രൂപമായി മാറാന്‍ ഏറ്റവും യോഗ്യന്‍ മോദിയായിരുന്നു. 2002 ഗുജറാത്തിലെ വംശഹത്യയിലൂടെ ആര്‍ജ്ജിച്ച "പശ്ചാത്താപരഹിതനായ കുറ്റവാളി"യെന്ന പ്രതിച്ഛായ, വളരെ വേഗം മോദിയെ ഉത്തരേന്ത്യന്‍ ഹിന്ദു ആള്‍ക്കൂട്ടത്തിന് പ്രിയപ്പെട്ടവനാക്കി. ഒപ്പം, ഒബിസിയാണെന്ന പ്രചരണവും നാടകീയമായ വാചാടോപവും മോദിയടെ "വ്യക്തിപ്രഭാവ"ത്തിന് മാറ്റുകൂട്ടി. മോദിക്കു ലഭിച്ച അഭൂതപൂര്‍വ്വമായ ജനകീയതയിലൂടെയാണ്, 2014 ല്‍ ബി.ജെ.പി കേന്ദ്രഭരണത്തിലെത്തിയത്.

എന്നാല്‍ പ്രധാനമന്ത്രിയായതിനുശേഷം മോദിയുടെ ഓരോ വാക്കും പ്രവൃത്തിയും അയാളെക്കുറിച്ച് ആള്‍ക്കൂട്ടം കെട്ടിയുയര്‍ത്തിയിരുന്ന പ്രതീക്ഷകള്‍ തകര്‍ക്കുന്നതായിരുന്നു. വലിയ "വാചകമടി"യല്ലാതെ, ക്രിയാത്മകമായ പ്രവൃത്തികളൊന്നും മോദിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലായെന്ന യാഥാര്‍ത്ഥ്യത്തെയാണ് ആള്‍ക്കൂട്ടത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. മോദിയുടെ ഭരണം മൂന്ന് വര്‍ഷം പിന്നിടുമ്പോഴേക്കും, "മോദി പ്രതീക്ഷ"യും "മോദി യാഥാര്‍ത്ഥ്യ"വും തമ്മിലുള്ള അകലം കൂട്ടിയോജിപ്പിക്കാനാവാത്തവിധം വര്‍ദ്ധിച്ചിരിക്കുന്നു. 2016 നവംബര്‍ 8 -അന്നു രാത്രിയിലാണ് ഇന്ത്യന്‍ സമ്പദ്ഘടനയിലെ കാളരാത്രിയെന്നും വിശേഷിപ്പിക്കാവുന്ന നോട്ടസാധുവാക്കല്‍ പ്രഖ്യാപിച്ചത്- മോദിയുടെ തകര്‍ച്ചയുടെ ദിനം കൂടിയാണ്. സാമ്പത്തിക കാളരാത്രിയുടെ ഒന്നാം വാര്‍ഷികദിനമായ 2017 നവംബര്‍ 8 ആകുമ്പോഴേക്കും മോദിയുടെ പതനം അപരിഹാര്യവും വീണ്ടെടുക്കാനാവാത്തതുമാണെന്നു വ്യക്തമായിരിക്കുന്നു.

ഉത്തരേന്ത്യന്‍ ഹിന്ദു ആള്‍ക്കൂട്ടത്തിനു മുന്നില്‍, "ഹിന്ദുഹൃദയസമ്രാട്ടാ"യി തിളങ്ങിയിരുന്ന മോദി, എത്ര വേഗമാണ് തകര്‍ച്ചയുടെ "സമ്രാട്ടാ"യി മാറിയത്! ആള്‍ക്കൂട്ടം ആരാധനയോടെ വീക്ഷിച്ചിരുന്ന ഈ സമ്രാട്ട്, കഴിവുകേടിന്റെയും പൊങ്ങച്ചത്തിന്റെയും നാടകീയതയുടെയും നുണയുടെയും വാചകക്കസര്‍ത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. വര്‍ഷങ്ങളോളം തങ്ങള്‍ വീരനായകപരിവേഷം നല്‍കി വാനോളമുയര്‍ത്തിയ ഈ മനുഷ്യര്‍, വെറുമൊരു ശുഷ്‌കവ്യക്തിയായിരുന്നല്ലോ എന്ന തിരിച്ചറിവ്, ഉത്തരേന്ത്യന്‍ ഹിന്ദുഭൂരിപക്ഷത്തെ ആത്മനിന്ദയുടെയും കുറ്റബോധത്തിന്റെയും നിലയില്ലാക്കയത്തിലാഴ്ത്തിയിരിക്കുന്നു. മോദിയുടെ വേഷപ്പകര്‍ച്ചയിലും അഭിനയത്തിലും തെറ്റിദ്ധരിക്കപ്പെട്ടുപോയല്ലോ എന്ന ആത്മനിന്ദ കലര്‍ന്ന രോഷം ഇന്ന് ഗുജറാത്ത് ഉള്‍പ്പെടെ, ഉത്തരേന്ത്യയാകെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. സംഘടിതവും ഏകീകൃതവുമായ ഒരു പ്രതിപക്ഷബദലിന്റെ അഭാവത്തില്‍, ഈ ബഹുജനരോഷം വലിയൊരു ജനകീയ പ്രസ്ഥാനമായി മാറിയിട്ടില്ലായിരിക്കാം. പക്ഷേ, വികേന്ദ്രീകൃതവും പ്രാദേശികവുമായ "ആള്‍ക്കൂട്ടരോഷം", ഉത്തരേന്ത്യയുടെ ചക്രവാളത്തില്‍, അപ്രതിരോധ്യമായ ഒരു കാര്‍മേഘമായി ഉരുണ്ടുകൂടുക തന്നെയാണ്.

മോദിയുടെ പതനത്തെ തടുക്കാനാവാത്തതും ഹ്രസ്വവുമാക്കിയ "രഹസ്യങ്ങള്‍" എന്താണ്?

ഒന്ന് : സാമ്പത്തികരംഗത്ത് നിരുപാധികമായ ആഗോളവൽക്കരണ നയങ്ങള്‍ തുടര്‍ന്ന മോദി, ആഗോളവൽക്കരണത്തെ സുസാധ്യമാക്കുന്ന ലിബറല്‍ മൂല്യങ്ങളെ നശിപ്പിച്ചു. ലോകത്തെവിടെയായലും സുതാര്യമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിജയിക്കണമെങ്കില്‍, ആധുനികവും ഉദാരവുമായ "രാഷ്ട്രീയ-സാംസ്‌കാരികപശ്ചാത്തലം"(Politico-Cultural infrastructure) അനിവാര്യമാണ്. ഇന്ത്യയുടെ പരമ്പരാഗതമായ "സാമ്പത്തിക പശ്ചാത്തല"ത്തെ നവീകരിക്കുന്നതിനു വേണ്ടി മുന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ആവിഷ്‌കരിച്ച "ഉദാരവല്‍ക്കരണനയ"ങ്ങള്‍ ഒരു വശത്ത് തുടര്‍ന്നപ്പോള്‍ തന്നെ, മറുവശത്ത്, രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലത്തെ, മധ്യകാല പ്രാകൃതത്വത്തിലേക്കു മടക്കുന്ന സമീപനമാണ് മോദി ആവിഷ്‌കരിച്ചത്. പശു രാഷ്ട്രീയം മുതല്‍ താജ്മഹലിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ വരെയുള്ള മധ്യാകാല രാഷ്ട്രീയം, ഫലത്തില്‍, സാമ്പത്തിക ഉദാരവൽക്കരണത്തിനാവശ്യമായ ഉദാരമായ രാഷ്ട്രീയ സംസ്‌കാരത്തെ തകര്‍ത്തിരിക്കുകയാണ്. താജ്മഹലിനെതിരായ അസഹിഷ്ണുത, ഫലത്തില്‍, ആഗോളമൂലധനത്തിന്റെ സുതാര്യതയ്‌ക്കെതിരായ അസഹിഷ്ണുത തന്നെയാണ്. അനവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പലതരം വ്യവസായ-വാണിജ്യക്കരാറുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടും മോദിയുടെ സാമ്പത്തിക നയങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുന്നതിന്റെ ഒന്നാമത്തെ "രഹസ്യ"മിതാണ്.

രണ്ട് : ഈ സാമ്പത്തിക പരാജയങ്ങള്‍ മൂലം പതിനായിരക്കണക്കിന് ചെറുകിട വ്യവസായങ്ങള്‍ തകരുകയും ദശലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരാകുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലാകെ, ഈ അസ്വസ്ഥതകള്‍ വലിയ പ്രതിഷേധമായി പടര്‍ന്നുകൊണ്ടിരിക്കുന്നു.

മൂന്ന് : ദളിത് ജനവിഭാഗങ്ങള്‍ക്കിടയിലെ പുതിയ രാഷ്ട്രീയ ഉണര്‍വ്.

നാല് : രാഹുല്‍ ഗാന്ധിയുടെ ക്രമാനുഗതമായ ഉയര്‍ച്ച, ഒരു ബദലിനെക്കുറിച്ചുള്ള പ്രതീക്ഷ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നു.

അഞ്ച് : ബദലിന്റെ  അഭാവത്തില്‍, മോദിയ്ക്കുണ്ടായ വിജയത്തിന്റെ നാളുകള്‍ കഴിഞ്ഞിരിക്കുന്നു. മോദിയുടെ വിജയം, യാഥാര്‍ത്ഥത്തില്‍, എതിരാളിയില്ലാത്ത കളിയിലെ ഏകപക്ഷീയ വിജയമായിരുന്നു. അനുദിനം രാഹുല്‍ഗാന്ധി ആര്‍ജിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പകത്വയും നേതൃപാടവവും മോദിക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. "പയ്യന്‍" എന്ന് വിളിച്ച്, അവഗണിക്കാനാവാത്തവിധം ശക്തമായിരിക്കുന്നു, രാഹുലിന്റെ സാന്നിധ്യം.

ആറ് : രാഹുല്‍ ഗാന്ധിയും സംഘടിത പ്രതിപക്ഷവുമുയര്‍ത്തുന്ന പുതിയ "രാഷ്ട്രീയക്കളി" മോദിക്ക് പരിചിതമായ തെരുവുഗുണ്ടായിസമല്ല. രാഹുലിന്റെയും മമതാ ബാനര്‍ജിയുടെയും  നേതൃത്വത്തിലെത്തുന്ന "രാഷ്ട്രീയ ടീ"മിനെ നേരിടാനുള്ള പരിശീലനമോ പ്രതിഭയോ മോദിക്കില്ല. നിരപരാധികളായ മനുഷ്യരെ പച്ചയ്ക്കു കൊല്ലുന്ന ഹിന്ദുത്വഫാസിസ്റ്റു വെദഗ്ദ്ധ്യം കൊണ്ട് പുതിയ രാഷ്ട്രീയക്കളിയില്‍ ജയിക്കാനാവില്ല.

അയോധ്യ, രാമക്ഷേത്രം, ഗോരക്ഷ, ഘര്‍വാപസി, യോഗ, തേജോമയക്ഷേത്രം, ഹിന്ദുഹൃദയം, ഭാരത്മാതാ, കാവി, രക്ഷാബന്ധന്‍ തുടങ്ങിയ മധ്യാകല പ്രതീകങ്ങളും പദാവലികളും കൊണ്ട്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അധികകാലം നിലനില്‍ക്കാനാവില്ല. ശാസ്ത്രത്തെയും മതേതരത്വത്തെയും സ്വതന്ത്രചിന്തയെയും ചെറിയൊരു കാലയളവിലെങ്കിലും ശ്വാസം മുട്ടിക്കാന്‍ മോദി എന്ന "ശുഷ്‌കപ്രതിഭ"യ്ക്കു കഴിഞ്ഞു എന്നത് ശരിയാണ്. പക്ഷെ, ചരിത്രത്തിന്റെ പ്രവാഹത്തെ സ്ഥിരമായി തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കുമാവില്ല. "ശുഷ്‌കപ്രതിഭ"കള്‍ക്കു അടിയിലൂടെയും മുകളിലൂടെയും വശങ്ങളിലൂടെയും അത് പ്രവഹിക്കുക തന്നെ ചെയ്യും.