സായിപ്പ് കണ്ട കേരളം അഥവാ ഐസക്കിനെ കണ്ട സായിപ്പ്

#

(31-10-17) : കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റില്‍ കേരളത്തെക്കുറിച്ച് ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.  കമ്മ്യൂണിസ്റ്റു കേരളത്തെക്കുറിച്ച് അന്തസ്സാരശൂന്യമായ ആ ഫീച്ചര്‍ എഴുതിയ ലേഖകരോട് ചിലത്ചോദിക്കാതിരിക്കാനാവില്ല.

എന്താണ് യഥാര്‍ത്ഥത്തില്‍ നിങ്ങൾ കേരളത്തില്‍ കണ്ട "കമ്മ്യൂണിസം"? ജനങ്ങള്‍ ജാഥകളിലും യോഗങ്ങളിലും പങ്കെടുക്കുന്നതാണോ? ഐഫോണില്‍ സംസാരിക്കുമ്പോള്‍ തോമസ് ഐസക് ആരെയോ "സഖാവ്" എന്ന് സംബോധന ചെയ്യുന്നതാണോ? ഐഫോണില്‍ ഐസക് ഫെയ്‌സ്ബുക് അപ്‌ഡേറ്റിംഗ് നടത്തുന്നു എന്നതാണോ?

ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സര്‍ക്കാര്‍ എത്ര തുക ചെലവാക്കുന്നു എന്ന് നിങ്ങൾ  അന്വേഷിച്ചോ? ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളില്‍ പണം ചെലവാക്കുന്നത് ആരാണെന്ന് ചോദിച്ചുവോ? രോഗചികിത്സയ്ക്ക് ഇന്ത്യയില്‍ ഏറ്റവും അധികം പണം സ്വന്തം പോക്കറ്റിൽ നിന്ന് ജനങ്ങൾ ചെലവാക്കേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറിയത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചോ? ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ മുതല്‍ മുടക്ക് കുറയുന്നതിന്റെ തോത് ഏറ്റവും കൂടുതൽ കേരളത്തിലാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചോ? മീസിൽസ് -റൂബെല്ല വാക്‌സിനേഷനോട് കേരളത്തില്‍ ഇപ്പോഴും എതിര്‍പ്പുയരുന്നതിന്റെ കാരണങ്ങള്‍ തിരക്കിയിരുന്നോ?

ഇതാണോ കമ്മ്യൂണിസം?

കാര്യമായ ഉല്പാദനവും കൃഷിയും തദ്ദേശീയമായ തൊഴിലുമില്ലാതെ ഈ സംസ്ഥാനത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ആരാണെന്ന് നിങ്ങൾ അന്വേഷിച്ചിരുന്നോ?മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ മുതലാളിത്തത്തിനും ക്രൂരമായ അസമത്വത്തിനും വിധേയരായി കൂലിപ്പണിയെടുത്തു മലയാളികൾ ഈ സംസ്ഥാനത്തെ ചെലവിന് കൊടുത്ത്  സംരക്ഷിക്കുന്നത്  എങ്ങനെ എന്ന് തിരക്കിയോ? മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പാവപ്പെട്ട തൊഴിലാളികള്‍ കുറഞ്ഞ കൂലിയ്ക്ക് കഠിനമായി ജോലി ചെയ്ത് ഇവിടുത്തെ "കമ്മ്യൂണിസ്റ്റുകാര്‍"ക്ക് വീടും ആഹാരവും സ്വത്തും മെട്രോയും മറ്റെല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതിനെക്കുറിച്ച് നിങ്ങൾ അറിയുമോ?

ഭൂപരിഷ്‌കരണം നടന്ന ഒരു നാട്ടില്‍ ഭൂമിയില്ലായ്മ രൂക്ഷമായ അസമത്വം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് നിങ്ങൾക്ക് ധാരണയുണ്ടോ ? കൃഷിഭൂമി ഊഹക്കച്ചവടത്തിന്റെ മൂലധനമായി മാറിയത് എങ്ങനെയെന്ന്  അറിയുമോ? ഒരിക്കല്‍ സാംക്രമിക രോഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായിരുന്ന സംസ്ഥാനം ഇന്ന് ഡെങ്കുവിന്റെ വിളനിലമായതെങ്ങനെയെന്ന് അറിയുമോ? പതഞ്ജലിയുടെ പരസ്യത്തില്‍ നിന്ന്  ഭിന്നമല്ലാത്ത, ജൈവകൃഷി എന്ന പേരിലുള്ള അശാസ്ത്രീയമായ അസംബന്ധത്തെക്കുറിച്ച് അറിയുമോ?

ഇതിനെ നിങ്ങള്‍ കമ്മ്യൂണിസമെന്ന് വിളിക്കുമോ?

മറ്റിടങ്ങളിലെ മുതലാളിത്തവും അസമത്വവും, കപടകമ്മ്യൂണിസത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു സംസ്ഥാനത്തെ തീറ്റിപ്പോറ്റുന്നതെങ്ങനെ എന്നതായിരുന്നു നിങ്ങളുടെ വിഷയമാകേണ്ടിയിരുന്നത്. മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പരസ്യ പ്രകടനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം വ്യാപകമായത് എങ്ങനെയെന്നായിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്. ഭൂമിതട്ടിപ്പുകാര്‍, കൊള്ളപ്പലിശക്കാര്‍ തുടങ്ങി കോടീശ്വരന്മാര്‍ ഉള്‍പ്പെടെയുള്ള തനി വലതുപക്ഷക്കാര്‍ സുരക്ഷിതമായ താവളമാണ് ഇടതുപക്ഷമെന്ന് കണ്ട് സ്വയം കമ്മ്യൂണിസ്റ്റുകാര്‍ എന്ന് വിളിക്കുന്ന സംസ്ഥാനമാണിത് എന്ന് നിങ്ങള്‍ക്കറിയാമോ?

വാഷിംഗ്‌ടൺ പോസ്റ്റുകാർ കംബോഡിയയിലും വിയറ്റ്നാമിലും ലാവോസിലും, ക്യൂബയിലും കാണാതെ പോയ ഒരു കാര്യമുണ്ട്. വിദേശമലയാളികൾ ഇങ്ങോട്ടയയ്ക്കുന്ന പണം സമ്പദ്ഘടനയുടെ മുപ്പതിലേറെ ശതമാനം വരും. ഇവർക്കൊക്കെ പണമുണ്ടാക്കാൻ അന്തം വിട്ട സാമ്പത്തിക ഉദാരവൽക്കരണം കൊണ്ടും കണ്ടതൊക്കെ പെറുക്കി വിറ്റും മാത്രമേ കഴിയൂ. പക്ഷെ നമുക്കാകട്ടെ നമ്മുടെ ഗൾഫ് മലയാളികൾ പണമയക്കുന്നിടത്തോളം കാലം അതിന്റെ ആവശ്യമുണ്ടാകില്ല. സായിപ്പ് അത് കണ്ടില്ല, അല്ലെങ്കിൽ കഥ നന്നാക്കാനായി കണ്ടില്ലെന്നു നടിച്ചു. ഒരു ലക്ഷത്തി അൻപതിനായിരം കോടി രൂപ എന്ന് പറഞ്ഞാൽ തമിഴ് നാട്ടിലെ മൊത്തം സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ  നിന്നുള്ള വരുമാനത്തേക്കാളും അൻപതിനായിരം കോടി കൂടുതലാണ്. റെമിറ്റൻസ്, സമ്പദ് വ്യവസ്ഥയുടെ സിംഹ ഭാഗമായ ശ്രീലങ്ക, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾക്കു പോലും, മൊത്തം ജിഡിപിയുടെ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് ഇത്തരം വരുമാനം. ഇന്ത്യയിൽ വരുന്ന റെമിറ്റൻസിന്റെ നാൽപതു ശതമാനവും മലയാളിയുടേതാണ്. അതാണ് നമ്മുടെ ശക്തി. അതൊന്നു നിൽക്കട്ടെ അപ്പോൾ കാണാം യഥാർത്ഥ കമ്മ്യൂണിസം.ഇനി വാഷിംഗ്‌ടൺ പോസ്റ്റുകാർ അറിയാനായി രണ്ടു കാര്യങ്ങൾ പ്രത്യേകിച്ച് എടുത്ത് പറയട്ടെ മറ്റു പലയിടങ്ങളിലും എന്ന പോലെ കേരളത്തിലും ഏറ്റവുമധികം തകർച്ച നേരിടുന്ന രണ്ടു മേഖലകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. നമ്മോടൊപ്പം ലോകം ആഘോഷിക്കുന്ന കേരള വികസന മാതൃകയുടെ പ്രധാന സൂചികകളെല്ലാം ഈ രംഗങ്ങളിൽ നിന്നാണ്.

കേരളത്തിലെ ആരോഗ്യ മേഖലയെ അസാധാരണമാക്കിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങിയ പുരോഗമനോന്മുഖമായ പൊതു നിക്ഷേപമായിരുന്നു. പിന്നീട് 1956 ലെ സംസ്ഥാന രൂപീകരണം മുതൽ 1986 വരെ ആരോഗ്യ മേഖലയിലെ നിക്ഷേപത്തിന്റെ വാർഷിക സംയുക്ത വളർച്ചാ നിരക്ക് കേരളത്തിന്റെ മൊത്തം ചിലവിന്റെയും, ജി.ഡി.പി യുടെയും സംയുക്ത വളർച്ചാ നിരക്കിനെക്കാളും കൂടുതലായിരുന്നു. മൊത്തം ആശുപത്രി കിടക്കകളുടെ എണ്ണം 1960 നും 1986 നും മദ്ധ്യേ മൂന്നു മടങ്ങു വർധിച്ചു. പക്ഷേ, പിന്നീടുള്ള പത്തു കൊല്ലം നിഷ്ക്രിയതയുടെ കാലവും - ഈ കാലയളവിൽ കിടക്കകളുടെ എണ്ണത്തിൽ അധികം വർദ്ധനവുണ്ടായില്ല. ഇവിടെയാണ് - 1990 കളിൽ -  നമ്മുടെ ആരോഗ്യരംഗത്തിന്റെ തകർച്ചയുടെ തുടക്കം. ഇത് തന്നെയാണ് നവലിബറലിസത്തിന്റെയും തുടക്കകാലം. 1990-2002 കാല ഘട്ടത്തിൽ കേരളത്തിലെ ആരോഗ്യ രംഗത്തെ സർക്കാർ നിക്ഷേപം 35 ശതമാനം കണ്ടു കുറഞ്ഞു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വീഴ്ചയായിരുന്നു.

ഇതേ കാലഘട്ടത്തിലാണ് സ്വകാര്യ മേഖല ആരോഗ്യ രംഗത്ത് പിടിമുറുക്കുന്നതും. സർക്കാർ നിക്ഷേപം കുറഞ്ഞപ്പോൾ, സ്വകാര്യ നിക്ഷേപം കുത്തനെ ഉയർന്നു; അതും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുകളിൽ. 1986 മുതൽ 1996 വരെ സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ നാല് ശതമാനം മാത്രം വർധിച്ചപ്പോൾ, സ്വകാര്യ ആശുപത്രികളിൽ അത് അമ്പതു ശതമാനമായിരുന്നു. വര്ഷങ്ങളായി കേരളം കെട്ടിപ്പടുത്ത ആരോഗ്യ സുരക്ഷ നമ്മുടെ ഭരണാധികാരികൾ കമ്പോളത്തിനു വിട്ടു കൊടുത്തു.

1980-കൾക്ക് ശേഷം പറയത്തക്ക അടിസ്ഥാന സൗകര്യ വികസനം (മൂലധന ചെലവ്) സർക്കാരുകൾ നടത്തിയിട്ടില്ല. ചിലവാക്കുന്ന പണമോ ഏറെക്കുറെ ശമ്പളത്തിന് മാത്രം തികയുന്ന അവസ്ഥ. മരുന്നിനു പോലും വകയില്ല. ചില കണക്കുകൾ പ്രകാരം ഇന്ന് 80 മുതൽ 90 ശതമാനം വരെ ആളുകൾ ആശ്രയിക്കുന്നത്  സ്വകാര്യ ആശുപത്രികളെയാണ്. പാവങ്ങൾക്ക് പോലും വേറെ മാർഗമില്ല.

ഈ മാറ്റത്തിനു കാരണം മാറി മാറി ഭരിച്ച സർക്കാരുകളുടെ നയങ്ങളും കൂട്ടുനിൽക്കലുമാണ്. ഇത് യു.ഡി.ഫ് സർക്കാരുകൾ മാത്രം വരുത്തി വച്ച വിനയല്ല, മറിച്ച് എൽ.ഡി.ഫ്/സി.പി.എം സർക്കാരുകളുടെയും ചെയ്തികളുടെ ഫലമാണ്. 1957 നു ശേഷം 1986 വരെയുള്ള ആരോഗ്യ മേഖലയുടെ സുവർണകാലത്തുസി.പി.എം മുഖ്യമന്ത്രിമാർ ഭരിച്ചത് രണ്ടു തവണ മാത്രമാണ്. അതും രണ്ടു തവണയായി 4 വർഷം. അതിനാൽ ഈ കാലഘട്ടത്തെ വികസനത്തിന്റെ കീർത്തി അവർക്കു മാത്രം അവകാശപ്പെട്ടതല്ല. അതെ സമയം 1986 -1996 തകർച്ചയുടെ കാലത്ത്, കോൺഗ്രസിനെപ്പോലെ (കരുണാകരൻ, ആന്റണി) സി.പി.എമ്മും (ഈ കെ നായനാർ) കേരളം ഭരിച്ചു. 1996 മുതൽ 2001 വരെയുള്ള ഏറ്റവും നിർണായകമായ കാലത്ത് നയനാരായിരുന്നു കേരള മുഖ്യമന്ത്രി. എന്നിട്ട് ഈ പാർട്ടി എന്ത് ചെയ്തു? യു.ഡി.ഫ്  നയങ്ങൾ  ജനവിരുദ്ധമാണെങ്കിൽ മാറ്റേണ്ടതല്ലേ? 1986 ശേഷം ഒരു ഇടത് സർക്കാരും കേരളത്തിന്റെ പൊതു ആരോഗ്യ മേഖലയിലെ തകർച്ചക്കും സ്വകാര്യ നിക്ഷേപത്തിന്റെ വളർച്ചക്കും എതിരെ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത.

ഇനി വിദ്യാഭ്യാസത്തിന്റെ കാര്യം നോക്കാം. 1957-ൽ  കേരള വിദ്യാഭ്യാസ ബില്ലിലൂടെ വിപ്ലവം കുറിച്ച ഇടതു സർക്കാർ ഇന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈ കൊട്ടിക്കളിക്കുകയാണ്. 1991-ൽ യുഡിഫ് പരിയാരം മെഡിക്കൽ കോളേജിൽ തുടങ്ങിയ സെല്ഫ് ഫിനാൻസിങ് കോളേജ് പ്രൊജക്റ്റ്, അന്ന് സമരം ചെയ്തും രക്തസാക്ഷികളെ ബലി കഴിച്ചും എതിർത്ത സി.പി.എം, അധികാരത്തിൽ  എത്തിയപ്പോൾ ചുവടു മാറ്റി. (പിന്നീട് അതെ കോളേജിൽ ഒരു സഖാവിന്റെ മകൾക്കു അസാന്മാർഗികമായി എൻ.ആർ.ഐ സീറ്റ് തരപ്പെടുത്താൻ ശ്രമിച്ചത് പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ ഉത്തമോദാഹരണം).

ഇടതുപക്ഷത്തിന്റെ കാലത്തും സ്വകാര്യം വളർന്നു പന്തലിച്ചു. 1996-2001 കാലഘട്ടത്തിൽ ഇടതു സർക്കാർ ചോദിച്ചവർക്കെല്ലാം പ്ലസ് ടു സ്കൂളുകൾ നിർലോഭം വാരി കൊടുത്തു. 2001-ൽ എ കെ ആന്റണി യുടെ കാലത്തു തുടങ്ങിയ എൻ.ഒ.സി പ്രളയം പിന്നീട് വന്ന അച്ചുതാനന്ദൻ സർക്കാർ നിയന്ത്രിച്ചതുമില്ല. അധികാരത്തിനു പുറത്താവുമ്പോൾ സമരം ചെയ്യുകയും, അധികാരം കിട്ടിക്കഴിഞ്ഞാൽ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പ് ഏറ്റവും വ്യക്തമായത് സെൽഫ്‌ ഫൈനാൻസിങ് കോളേജുകളുടെ കാര്യത്തിലാണ്. ഇന്ന് ധാരാളം ഇടതു നേതാക്കളുടെ മക്കൾ എഞ്ചിനീയറിംഗ് പഠിക്കുന്നത് നമ്മുടെ സംസ്കാരത്തിന് തന്നെ ശാപമായ ഇത്തരം കോളേജുകളിലാണ്.

ആരോഗ്യ രംഗത്തെപ്പോലെ അമ്പതുകളുടെ മദ്ധ്യം മുതൽ എൺപതുകൾ വരെ തിളങ്ങി നിന്ന വിദ്യാഭ്യാസ രംഗത്തും സർക്കാർ നിക്ഷേപം താഴോട്ട് തന്നെ. എട്ടാം പദ്ധതികാലത്തു 5.7 ശതമാനം ആയിരുന്ന മൂലധന ചെലവ് പതിനൊന്നാം പദ്ധതി ആയപ്പോഴേക്കും 2.1 ശതമാനമായി ചുരുങ്ങി.  പഴയകാല പ്രതാപികളായ സർക്കാർ സ്കൂളുകളും കോളേജുകളും അടച്ചു പൂട്ടലിന്റെയും ഗുണ്ടാ വിളയാട്ടിന്റെയും ഭീഷണിയിലും.

സർക്കാർ സ്വന്തം ജനക്ഷേമപരമായ കടമകളിൽ നിന്ന് മാറി നിൽക്കുകയും അത് കമ്പോളത്തിനു കൈമാറ്റം ചെയ്യുന്നതുമാണോ കമ്മൂണിസം? നവലിബറൽ പരിപാടികൾ ചുവന്ന കൊടിയിൽ പൊതിഞ്ഞാൽ കമ്മ്യൂണിസമായോ?

ഗള്‍ഫില്‍ വിമാനത്താവളങ്ങളിലെ കക്കൂസ് വൃത്തിയാക്കുന്നവരും മാലിന്യം വാരുന്നവരുമാണ് ഈ നാടിനെ നിലനിറുത്തുന്നത്. ആ മനുഷ്യര്‍, പതയുന്ന ധാര്‍മ്മികരോഷം ഉള്ളിലൊതുക്കി അന്യനാടുകളില്‍ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ് ഐസക്കിനെ പോലെയുള്ളവര്‍ക്ക് തങ്ങളുടെ കപട കമ്മ്യൂണിസത്തില്‍ അഭിരമിക്കാന്‍ കഴിയുന്നത്.

വിവേചനശേഷിയാണ് നല്ല മാധ്യമ പ്രവർത്തകരിൽനിന്നു പ്രതീക്ഷിക്കുന്നത്. വാഷിംഗ്ടൺ പോസ്റ്റിന്റെ ലേഖകർ കണ്ണ് തുറന്ന് ചുറ്റും നടക്കുന്നത് കാണാൻ ശ്രമിക്കുകയോ വസ്തുതകളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ അന്വേഷിക്കുകയോ ചെയ്യുന്നതിന് പകരം ആരോ കാണിച്ചുകൊടുത്ത, തോമസ് ഐസക്ക് സൃഷ്ടിച്ച "കമ്മ്യൂണിസ്റ്റ് കേരളത്തെ" പകർത്തി വയ്ക്കാൻ ശ്രമിക്കുക വഴി ആനവങ്കത്തരങ്ങൾ എഴുന്നള്ളിക്കുകയാണ് ചെയ്യുന്നത്.

ഒന്നുമില്ലായ്മയിൽ നിന്നും, സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുടെ ഉപജാപങ്ങൾക്കെതിരെ പോരാടി മനുഷ്യവികസനത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച നാടാണ് ക്യൂബ. ആ ക്യൂബയിൽ കാണാത്ത കമ്മൂണിസം കേരളത്തിൽ കണ്ട വാഷിംഗ്‌ടൺ പോസ്റ്റുകാരെ നമിക്കേണ്ടത് തന്നെ.